Kerala
പള്‍സര്‍ സുനിക്ക് മൊബൈല്‍ സിം കാര്‍ഡ് ലഭ്യമാക്കിയ കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍

കോട്ടയം: പ്രമുഖ നടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ വ്യാജ രേഖകളുപയോഗിച്ച് പള്‍സര്‍ സുനിക്ക് മൊബൈല്‍ സിം കാര്‍ഡ് ലഭ്യമാക്കിയ കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. പള്‍സര്‍ സുനിയുടെ സുഹൃത്ത് ഷൈനി തോമസ്, പാലാ സ്വദേശി മോന്‍സി സ്‌കറിയ എന്നിവരാണ് അറസ്റ്റിലായത്. സംഭവവുമായി ബന്ധമുണ്ടെന്ന് പോലീസ് സംശയിക്കുന്ന കോട്ടയം സ്വദേശി മാര്‍ട്ടിന്‍ കസ്റ്റഡിയിലായതായും സൂചനയുണ്ട്.
ആറു മാസം മുമ്പ് റിയല്‍ എസ്റ്റേറ്റ് ബിസനിസുമായി ബന്ധപ്പെട്ട് എടുത്ത സിം കാര്‍ഡ് ഷൈനി സുനിക്ക് കൈമാറുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. തിരുനക്കരയിലെ സ്വകാര്യ ആശുപത്രിക്ക് സമീപം സ്റ്റെല്ല പ്ലേസ്‌മെന്റ് എന്ന ജോബ് കണ്‍സള്‍ട്ടന്‍സി സ്ഥാപനം നടത്തുന്ന മാര്‍ട്ടിന്‍, സുഹൃത്ത് മോന്‍സിയുടെ സഹായത്തോടെ വ്യാജ രേഖകളുപയോഗിച്ച് സിം കാര്‍ഡ് എടുക്കുകയായിരുന്നു. സ്ഥാപനത്തില്‍ ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്ക് എത്തിയ കാഞ്ഞിരം സ്വദേശി ദീപക് സക്‌സേനയുടെ ആധാര്‍ കാര്‍ഡിന്റെ കോപ്പിയും ഇയാളോട് സാമ്യമുള്ള മറ്റൊരാളുടെ ഫോട്ടോയും ഉപയോഗിച്ച് തിരുനക്കര ബസ് സ്റ്റാന്‍ഡിലെ മൊബൈല്‍ ഷോപ്പില്‍ നിന്നാണ് ഇയാള്‍ സിം കാര്‍ഡ് സംഘടിപ്പിച്ചത്. എറണാകുളം സ്വദേശികളുമായി മാര്‍ട്ടിന് റിയല്‍ എസ്റ്റേറ്റ് ബിസിനസ് ഉണ്ടായിരുന്നു. എന്നാല്‍ ഇവര്‍ വില്‍ക്കാന്‍ നോക്കിയ വസ്തുവില്‍ മറ്റൊരു വന്‍കിട ബിസിനസ് ഗ്രൂപ്പ് ഇടപെട്ടതോടെയാണ് മാര്‍ട്ടിന്‍ മോന്‍സിയുടെ സഹായം തേടിയത്. മോന്‍സി വഴി ഷൈനിയെ പരിചയപ്പെട്ട മാര്‍ട്ടിന്‍ സിം കാര്‍ഡ് നല്‍കുകയും ബിസിനസ് ഗ്രൂപ്പിനെ ഒഴിവാക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഷൈനിയുടെ ഇടപെടലിലൂടെ ബിസിനസ് ഗ്രൂപ്പ് പിന്‍മാറി. എന്നാല്‍ തങ്ങളുടെ ആവശ്യത്തിന് ശേഷം സിംകാര്‍ഡ് തിരിച്ചുവാങ്ങിയിരുന്നില്ല. ഒന്നരമാസം മുന്‍പ് ഇതേ സിം സുനില്‍ ഷൈനിയില്‍ നിന്ന് സ്വന്തമാക്കുകയും നടിയെ തട്ടിക്കൊണ്ടു പോകാനടക്കമുള്ള ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുകയുമായിരുന്നു.