പീഡന ആരോപണം; കാസര്‍കോട് എ ആര്‍ ക്യാമ്പ് പോലീസുകാരനെ പാലക്കാട്ടേക്ക് സ്ഥലം മാറ്റി

Posted on: March 18, 2017 6:59 am | Last updated: March 17, 2017 at 11:01 pm

കാസര്‍കോട്: എ ആര്‍ ക്യാമ്പിലെ ക്വാട്ടേഴ്‌സില്‍ പത്ത് വയസുകാരിയെ ഡോഗ് സ്‌ക്വാഡിന് നേതൃത്വം നല്‍കുന്ന പോലീസുകാരന്‍ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചതായുള്ള ആരോപണം പുകയുന്നു. സംഭവം മറച്ചുവെച്ച് പ്രശ്‌നം ഒതുക്കിയെങ്കിലും വിവരം പോലീസ് സേനക്കകത്തുനിന്ന് ചോര്‍ന്നതോടെ ജില്ലാ പോലീസ് നേതൃത്വം പുലിവാല്‍ പിടിച്ചിരിക്കുകയാണ്. ആരോപണ വിധേയനായ പോലീസുകാരനെ പാലക്കാട്ടേക്ക് സ്ഥലംമാറ്റിയിട്ടുണ്ട്. ജില്ലാ പോലീസ് മേധാവിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ രഹസ്യമായാണ് നടപടി സ്വീകരിച്ചത്. എന്നാല്‍ പോലീസിനകത്തുനിന്നു തന്നെ ഇക്കാര്യം പുറത്തായതോടെ പ്രശ്‌നം ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചുവെന്ന പേരുദോഷമാണ് ജില്ലാ പോലീസ് മേധാവിക്ക് നേരിടേണ്ടി വന്നിരിക്കുന്നത്.

ഒരു പോലീസുദ്യോഗസ്ഥന്റെ പത്ത് വയസുകാരിയായ മകളെയാണ് ഡോഗ് സ്‌ക്വാഡിന്റെ ചുമതലയുള്ള പോലീസുകാരന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്നാണ് ആരോപണം. സംഭവം പോലീസ് സേനക്ക് നാണക്കേടുണ്ടാക്കുമെന്ന് കരുതി ഒതുക്കുകയായിരുന്നു. കുട്ടികള്‍ അടക്കമുള്ളവരെ സംരക്ഷിക്കാന്‍ ബാധ്യതപ്പെട്ട നിയമപാലകര്‍ തന്നെ കുട്ടികളെ പീഡിപ്പിക്കുന്നുവെന്ന പ്രചാരണം കാസര്‍കോട്ടെ പോലീസിന് വലിയ കളങ്കം വരുത്തിവെക്കുമെന്ന ആശങ്കയില്‍ ഇക്കാര്യം പുറം ലോകമറിയാതിരിക്കാന്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരും ജാഗ്രത കാണിക്കുകയായിരുന്നു. ഡോഗ് സ്‌ക്വാഡില്‍ പകരം ആരെയും നിയമിക്കാതെയാണ് ആരോപണവിധേയനായ പോലീസുകാരനെ സ്ഥലംമാറ്റം നടത്തിയത്.
കുട്ടികള്‍ക്കെതിരെയുള്ള പീഡനത്തിന് പോക്‌സോ അടക്കം ചുമത്തേണ്ട സംഭവത്തില്‍ കേസ് ആരുമറിയാതെ ഒഴിവാക്കിയത് പോലീസിനകത്ത് കടുത്ത അമര്‍ഷത്തിന് കാരണമായിട്ടുണ്ട്. ക്വാര്‍ട്ടേഴ്‌സില്‍ മറ്റുകുട്ടികളോടൊപ്പം കളിക്കാനെത്തിയ പെണ്‍കുട്ടിയെ പോലീസുകാരന്‍ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. കുട്ടി കരഞ്ഞുകൊണ്ട് വീട്ടില്‍ പോയി മാതാവിനോട് സംഭവം അറിയിക്കുകയും ചെയ്തു. പീഡനശ്രമം കുട്ടിയുടെ പിതാവായ പോലീസുദ്യോഗസ്ഥനും അറിഞ്ഞു. എന്നാല്‍ ജില്ലാ പോലീസ് ആസ്ഥാനത്തുള്ളവര്‍ സംഭവം രഹസ്യമാക്കി വെക്കാന്‍ നിര്‍ദേശിക്കുകയാണുണ്ടായത്. അതേസമയം സംഭവം പുറത്തുവിട്ടാല്‍ കുടുംബത്തോടൊപ്പം താന്‍ ആത്മഹത്യ ചെയ്യുമെന്ന് പോലീസുകാരന്‍ ഭീഷണിമുഴക്കിയതാണ് ഉന്നത പോലീസ് അധികാരികളെ സമര്‍ദത്തിലാക്കിയതെന്നും അറിയുന്നു.