Connect with us

Gulf

വുഡ് ലം പാര്‍ക് മേഖലയിലെ ആദ്യ സമ്പൂര്‍ണ സൗരോര്‍ജ സ്‌കൂള്‍

Published

|

Last Updated

സ്‌കൂള്‍ അധികൃതര്‍ ശൈഖ് ഡോ. മാജിദ് അല്‍ നുഐമിയുടെ സാന്നിധ്യത്തില്‍ വാര്‍ത്താസമ്മേളനത്തില്‍

അജ്മാന്‍: സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാലയമാവാന്‍ അജ്മാനിലെ വുഡ് ലം പാര്‍ക് തയ്യാറെടുക്കുന്നു.യു എ ഇ ഗവണ്‍മന്റിന്റെ ഗോ ഗ്രീന്‍ പദ്ധതിയുടെ ഭാഗമായാണിത്. 45 ലക്ഷം ദിര്‍ഹം ചെലവിലാണ് വൈദ്യുതീകരണം. 25 വര്‍ഷം ഉപയോഗയോഗ്യമായിരിക്കും. നിരവധി സൗരോര്‍ജ പാനലുകളാണ് മുകളില്‍ ഘടിപ്പിക്കുന്നത്. താപനില കുറഞ്ഞ സമയത്ത് പോലും പ്രവര്‍ത്തിക്കും.

പരിപൂര്‍ണമായും സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുക, മറ്റൊരുതരത്തിലുള്ള ഊര്‍ജവും ഉപയോഗിക്കാതിരിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് സി ഇ ഒ ഡോ. അബ്ദുസ്സലാം മുഹമ്മദ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ആധുനിക സാങ്കേതിക വിദ്യകളെ വിദ്യാര്‍ഥികളിലേക്ക് എത്തിക്കുന്നതോടൊപ്പം വിദ്യാര്‍ഥികളില്‍ സാങ്കേതിക മനോഭാവം വളര്‍ത്തുകയുമാണ് വുഡ് ലം പാര്‍ക് സ്‌കൂള്‍ ഇതിലൂടെ ലക്ഷ്യമിടുന്നത്. മധ്യ പൗരസ്ത്യ മേഖലയിലെ ആദ്യത്തെ സമ്പൂര്‍ണ സൗരോര്‍ജ വിദ്യാലയമായി വുഡ് ലംപാര്‍ക് മാറും.
ലോകത്ത് അനുദിനം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു ജലം, കല്‍ക്കരി, എണ്ണ തുടങ്ങിയ ഭൂ സ്വത്തുകളുടെ ഇല്ലായ്മ പരിഹാരമാവുന്നതോടൊപ്പം സ്വയം പര്യാപ്തയും സാമ്പത്തികമായി നൂറു ശതമാനം ലാഭകരമാവും എന്നതാണ് ഇതിന്റെ വലിയ പ്രത്യേകത. സോളാര്‍ ടെക്‌നോജിയില്‍ ഏറ്റവും നൂതനമായ മോണോ കൃസ്റ്റ് ലൈന്‍ ലോ ലൈറ്റ് പാനല്‍ ആണ് ഉപയോഗിക്കുന്നത് ഗള്‍ഫ് കാലാവസ്ഥക്ക് ഏറ്റവും അനുയോജ്യമായ പാനലാണിത്. ജര്‍മന്‍ കമ്പനിയായ സോളാര്‍ വേള്‍ഡും ഇന്ത്യന്‍ കമ്പനിയായ ഹോട്ട് പോയന്റ് ഗ്രീന്‍ എനര്‍ജി സൊലൂഷനുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നതെന്നും അറ്റകുറ്റപ്പണിയുടെ ആവശ്യം വരില്ലെന്നും ഡോ. അബ്ദുസ്സലാം പറഞ്ഞു. ഈ വിദ്യാലയ വര്‍ഷം സ്‌കൂളിന്റെ ഉദ്ഘാടനം നടക്കും.
രക്ഷാധികാരി ശൈഖ് ഡോ. മാജിദ് അല്‍ നുഐമി, നൗഫല്‍ അഹ്മദ്, അബ്ദുല്‍ ഗഫൂര്‍ തയ്യില്‍, ഡോ. പി വി മജീദ്, ആര്‍ അനീഷ്, അസ്മല്‍ അഹ്മദ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

 

Latest