ചുങ്കത്തറ മാര്‍ത്തോമ കോളജില്‍ അധ്യാപകന്‍ മോശമായി പെരുമാറിയതായി ആക്ഷേപം

Posted on: March 17, 2017 3:29 pm | Last updated: March 17, 2017 at 3:29 pm

നിലമ്പൂര്‍: വിദ്യാര്‍ഥിനികളോട് അധ്യാപകന്‍ മോശമായി പെരുമാറിയെന്ന്. ചുങ്കത്തറ മാര്‍ത്തോമ കോളജില്‍ വിദ്യാര്‍ഥിനികള്‍ പ്രിന്‍സിപ്പാളിനെ ഉപരോധിച്ചു.
ബോട്ടണി ഡിപ്പാര്‍ട്ടമെന്റിലെ അധ്യാപകനെതിരെയാണ് പരാതിയുമായി 19 വിദ്യാര്‍ഥികള്‍ രംഗത്തെത്തിയത്. അധ്യാപകനെ സസ്‌പെന്റ് ചെയ്തതിനെ തുടര്‍ന്നാണ് ഇവര്‍ സമരമവസാനിപ്പിക്കാന്‍ തയ്യാറായത്.
അധ്യാപകന്റെ മോശം പെരുമാറ്റം സംബന്ധിച്ച വിദ്യാര്‍ഥിനികള്‍ നേരത്തെ തന്നെ പ്രിന്‍സിപ്പാളടക്കമുള്ളവര്‍ക്ക് പരാതി നല്‍കിയിരുന്നു. വാട്‌സ് ആപ്പില്‍ അശ്ലീല സന്ദേശളയക്കുക, ശരീര ഭാഗങ്ങളില്‍ സ്പര്‍ശിക്കുക തുടങ്ങി ഗുരുതര ആരോപണങ്ങളാണുന്നയിച്ചിരുന്നത്. പരാതി നല്‍കിയത് തങ്ങളുടെ ഇന്റേണല്‍ മാര്‍ക്കിനെ ബാധിക്കുമെന്ന ഭയവും വിദ്യാര്‍ഥിനികള്‍ നല്‍കിയ പരാതിയിലുണ്ടായിരുന്നു.

എന്നാല്‍ ദിവസങ്ങള്‍ പിന്നിട്ടിട്ടും പരാതിയില്‍ നടപടി സ്വീകരിക്കാന്‍ പ്രിന്‍സിപ്പാള്‍ തയ്യാറാവാത്തത് മൂലമാണ് വിദ്യാര്‍ഥികള്‍ പ്രിന്‍സിപ്പാളിന്റെ ഓഫീസിനു മുമ്പില്‍ കുത്തിയിരിപ്പ് സമരം നടത്തിയത്.
പ്രശ്‌നം അറിഞ്ഞു രക്ഷിതാകള്‍, വിവിധ വിദ്യാര്‍ഥി പ്രവര്‍ത്തകര്‍ എന്നിവരെല്ലാം എത്തി മാനേജ്‌മെന്റുമായി ചര്‍ച്ച നടത്തി. ചര്‍ച്ചയെ തുടര്‍ന്ന് ആരോപണ വിധേയമായ അധ്യാപകനെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തതായുള്ള മാനേജ്‌മെന്റ് അംഗീകരിച്ച സര്‍ക്കുലര്‍ നല്‍കി.
ഈ സര്‍ക്കുലര്‍ വിദ്യാര്‍ഥികളെ കാണിച്ചു ബോധ്യപെട്ടതിനു ശേഷം വിദ്യാര്‍ഥികള്‍ സമരം അവസാനിപ്പിച്ചു. അധ്യാപകനെ സസ്‌പെന്റ് ചെയ്തുള്ള രേഖമൂലമുള്ള ഉറപ്പ് മാനേജ്‌മെന്റ് നല്‍കിയിട്ടുണ്ടെന്നും അന്വേഷണ കമ്മീഷനെ വെച്ച് അന്വേഷണ നടത്തി അധ്യാപകനെ കോളജില്‍ നിന്നും പുറത്താക്കണമെന്നും ഈ പ്രശ്‌നം ലഘുകരിക്കാനാണ് മാനേജ്‌മെന്റ് ശ്രമിക്കുന്നതെങ്കില്‍ വരും ദിവസങ്ങളില്‍ കടുത്ത സമര പരിപാടികളുമായി മുന്നോട്ടുവരുമെന്ന് വി എസ് ജോയി പറഞ്ഞു. അധ്യാപകനെ അടിയന്തിരമായി കോളജില്‍ നിന്നും പുറത്താക്കാനുള്ള നടപടി അധികാരികള്‍ സ്വീകരിക്കണമെന്നും ഇല്ലെങ്കില്‍ സമരം എസ് എഫ് ഐ ഏറ്റെടുക്കുമെന്നും അധ്യാപകനെ പുറത്താക്കുന്നതുവരെ സമരപരിപാടികള്‍ക്ക് നേതൃത്വം നല്‍ക്കുമെന്നും എസ് എഫ് ഐ ജില്ലാ സെക്രട്ടറി ടി ഷബീര്‍ പറഞ്ഞു.
മാനേജ്‌മെന്റ് നടപടി വിദ്യാര്‍ഥികള്‍ക്ക് അനുകൂലമല്ലെങ്കില്‍ വിദ്യാര്‍ഥികളുടെ ഭാഗത്തു നിന്നുള്ള സമരപരിപാടികള്‍ക്ക് എല്ലാ വിധ പിന്തുണയും നല്‍ക്കുമെന്ന് യൂത്ത് ലീഗ് ഭാരവാഹി സി എച്ച് അബ്ദുള്‍ കരീം പറഞ്ഞു.