ഖത്വീഫില്‍ വീണ്ടും പോലീസുകാരന്‍ വെടിയേറ്റ് മരിച്ചു

Posted on: March 17, 2017 2:58 pm | Last updated: March 17, 2017 at 2:44 pm

ദമ്മാം: സഊദിയിലെ കിഴക്കന്‍ പ്രവിശ്യയിലെ ഖത്വീഫില്‍ വീണ്ടും സുരക്ഷാഭടന്‍ വെടിയേറ്റു മരിച്ചു. ഈ ആഴ്ചയിലെ രണ്ടാമത്തെ സമാന സംഭവമാണിത്. സ്വന്തം വാഹനത്തില്‍ സഞ്ചരിക്കുന്നതിനിടെ കഴിഞ്ഞ മാര്‍ച്ച് ഏഴിനാണ് മറ്റൊരു പോലീസുകാരന്‍ ഇതേ രീതിയില്‍ കൊല്ലപ്പെട്ടത്. രാത്രി 7:30 ഓടെ ഔദ്യോഗിക കൃത്യ നിര്‍വ്വഹണത്തിന്റെ ഭാഗമായുള്ള പട്രോളിംഗിനിടയിലാണ് സംഭവം. ഫഹദ് ഖൈദ് അല്‍ റുവൈലിയാണ് കൊല്ലപ്പെട്ട പോലീസുകാരന്‍.

സംശയസ്പദമായി കാണപ്പെട്ട വാഹനത്തെ പിന്തുടരുന്നതിനിടയില്‍ ഖത്വീഫ് സെന്‍ട്രല്‍ ഹോസ്പിറ്റലിനു സമീപം അക്രമി വെടിയുതിര്‍ക്കുകയായിരുന്നെന്ന് അഭ്യന്തര മന്ത്രാലയത്തെ ഉദ്ധരിച്ച് സഊദി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. മോഷ്ടിക്കപ്പെട്ട വാഹനത്തില്‍ നാടന്‍ കൈബോംബും കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. തീവ്രവാദികളെന്ന് സംശയിക്കപ്പെടുന്ന ഇത്തരം സംഘങ്ങളുമായി ഖത്വീഫിലെ അവാമിയയില്‍ രണ്ട് ദിവസം മുമ്പ് ഏറ്റുമുട്ടല്‍ നടന്നിരുന്നു. 2014 നു ശേഷം ഭീകരരാല്‍ വെടിയേറ്റു മരിക്കുന്ന പത്താമത്തെ പോലീസ് ഉദ്യോസസ്ഥനാണ് ഫഹദ് റുവൈലി.