ഇസ്‌ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്‍ നിരോധനത്തിന് സ്റ്റേ ഇല്ല

Posted on: March 17, 2017 11:46 am | Last updated: March 17, 2017 at 11:46 am

ന്യൂഡല്‍ഹി: സലഫി പശ്ചാത്തലമുള്ള മതപ്രചാരകന്‍ സാക്കിര്‍ നായിക്കിന്റെ ഇസ്‌ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്‍ (ഐ ആര്‍ എഫ്) നിരോധിച്ച നടപടി ശരിവെച്ച് ഡല്‍ഹി ഹൈക്കോടതി. സര്‍ക്കാറിന്റെ തീരുമാനം ദേശീയ സുരക്ഷയുടെ ഭാഗമാണെന്ന് കോടതി വ്യക്തമാക്കി. നിരോധനം സ്റ്റേ ചെയ്യണമെന്ന ഐ ആര്‍ എഫിന്റെ ആവശ്യത്തില്‍ കഴമ്പില്ലെന്നും തീരുമാനത്തില്‍ നിയമവിരുദ്ധമായി ഒന്നുമില്ലെന്നും ബഞ്ച് വ്യക്തമാക്കി.

നിരോധനത്തിന്റെ പശ്ചാത്തലം സര്‍ക്കാര്‍ രേഖമൂലം സമര്‍പ്പിച്ചിട്ടുണ്ട്. സംഘടന തിടുക്കത്തില്‍ നിരോധിക്കേണ്ടത് തന്നെയായിരുന്നുവെന്ന് ഇവ പരിശോധിച്ചപ്പോള്‍ വ്യക്തമായെന്ന് ബഞ്ച് നിരീക്ഷിച്ചു. സാക്കിര്‍ നായിക്കിന്റെ പ്രഭാഷണങ്ങള്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രചോദനമായെന്ന ആരോപണത്തെ തുടര്‍ന്ന്, 2016 നവംബര്‍ 17നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഐ ആര്‍ എഫിന്റെ പ്രവര്‍ത്തനം നിരോധിച്ചത്. യു എ പി എയിലെ വകുപ്പുകള്‍ ഉപയോഗിച്ചായിരുന്നു നിരോധനം.