മലപ്പുറത്ത് മോഷ്ടാക്കളെന്നാരോപിച്ച് യുവാക്കള്‍ക്ക് ക്രൂരമര്‍ദനം

Posted on: March 17, 2017 11:35 am | Last updated: March 17, 2017 at 10:46 am
സദാചാര പോലീസ് ആക്രമണത്തില്‍ പരുക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന യുവാക്കള്‍

മഞ്ചേരി: മോഷ്ടാക്കളെന്നാരോപിച്ച് യുവാക്കള്‍ക്ക് ക്രൂരമര്‍ദനം. രണ്ട് പേര്‍ക്ക് പരുക്ക്. മുക്കത്ത് മലയോര മേഖലയില്‍ കഴിഞ്ഞ ഒരു മാസത്തിനിടെ നടന്ന നിരവധി മോഷണങ്ങളും മോഷണശ്രമങ്ങള്‍ക്കുമെതിരെ നാട്ടുകാര്‍ വിവിധ പ്രദേശങ്ങളില്‍ സ്‌ക്വാഡുകള്‍ രൂപവത്കരിച്ച് പ്രവര്‍ത്തിച്ച് വരുന്നതിനിടെ അസമയത്ത് വാഹനത്തിലെത്തിയ രണ്ട് പേര്‍ക്ക് സദാചാര ഗുണ്ടാ അക്രമത്തില്‍ ഗുരുതര പരുക്ക്. മലപ്പുറം എടവണ്ണപ്പാറ എടശേരിക്കടവിലുള്ള മുബഷിര്‍, സൈഫുദീന്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്. ബുധനാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. ഇവര്‍ സഞ്ചരിച്ച മാരുതി ആള്‍ടോ 800 കാറിന്റെ നമ്പര്‍ മോഷ്ടാക്കളുടെ വാഹന നമ്പറാണെന്ന് പറഞ്ഞ് കാറിന്റെ ഫോട്ടോയും നമ്പറും രാത്രിയോടെ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയായിരുന്നു. നിമിഷ നേരം കൊണ്ട് കാറിന്റെ നമ്പര്‍ വ്യാപകമായി പ്രചരിച്ചതോടെ നാട്ടുകാര്‍ കാറ് തപ്പി റോഡിലിറങ്ങി.

ഇതിനിടെ വിവരമറിഞ്ഞ യുവാക്കള്‍ ഇത് ചോദ്യം ചെയ്യാനായി എത്തിയതും ഒരു കൂട്ടമാളുകള്‍ ഇവരുടെ മേല്‍ ചാടി വീഴുകയായിരുന്നു. കള്ളനെ അരീക്കോട് സ്റ്റേഷന്‍ പരിധിയില്‍ പെട്ട കല്ലായിയില്‍ പിടികൂടിയെന്ന പ്രചരണം ശക്തമായതോടെ ആളുകള്‍ ഒഴുകിയെത്തി. വന്നവരെല്ലാം പെരുമാറാന്‍ തുടങ്ങിയതോടെ യുവാക്കള്‍ക്ക് പിന്നെ പൊടിപൂരമായിരുന്നു. നേരത്തെ പെരുമ്പാവൂര്‍ മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ മലയോര മേഖലയിലേതാണെന്ന് പറഞ്ഞ് വ്യാപകമായി പ്രചരിച്ചിരുന്നു. ഈ ചിത്രത്തിലെ ഒരാളുമായി യുവാക്കളിലൊരാള്‍ക്ക് മുഖ സാദൃശ്യമുണ്ടായതും പ്രകോപനത്തിന് കാരണമായി. സ്ഥലത്തെത്തിയ അരീക്കോട് പോലീസിന് പോലും ഇവരെ നാട്ടുകാര്‍ വിട്ടു നല്‍കിയില്ല. യുവാക്കളെ രക്ഷിക്കുന്നതിനിടെ രണ്ട് പോലീസുകാര്‍ക്കും പരുക്കുണ്ട്. അരീക്കോട് അഡിഷനല്‍ എസ് ഐ. സുബ്രഹ്മണ്യനും, സിവില്‍ പോലീസ് ഓഫീസര്‍ ഷിനോജിനുമാണ് പരുക്കേറ്റത്. മുക്കം പോലീസെത്തിയാണ് ഇവരെ ആശുപത്രിയിലാക്കിയത്. ഗുരുതരമായി പരുക്കേറ്റ യുവാക്കള്‍ മുക്കം കെ എം സി ടി മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. ഇവര്‍ സഞ്ചരിച്ച കാറും അക്രമികള്‍ തകര്‍ത്തിട്ടുണ്ട്‌