കോണ്‍ഗ്രസില്‍ പുനര്‍വിചിന്തനം വേണം

Posted on: March 17, 2017 6:30 am | Last updated: March 16, 2017 at 11:03 pm

ഉത്തര്‍പ്രദേശിലെയും ഉത്തരാഖണ്ഡിലെയും ദയനീയ തോല്‍വിക്ക് പുറമെ ഗോവയിലും മണിപ്പൂരിലും ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ഉയര്‍ന്നിട്ടും മന്ത്രിസഭ രൂപവത്കരിക്കാന്‍ സാധിക്കാതിരുന്നത് കോണ്‍ഗ്രസില്‍ പൊട്ടലും ചീറ്റലും സൃഷ്ടിച്ചിരിക്കുകയാണ്. ഗോവയിലെ 40 മണ്ഡലങ്ങളില്‍ 17 സീറ്റില്‍ ജയിച്ച കോണ്‍ഗ്രസിനെ അരുക്കാക്കി 13 സീറ്റ് നേടിയ ബി ജെ പിക്ക് അധികാരത്തിലേറാനായത് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പിടിപ്പ് കേട് കൊണ്ടാണെന്ന് പാര്‍ട്ടി എം എല്‍ എമാര്‍ കുറ്റപ്പെടുത്തുന്നു. സര്‍ക്കാര്‍ രൂപവത്കരിക്കുന്നതിനോട് ഡല്‍ഹിയില്‍ നിന്ന് വന്ന നേതാക്കള്‍ക്ക് അശ്ശേഷം താത്പര്യമുണ്ടായിരുന്നില്ലെന്ന വിശ്വജിത്ത് റാണെ എം എല്‍എയുടെ ആരോപണം ഇക്കാര്യത്തില്‍ എം എല്‍ എമാര്‍ക്കുള്ള കടുത്ത അതൃപ്തി വ്യക്തമാക്കുന്നുണ്ട്. ഫലം പുറത്തുവന്ന ഉടനെ ബി ജെ പി നേതൃത്വം ഉണര്‍ന്നു പ്രവര്‍ത്തിക്കുകയും പ്രാദേശിക കക്ഷികളെ വലവീശിപ്പിടിക്കുകയും ചെയ്തപ്പോള്‍ കോണ്‍ഗ്രസ് നേതൃത്വം ഉറക്കത്തിലായിരുന്നു. പാര്‍ലിമെന്ററി പാര്‍ട്ടി നേതാവിനെ തിരഞ്ഞടുക്കുന്നതില്‍ പോലും കാലതാമസം നേരിട്ടു. നേതൃത്വത്തിന്റെ പിടിപ്പുകേടില്‍ പ്രതിഷേധിച്ചു റാണെ ഇന്നലെ ഗോവ നിയമസഭയില്‍ നടന്ന വിശ്വാസവോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുകയുമുണ്ടായി.

ഗോവന്‍ ഫോര്‍വേഡ് പാര്‍ട്ടിയാണ് സര്‍ക്കാര്‍ രൂപവത്കരണത്തിന് ബി ജെ പിയെ പിന്തുണച്ച ഒരു പ്രാദേശിക കക്ഷി. വര്‍ഗീയ ഫാസിസ്റ്റ് നയങ്ങളോട് വിയോജിപ്പുള്ള ഈ കക്ഷി പ്രചാരണ വേദികളില്‍ മുഖ്യശത്രുവായി അവതരിപ്പിച്ചത് ബി ജെ പിയെയായിരുന്നു. എന്നിട്ടും പാര്‍ട്ടി എം എല്‍ എമാര്‍ ബി ജെ പിയെ സര്‍ക്കാറുണ്ടാക്കാന്‍ സഹായിച്ചതില്‍ പ്രതിഷേധിച്ചു സംസ്ഥാന അധ്യക്ഷന്‍ പ്രഭാകര്‍ ടിംപ്ള്‍ രാജിവെച്ചത് പാര്‍ട്ടിയുടെ വിര്‍ഗീയവിരുദ്ധ നയം വ്യക്തമാക്കുന്നതാണ്. ഈ സാഹചര്യത്തില്‍ പാര്‍ട്ടി നേതൃത്വം യഥാസമയം സമീപിച്ചിരുന്നെങ്കില്‍ കോണ്‍ഗ്രസ് സര്‍ക്കാറുണ്ടാക്കാന്‍ ഗോവന്‍ ഫോര്‍വേഡ് പാര്‍ട്ടി പിന്തുണ ലഭിക്കുമായിരുന്നുവെന്നാണ് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പക്ഷം. മൂന്ന് അംഗങ്ങളാണ് ഗോവന്‍ ഫോര്‍വേഡ് പാര്‍ട്ടിക്കുള്ളത്. ഇവര്‍ക്കെല്ലാം മന്ത്രിസ്ഥാനം നല്‍കിയാണ് ബി ജെ പി പാട്ടിലാക്കിയത്. കേവല ഭൂരിപക്ഷത്തിന് പുറത്ത് നിന്ന് എട്ട് പേരുടെ പിന്തുണ വേണ്ടിയിരുന്ന ബി ജെ പി പിന്‍വാതില്‍ കളികളിലൂടെ അത് നേടിയെടുത്തപ്പോള്‍ നാല് പേരുടെ മാത്രം പിന്തുണ വേണ്ടിയിരുന്ന കോണ്‍ഗ്രസിന് അത് സാധിക്കാതെ പോയത് നേതൃത്വത്തിന്റെ പിടിപ്പു കേടായി രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നുണ്ട്.

മണിപ്പൂരില്‍ 60 അംഗ മണിപ്പൂര്‍ നിയമസഭയില്‍ 28 അംഗങ്ങളുള്ള കോണ്‍ഗ്രിനെ അപ്രസക്തമാക്കി 21 പേരുള്ള ബി ജെ പി അധികാരം പിടിച്ചെടുത്തതും പാര്‍ട്ടിക്ക് കടുത്ത ക്ഷീണമുണ്ടാക്കി. 15 വര്‍ഷത്തെ തുടര്‍ച്ചയായ കോണ്‍ഗ്രസ് ഭരണത്തിന് അറുതി വരുത്തിയാണ് സംസ്ഥാനത്ത് ആദ്യമായി ബി ജെ പി സര്‍ക്കാറുണ്ടാക്കുന്നത്. ഇവിടെ കോണ്‍ഗ്രസിന് ഭരണത്തിലേറാന്‍ പുറമേ നിന്ന് മൂന്ന് പേരുടെ പിന്തുണയേ വേണ്ടിയിരുന്നുള്ളൂ. നിയമസഭയില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് ഒരംഗമുണ്ട്. അവരുടെ പിന്തുണ പാര്‍ട്ടി നേതാവ് മുകുള്‍ റോയി കോണ്‍ഗ്രസിന് വാഗ്ദത്തം ചെയ്തിരുന്നതുമാണ്. എന്നിട്ടും കോണ്‍ഗ്രസിന് പ്രതിപക്ഷത്തിരിക്കേണ്ടി വന്നതില്‍ നേതൃപരമായ തകര്‍ച്ച തന്നെയാണ് മുഴച്ചു നില്‍ക്കുന്നത്. കഴിഞ്ഞ നിയമസഭയില്‍ മണിപ്പൂരില്‍ കോണ്‍ഗ്രസിന് 42 അംഗങ്ങളുണ്ടായിരുന്നു. ഭരണവിരുദ്ധവികാരമാണ് പാര്‍ട്ടിക്ക് 14 സീറ്റുകള്‍ നഷ്ടമാകാനിടയാക്കിയത്.

ഫലപ്രഖ്യാപനം വന്നതിന് തൊട്ടുപിന്നാലെ മണിപ്പൂരില്‍ സര്‍ക്കാറുണ്ടാക്കുന്നതിന് കോണ്‍ഗ്രസ് അവകാശവാദമുന്നയിച്ചതാണ്. പാര്‍ട്ടി നേതാവും മുന്‍മുഖ്യമന്ത്രിയുമായ ഒക്രോം ഇബോബി സിംഗ് ഗവര്‍ണര്‍ നജ്മഹിബത്തുല്ലയെ കണ്ട് കോണ്‍ഗ്രസിനെ ക്ഷണിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതിന് പിന്നാലെ കോണ്‍ഗ്രസിനെ ഗവര്‍ണര്‍ ക്ഷണിച്ചതായും ഈ മാസം 18 നകം ഭൂരിപക്ഷം തെളിയിക്കണമെന്ന് ആവശ്യപ്പെട്ടതായും വാര്‍ത്ത വരികയുമുണ്ടായി. അതിനിടെ ഗവര്‍ണര്‍ നാടകീയമായി ബി ജെ പിക്ക് അനുകൂലമായി തീരുമാനമെടുക്കുകയാണുണ്ടായത്. ബി ജെ പി നടത്തിയ ചരടുവലിയും സമ്മര്‍ദവുമാണ് ഗവര്‍ണറുടെ നിലപാട് മാറ്റത്തിന് പിന്നിലെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഗോവയിലും മണിപ്പൂരിലും പ്രതിപക്ഷത്തിരിക്കേണ്ടിവന്നതോടെ കര്‍ണാടകയിലും ഹിമാചല്‍പ്രദേശ്, മേഘാലയ, മിസോറാം, പുതുച്ചേരി എന്നീ നാല് ചെറു സംസ്ഥാനങ്ങളിലുമാണ് കോണ്‍ഗ്രസ് ഭരണം അവശേഷിക്കുന്നത്. ഒരു കാലത്ത് ഇന്ത്യയാകെ കൈപിടിയിലൊതുക്കിയിരുന്ന പാര്‍ട്ടിയുടെ ഈ പതനം മതേതര ഇന്ത്യയെ സംബന്ധിച്ചു ആശങ്കാജനകമാണ്. ബി ജെ പിയുടെ ഭൂരിപക്ഷ വര്‍ഗീയതക്കെതിരെ സുചിന്തിതമായ ഒരു നയവും ശക്തമായ ചെറുത്തുനില്‍പും സംഘടിപ്പിക്കുന്നതിലുള്ള പരാജയമാണ് പാര്‍ട്ടിയെ ഈ പതനത്തിലേക്ക് എത്തിച്ചത്. ഇനിയെങ്കിലും നേതൃത്വം ഉണരുകയും ശക്തമായ മതേതര നയങ്ങളിലൂന്നി പ്രവര്‍ത്തിച്ചു ജനവിശ്വാസം വീണ്ടെടുക്കുകയും ചെയ്തില്ലെങ്കില്‍ കോണ്‍ഗ്രസ് മുക്ത ഇന്ത്യ എന്ന മോദിയുടെ പ്രഖ്യാപനം പൂവണിയാന്‍ ഏറെ കാലതാമസമുണ്ടാകില്ല.