Connect with us

Kerala

ഹാജിമാര്‍ ആദ്യഗഡു തുക ഏപ്രില്‍ 13നകം അടക്കണം

Published

|

Last Updated

കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കീഴില്‍ ഈവര്‍ഷം ഹജ്ജിന് നറുക്കെടുപ്പില്ലാതെ അവസരം ലഭിച്ച കാറ്റഗറി എ, ബി വിഭാഗത്തില്‍പ്പെട്ട ഹാജിമാര്‍ക്ക് ഒന്നാം ഗഡു തുക അടക്കുന്നതിനുള്ള ബേങ്ക് റഫറന്‍സ് നമ്പര്‍ ഈ മാസം 20 മുതല്‍ ലഭ്യമാകും. ഇരു കാറ്റഗറികളിലുമായി 10,830 പേര്‍ക്കാണ് നറുക്കെടുപ്പില്ലാതെ അവസരം ലഭിച്ചത്. 11,197 ആണ് ഇത്തവണ കേരളത്തിന് അനുവദിച്ച ക്വാട്ട. ഇതിനു പുറമേ മറ്റ് സംസ്ഥാനങ്ങളില്‍ ഒഴിവു വരുന്ന സീറ്റുകളും സര്‍ക്കാര്‍ ക്വാട്ടയില്‍ നിന്നുള്ള വിഹിതവുമുള്‍പ്പെടെ 250 ല്‍ അധികം പേര്‍ക്ക് കൂടി അവസരം ലഭിക്കുമെന്നാണ് പ്രതിക്ഷ.

കേരളത്തിന് അനുവദിച്ച ക്വാട്ടയിലെ ശേഷിക്കുന്ന 367 സീറ്റുകളിലേക്ക് ഈ മാസം 19ന് 11 മണിക്ക് നറുക്കെടുപ്പ് നടക്കും. ശേഷിക്കുന്നവരെ വെയ്റ്റിംഗ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തും. യാത്ര റദ്ദാക്കേണ്ടി വരുന്നവരുടെ ഒഴിവിലേക്കും അധികമായി ലഭിക്കുന്ന സീറ്റിലേക്കും വെയ്റ്റിംഗ് ലിസ്റ്റില്‍ നിന്നുള്ളവര്‍ക്ക് മുന്‍ഗണനാ ക്രമത്തില്‍ ഹജ്ജിന് അവസരം നല്‍കും. വെയ്റ്റിംഗ് ലിസ്റ്റിലെ ആദ്യ 500 പേരുടെ പാസ്‌പോര്‍ട്ടുകള്‍ ഹജ്ജ് കമ്മിറ്റിക്ക് കൈമാറണം
81,000 രൂപയാണ് ഒന്നാം ഗഡുവായി ബേങ്കിലടക്കേണ്ടത്. സ്റ്റേറ്റ് ബേങ്ക് ഓഫ് ഇന്ത്യയുടെയോ യൂനിയന്‍ ബേങ്ക് ഓഫ് ഇന്ത്യയുടെയോ ശാഖകളില്‍ പണമടക്കാവുന്നതാണ്. പാസ്‌പോര്‍ട്ട്, പേ ഇന്‍ സ്ലിപ്, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ യാത്രാ രേഖകള്‍ ഏപ്രില്‍ 13നകം ഹജ്ജ് ഹൗസില്‍ ലഭ്യമായിരിക്കണം.
ഹജ്ജ് പഠന ക്ലാസുകള്‍ ഈ മാസം 20 മുതല്‍ ഏപ്രില്‍ അഞ്ച് വരെ നിയോജക മണ്ഡലം അടിസ്ഥാനത്തിലും ജില്ലാഅടിസ്ഥാനത്തിലുമായി നടക്കും.