Connect with us

Gulf

താനൂരില്‍ പോലീസ് നടത്തിയത് ഭീകരവാഴ്ചയെന്ന് വി വി പ്രകാശ്

Published

|

Last Updated

ദോഹ: താനൂരിലെ സംഘര്‍ഷ പ്രദേശത്ത് കഴിഞ്ഞ ദിവസം പോലീസ് നടത്തിയത് ഭീകരമായ അക്രമമാണെന്ന് മലപ്പുറം ഡി സി സി പ്രസിഡന്റ് വി വി പ്രകാശ് ആരോപിച്ചു. നിരപരാധികളായ സ്ത്രീകളും കുട്ടികളുമുള്‍പ്പെടെയുള്ളവരെ മര്‍ദിച്ചും വീടുകള്‍ നശിച്ചിപ്പും ഭീകരത സൃഷ്ടിക്കുകയാണ് പോലീസ് ചെയ്തത്. സാധാരണക്കാരെ കടന്നാക്രമിച്ചു. പക്ഷിമൃഗാദികളെ ചുട്ടെരിച്ചു. സര്‍ക്കാറിന്റെ അറിവോടെയല്ല പോലീസ് അതിക്രമം കാണിക്കുന്നതെങ്കില്‍ അക്രമം നടത്തിയ പോലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കോടിക്കണക്കിനു രുപയുടെ നഷ്ടമാണ് താനൂരില്‍ പോലീസ് ഉണ്ടാക്കിയത്. അവിടെ ജനങ്ങള്‍ക്കിടയുലുണ്ടാകുന്ന സംഘര്‍ഷം തുടരാതിരിക്കാന്‍ വേണ്ടിയാണ് പോലീസ് ഇടപെടേണ്ടിയിരുന്നത്. അക്രമത്തിലൂടെയുള്ളരാഷ്ട്രീയത്തെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുകയാണ്. സി പി എം ജില്ലാ സെക്രട്ടറിയും സി പി ഐയും പോലും താനൂരിലെ പോലീസ് വാഴ്ച ക്രൂരമെന്നു വിശേഷിപ്പിച്ചു. കാര്യങ്ങള്‍ കൈവിട്ടു പോവുകയാണ്. കേരള ഭരണത്തിലും പോലീസിലും പിണറായി വിജയന് പിടുത്തം വിട്ടിരിക്കുന്നു. കേരളത്തിലാകെ ക്രമസമാധാനാന്തരീക്ഷം തകര്‍ന്നിരിക്കുകയാണ്. ഫാസിസത്തിന്റെ എല്ലാ തിന്‍മയും പ്രകടിപ്പിക്കുന്ന ബി ജെ പിയും കേന്ദ്ര സര്‍ക്കാറും രാജ്യത്തെ അരക്ഷിതാവാസ്ഥയിലേക്ക് തള്ളി വിടുകയാണ്. കേരളത്തില്‍ പിണറായി സര്‍ക്കാറും ജനങ്ങളെ പ്രയാസത്തിലാക്കുന്ന നയങ്ങളാണ് സ്വീകരിക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് കോണ്‍ഗ്രസ് തിരിച്ചു വരികയാണ് ചെയ്തത്. മൂന്നു സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് വലിയ ഒറ്റ കക്ഷിയായി. എന്നാല്‍ കീഴ് വഴക്കങ്ങളെയും ജനാധിപത്യ മര്യാദകളെയും ലംഘിച്ചു കൊണ്ടാണ് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന ഭരണം പിടിക്കാനായി കുതിരക്കച്ചവടം നടത്തുന്നത്. കോണ്‍സ്ര് കുതിരക്കച്ചവടം നടത്താത്ത പാര്‍ട്ടിയാണ്. ഗോവയിലുള്‍പ്പെടെ പാര്‍ട്ടിക്ക് വീഴ്ച പറ്റിയെന്നു കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്‍കാസ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ പ്രകാശിത മലപ്പുറം പരിപാടിയില്‍ പങ്കെടുക്കാനായാണ് പ്രകാശ് ദോഹയിലെത്തിയത്. പത്രസമ്മേളനത്തില്‍ ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് കെ കെ ഉസ്മാന്‍, ഭാരവാഹികളായ ഹൈദര്‍ ചുങ്കത്തറ, മുഹമ്മദലി പൊന്നാനി, കേശവദാസ്, റാഫി മുള്ളുങ്കല്‍, ശാഹുല്‍ ഹമീദ് പങ്കെടുത്തു.