പൂച്ചയെ ജീവനോടെ പട്ടിക്ക് തീറ്റയാക്കിയ പ്രതികള്‍ക്ക് ശിക്ഷ മൃഗശാല ശുചീകരണം

Posted on: March 16, 2017 7:40 pm | Last updated: March 16, 2017 at 7:32 pm

ദുബൈ: ജീവനുള്ള പൂച്ചയെ വളര്‍ത്തുപട്ടികള്‍ക്കു തിന്നാന്‍ നല്‍കിയ സംഭവത്തില്‍ ദുബൈ പോലീസ് അറസ്റ്റ് ചെയ്ത പ്രതികള്‍ക്ക് ശിക്ഷ ദുബൈ മൃഗശാല ശുചീകരണം. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമാണ് ശിക്ഷ പ്രഖ്യാപിച്ചത്. മൂന്നു മാസം ഓരോ ദിവസവും നാല് മണിക്കൂര്‍ വീതം മൃഗശാലയില്‍ ശുചീകരണ ജോലികള്‍ നിര്‍വഹിക്കണം.

പൂച്ചയെ പട്ടികള്‍ക്ക് തിന്നാന്‍ നല്‍കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. യു എ ഇ സ്വദേശിയാണ് അറസ്റ്റിലായത്. ഇയാളുടെ ഫാമില്‍ ജോലി ചെയ്തിരുന്ന രണ്ട് ഏഷ്യക്കാരെയും അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് ദുബൈ പോലീസ് ചീഫിന്റെ അസിസ്റ്റന്റ് കമാന്‍ഡര്‍ മേജര്‍ ജനറല്‍ ഖലീല്‍ ഇബ്‌റാഹീം അല്‍ മന്‍സൂരി പറഞ്ഞു.
വീഡിയോയില്‍നിന്നു ആളെ തിരിച്ചറിഞ്ഞ ശേഷമാണ് അറസ്റ്റ് ചെയ്തതെന്നും പോലീസ് അറിയിച്ചു. പൂച്ചയെ പട്ടിക്ക് ഇട്ടുകൊടുത്തയാളെയും ഇത് വീഡിയോയില്‍ പകര്‍ത്തിയ ഏഷ്യക്കാരെയുമാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. സൈബര്‍ വിഭാഗത്തിന്റെ സഹായത്തോടെയാണ് നടപടി. ഒരു കൂട്ടില്‍ കൊണ്ടുവന്ന ജീവനുള്ള പൂച്ചയെ റോട്ട്‌വീലര്‍ ഇനത്തില്‍പെട്ട രണ്ടു പട്ടികള്‍ക്ക് മുന്നിലേക്കു തുറന്നിട്ടുകൊടുക്കുന്ന ഞെട്ടിപ്പിക്കുന്ന രംഗങ്ങളാണ് വീഡിയോയിലുള്ളത്. പട്ടികള്‍ ചേര്‍ന്ന് പൂച്ചയെ കടിച്ചുപറിക്കുന്ന രംഗങ്ങളും വീഡിയോയിലുണ്ട്. ഫാമിലെ പ്രാവുകളെയും കോഴികളെയും ആക്രമിക്കാന്‍ ശ്രമിച്ചതിന്റെ ശിക്ഷയായാണ് പൂച്ചയെ പട്ടിക്ക് കൊടുക്കുന്നതെന്ന് പ്രതി പറഞ്ഞു. മൃഗങ്ങളെ പീഡിപ്പിച്ചാല്‍ കടുത്ത നടപടിയുണ്ടാകുമെന്നും ദുബൈ പൊലീസ് അറിയിച്ചു. രണ്ടു ലക്ഷം ദിര്‍ഹം വരെ പിഴ ശിക്ഷയും ലഭിക്കാവുന്ന കുറ്റമാണിത്.