വീട്ടമ്മയെ അപമാനിച്ച കേസില്‍ തെയ്യം കലാകാരനെ അറസ്റ്റ് ചെയ്തു

Posted on: March 16, 2017 5:34 pm | Last updated: March 16, 2017 at 4:34 pm

നാദാപുരം: വീട്ടമ്മയെ അപമാനിച്ചെന്ന പരാതിയില്‍ തെയ്യം കലാകരനെ നാദാപുരം പോലീസ് അറസ്റ്റ് ചെയ്തു. യുവാവിനെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് ഡി വൈ എഫ് ഐ പ്രവര്‍ത്തകരും തെയ്യം കലാകാരന്‍മാരും പോലീസ് സ്റ്റേഷനില്‍ കുത്തിയിരുന്നത് നാടകീയ രംഗങ്ങള്‍ക്കിടയാക്കി. കൊയിലാണ്ടി ചെങ്ങോട്ട്കാവില്‍ താമസിക്കുന്ന വിഷ്ണുമംഗലത്തെ വട്ടക്കണ്ടിയില്‍ സജേഷി(30)നെയാണ് കല്ലാച്ചി ഉണ്ണംനാട് ക്ഷേത്രത്തില്‍ തിറയാടാനെത്തിയപ്പോള്‍ നാദാപുരം എസ് ഐ. കെ പി അഭിലാഷും സംഘവും ഇന്നലെ ഉച്ചക്ക് പന്ത്രണ്ട് മണിയോടെ അറസ്റ്റ് ചെയ്തത്.

ക്ഷേത്രത്തിനോട് ചേര്‍ന്ന പറമ്പില്‍ സംഘര്‍ഷം നടക്കുന്നതറിഞ്ഞാണ് പോലീസെത്തിയത്. കഴിഞ്ഞ തിരുവോണ നാളില്‍ ഓണപ്പൊട്ടന്‍ വേഷം കെട്ടി വീട്ടമ്മയെ വീടിനകത്ത് കയറി അപമാനിച്ചെന്നാണ് പരാതി. സംഭവത്തോടനുബന്ധിച്ച് ഓണപ്പൊട്ടന്‍ കെട്ടിയ സജീഷിന്റെ പരാതിയില്‍ ബി ജെ പി പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഓണപ്പൊട്ടന്‍ വേഷത്തില്‍ ഗൃഹസന്ദര്‍ശനം നടത്തുന്നത് ബി ജെ പിക്കാര്‍ തടയുകയും മര്‍ദ്ദിച്ചെന്നുമായിരുന്നു സജീഷിന്റെ പരാതി. എന്നാല്‍ വീട്ടമ്മയുടെ പരാതിയില്‍ സജീഷിനെതിരെ നടപടിയില്ലാത്തതിനെതിരെ ബി ജെ പി രംഗത്തെത്തിയിരുന്നു. ഇതിനിടെയാണ് ഇന്നലെ സജീഷിനെ പോലീസ് അറസ്റ്റ് ചെയ്തത്.
പ്രതിയെ സ്റ്റേഷനില്‍ എത്തിച്ചതോടെ അമ്പലത്തില്‍ തിറയാട്ടത്തിനെത്തിയ തെയ്യം കലാകാരന്‍മാരും ഡി വൈ എഫ് ഐ പ്രവര്‍ത്തകരും സജീഷിനെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് സ്റ്റേഷന് മുന്നില്‍ കുത്തിയിരുന്ന് തിറയാട്ടത്തിനായി യുവാവിനെ വിട്ടയക്കണെമെന്നാവശ്യപ്പെട്ടെങ്കിലും പോലീസ് തയ്യാറായില്ല. കുത്തിയിരിപ്പ് സമരം നടത്തിയ തെയ്യം കലാകാരന്‍മാരോട് ക്ഷേത്രം ഭാരവാഹികള്‍ ക്ഷേത്രത്തിലെ ആചാരങ്ങള്‍ക്ക് തടസ്സമുണ്ടാക്കരുതെന്നും ഉത്സവത്തിനെത്തണമെന്നും ആവശ്യപ്പെട്ടത് വാക്കേറ്റത്തിനിടയാക്കി.
നാദാപുരം ഒന്നാം ക്ലാസ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ടഴ്ച്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.