Palakkad
മലമ്പുഴ ഉദ്യാനം രണ്ടാം ഘട്ടം നവീകരണത്തിലും അഴിമതി കണ്ടെത്തി

പാലക്കാട്: മലമ്പുഴ ഉദ്യാന നവീകരണം രണ്ടാംഘട്ട പദ്ധതിയിലെ അഴിമതികള്‍ക്കെതിരെ വിജിലന്‍സ് കേസെടുത്ത സഹാചര്യത്തില്‍ കുറ്റക്കാരായ ഉദ്യോഗസ്ഥരെ സന്‍സ്‌പെന്റ് ചെയ്യണമെന്ന് ആന്റ്ി കറപ്ഷന്‍ കൗണ്‍സില്‍ ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
വി എസ് അച്ചുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് മലമ്പുഴ ഉദ്യാനം നവീകരിക്കുന്നതിനായി 16.75 കോടി രൂപ അനുവദിക്കുകയും ഒരു വര്‍ഷത്തിനകം പദ്ധതി പൂര്‍ത്തിയാക്കുകയും വേണമെന്ന തീരുമാനത്തിലാണ് വകുപ്പിലെ എല്ലാ ചട്ടങ്ങളും ഇളവ് നല്‍കി മഹാനുദേവനെ സ്‌പെഷ്യല്‍ ഓഫീസറായി നിയമിച്ച് നവീകരണ പ്രവര്‍ത്തത്തിന് തുടക്കമിട്ടത്.
ഈ ജോലി 2012 മാര്‍ച്ച് 31ന് മുമ്പായി ചെയ്തു തീര്‍ക്കുന്നതിന് പബ്ലിക് റിലേഷന്‍സ് വകുപ്പിന് പത്രപരസ്യം കൊടുക്കുന്നതിനായി 35 ലക്ഷം രൂപയോളം അനുവദിച്ച് ഉത്തരവായിട്ടുണ്ടായിരുന്നു. ഒരു വര്‍ഷത്തിനുള്ളില്‍ ജോലി പൂര്‍ത്തീകരിക്കുന്നതിനായിരുന്നു സര്‍ക്കാര്‍ ഈ അധിക ചെലവ് അംഗീകരിച്ചത്. എന്നിട്ടും ഈ ജോലികള്‍ ഒരു വര്‍ഷത്തിനകം പൂര്‍ത്തീകരിക്കാതെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അഴിമതി നടത്തുന്നതിന് കളമൊരുക്കുകയായിരുന്നു. ഇത് സംബന്ധിച്ച് ആന്റ്ി കറപ്ഷന്‍ ആക്ഷന്‍ കൗണ്‍സില്‍ ജില്ലാ വിജിലന്‍സ് ഡി വൈ എസ് പിക്ക് പരാതി നല്‍കിയെങ്കിലും കുറ്റക്കാരെ രക്ഷിക്കാനുള്ള ശ്രമമാണ് നടത്തിയത്. തുടര്‍ന്ന് തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ കേസ് നല്‍കിയതിനെ തുടര്‍ന്ന് വീണ്ടും അന്വേഷിക്കുന്നതിന് വിജിലന്‍സ് ഡി വൈ എസ് പിയോട് ആവശ്യപ്പെടുകയുംചെയ്തു.
വിജിലന്‍സ് നടത്തിയ ക്വിക്ക് വെരിഫിക്കേഷനില്‍ 49,26,864 രൂപയുടെ അഴിമതി കണ്ടെത്തിയതിന് പുറമെ സ്‌പെഷ്യല്‍ ഓഫീസര്‍ മഹാനുദേവനടക്കമുള്ള മൂന്ന് ഉദ്യോഗസ്ഥര്‍ക്കെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുത്തു. ഇക്കാര്യം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തു.
മലമ്പുഴ ഉദ്യാനത്തിലെ അന്വേഷണവുമായി ബന്ധപ്പെട്ട് ജലസേചന വകുപ്പിലെ ഒരു ചീഫ് എന്‍ജിനീയര്‍ നടത്തിയ അന്വേഷണവും ഇതിനെ തുടര്‍ന്ന് സമര്‍പ്പിച്ച റിപ്പോര്‍ട്ടും 2014ല്‍ വകുപ്പ് മന്ത്രിക്കും വകുപ്പ് സെക്രട്ടറിക്കും ഭരണവിഭാഗം ചീഫ് എന്‍ജീനിയര്‍ക്കും സമര്‍പ്പിച്ചിട്ടും ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കാതെ റിപ്പോര്‍ട്ട് പൂഴ്ത്തി വെക്കുകയാണെന്ന് ആക്ഷന്‍ കൗണ്‍സില്‍ കുറ്റപ്പെടുത്തി.
വിജിലന്‍സ് ക്വിക്ക് വെരിഫിക്കേഷനിലൂടെ അഴിമതി 17 വര്‍ക്കുകളിലെ ഒന്ന് മാത്രമാണെന്നും മറ്റ് വര്‍ക്കുകളിലെ അഴിമതികള്‍ കണ്ടെത്താന്‍ കുറ്റക്കാരായ ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്ന് മാറ്റി നിര്‍ത്തി അന്വേഷണം നടത്തണം. പത്രസമ്മേളനത്തില്‍ ചെയര്‍മാന്‍ കെ എം ഗംഗാധരന്‍, കണ്‍വീനര്‍ എം ചെന്താമരാക്ഷന്‍, ജോ കണ്‍വീനര്‍ സി രാധാകൃഷ്ണന്‍ പങ്കെടുത്തു.