യൂത്ത് കോണ്‍ഗ്രസ് പുനഃസംഘടന; വണ്ടൂരില്‍ അസ്വാരസ്യം പുകയുന്നു

Posted on: March 16, 2017 2:10 pm | Last updated: March 16, 2017 at 12:53 pm
യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റിന് അഭിവാദ്യമര്‍പിച്ച് വണ്ടൂര്‍ ടൗണിലും ചെറുകോട് കോണ്‍ഗ്രസ് ഓഫീസിന് മുമ്പിലും സ്ഥാപിച്ച ബോര്‍ഡുകള്‍ നശിപ്പിച്ച നിലയില്‍

വണ്ടൂര്‍: നിയോജക മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പുനഃസംഘടനയുമായി ബന്ധപ്പെട്ട് വണ്ടൂരില്‍ വിവാദം കനക്കുന്നു. കോ ണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ കാലങ്ങളായി നിലനില്‍ക്കുന്ന ഗ്രൂപ്പ് പോരാണ് പുനഃസംഘടനയോടെ പൊട്ടിത്തെറിയിലേക്കെത്തിയിരിക്കുന്നത്. നിയോജക മണ്ഡലം കമ്മിറ്റി നിര്‍ജീവമായെന്ന പേരില്‍ കഴിഞ്ഞ മാസം എട്ടാം തീയതിയാണ് പ്രസിഡന്റായിരുന്ന ശിഹാബ് തങ്ങളെ തല്‍സ്ഥാനത്തു നിന്നും മാറ്റിയത്.

പുതിയ പ്രസിഡന്റായി മുന്‍ ഡി സി സി പ്രസിഡന്റ് ഇ മുഹമ്മദ് കുഞ്ഞിയുടെ നാട്ടുകാരനായ സി ശബീറിനെയാണ് തിരഞ്ഞെടുത്തത്. എന്നാല്‍ പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുത്തതില്‍ ജനാധിപത്യ മര്യാദകളും സംഘടനാ നിര്‍ദേശങ്ങളും പാലിച്ചില്ലെന്നാരോപണവുമായാണ് യൂത്ത് കോണ്‍ഗ്രസിലേയും കോണ്‍ഗ്രസിലേയും പ്രബല വിഭാഗം രംഗത്തെത്തിയിരിക്കുന്നത്. നിയോജക മണ്ഡലം പ്രസിഡന്റ് സ്ഥാനത്തേക്ക് ഒന്നിലധികം പേരുകള്‍ ഉയര്‍ന്നുവന്നതോടെ താത്കാലികമായി നിലവിലെ പ്രസിഡന്റ് തന്നെ തുടരട്ടെയെന്ന് തീരുമാനം ചിലരുടെ താത്പര്യ പ്രകാരം അട്ടിമറിച്ചുവെന്നാണ് ഇവരുടെ ആരോപണം. മണ്ഡലത്തിന്റെ ചുമതലയുള്ള യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ആദംമുല്‍സിയോ, മണ്ഡലത്തിലെ എ ഗ്രൂപ്പിലെ പ്രമുഖരായ കെ പി സി സി അംഗം, ഡി സി സി ജനറല്‍ സെക്രട്ടറി, യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം ഭാരവാഹികള്‍ എന്നിവരൊന്നുമറിയാതെ പുതിയ പ്രസിഡന്റിനെ ഒരു സംസ്ഥാന നേതാവിന്റെ താത്പര്യ പ്രകാരം ഏകപക്ഷീയമായി പ്രഖ്യാപിക്കുകയായിരുന്നുവെന്നാണ് ഇവര്‍ പറയുന്നത്. എന്നാല്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരത്തിലേറിയിട്ട് സംസ്ഥാന തലത്തിലും പ്രാദേശിക തലത്തിലും നടന്ന പ്രശ്‌നങ്ങളില്‍ ഒരു പ്രകടനം പോലും സംഘടിപ്പിക്കാന്‍ നിയോജക മണ്ഡലം കമ്മിറ്റിക്കായില്ലെന്നും പ്രസിഡന്റ് ഒഴിയാനുള്ള സന്നദ്ധത പ്രകടിപ്പിച്ചതിനാലാണ് പുനഃസംഘടന നടന്നതെന്നുമാണ് മറുഭാഗം ആരോപിക്കുന്നത്.

അനില്‍കുമാര്‍ എം എല്‍ എ, മുന്‍ ഡി സി സി പ്രസിഡന്റ് എന്നിവരുടെയെല്ലാം തീരുമാന പ്രകാരമാണ് നിലവിലെ പ്രസിഡന്റിനെ തീരുമാനിച്ചതെന്നും സംഘടനാ മാനദണ്ഡങ്ങള്‍ മുഴുവന്‍ പാലിച്ചിട്ടുണ്ടെന്നും ഇവര്‍ പറയുന്നു. പുതിയ പ്രസിഡന്റിന് അഭിവാദ്യമര്‍പ്പിച്ച് വിവിധയിടങ്ങളില്‍ സ്ഥാപിച്ച ബോര്‍ഡുകള്‍ നശിപ്പിക്കുന്നതും കാണാതാവുന്നതും പതിവായതോടെ പ്രശ്‌നം താഴെ തട്ടിലേക്കും വ്യാപിക്കുകയാണ്.