കെ എസ് യു സംഘടനാ തിരഞ്ഞെടുപ്പ് 20 മുതല്‍

Posted on: March 16, 2017 1:59 pm | Last updated: March 16, 2017 at 12:50 pm

തിരുവനന്തപുരം: കെ എസ് യു സംഘടനാ തിരഞ്ഞെടുപ്പ് ഈ മാസം 20 മുതല്‍ 24 വരെ നടത്താന്‍ എന്‍ എസ് യു ഐ ഇലക്ഷന്‍ കമ്മീഷന്‍ തീരുമാനിച്ചു. ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റി ഓഫീസുകളില്‍ വെച്ചാണ് തിരഞ്ഞെടുപ്പ്. വോട്ടെണ്ണല്‍ 25ന് 10 മണി മുതല്‍ കെ പി സി സി ആസ്ഥാനത്ത് നടക്കും. 20ന് കാസര്‍കോഡ്, ഇടുക്കി, പത്തനംതിട്ട. 21ന് കണ്ണൂര്‍, ആലപ്പുഴ, കോട്ടയം. 22ന് വയനാട്, എറണാകുളം, കൊല്ലം. 23ന് മലപ്പുറം, പാലക്കാട്, തിരുവനന്തപുരം. 24ന് കോഴിക്കോട്, തൃശൂര്‍ എന്നിങ്ങനെയാണ് തിരഞ്ഞെടുപ്പ്. സംസ്ഥാന ജില്ലാ ഭാരവാഹികളെയും ദേശീയ സമിതി അംഗങ്ങളെയുമാണ് തിരഞ്ഞെടുക്കുന്നത്.

9602 സജീവ അംഗങ്ങള്‍ക്കാണ് വോട്ടവകാശമുള്ളത്. സൂക്ഷ്മ പരിശോധനയില്‍ വിവിധ കാരണങ്ങളാല്‍ 4665 സജീവ അംഗങ്ങളെ ലിസ്റ്റില്‍ നിന്നും നീക്കം ചെയ്തു. കേരളത്തില്‍ ഒന്നരലക്ഷം പ്രൈമറി മെമ്പര്‍മാരുണ്ട്. സജീവ അംഗങ്ങള്‍ക്ക് ഏത് സ്ഥാനത്തേക്കും മത്സരിക്കാം. നോമിനേഷന്‍ 17ന് അഞ്ച് മണിക്കുമുമ്പ് ഓണ്‍ലൈനായും, ഓഫ്‌ലൈനായും നല്‍കാം. ഓഫ്‌ലൈന്‍ നോമിനേഷന്‍ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ്സ് ഓഫീസുകളില്‍ മാത്രമാണ് സ്വീകരിക്കുക.