സല്‍മാന്‍ രാജാവ് ഏഷ്യന്‍ പര്യടനത്തിന്റെ ഭാഗമായി ചൈനയില്‍

Posted on: March 16, 2017 12:45 pm | Last updated: March 16, 2017 at 12:33 pm

ദമ്മാം: ഒരു മാസം നീണ്ടു നില്‍ക്കുന്ന ഏഷ്യന്‍ പര്യടനത്തിന്റെ ഭാഗമായി സഊദി രാജാവ് ബുധനാഴ്ച അഞ്ചാമത് കേന്ദ്രമായ ചൈനയിലെത്തി. ജപ്പാന്‍ സന്ദര്‍ശനത്തിനു ശേഷമാണ് ചൈനയില്‍ എത്തുന്നത്. ബീജിംഗ് എയര്‍പോര്‍ട്ടില്‍ കൗണ്‍സിലര്‍ യാങ് ജീചി സ്വീകരിച്ചു. ചൈനീസ് പ്രസിഡന്റ് ഃശ ജിമ്പിംങുമായി കൂടിക്കാഴ്ച നടത്തും. സംസ്‌കാരം, സാമ്പത്തികം, വാണിജ്യം, സാങ്കേതികം, സുരക്ഷ, പ്രതിരോധന്‍ തുടങ്ങിയ മേഖലകളില്‍ ഇരു രാജ്യങ്ങളുമായി ഉണ്ടാകേണ്ട ധാരണകള്‍ചര്‍ച്ചക്ക് വരും.

വിദ്യാഭ്യാസം, നിക്ഷേപം, സാങ്കേതിക കൊടുക്കല്‍ വാങ്ങലുകള്‍, വാണിജ്യ വ്യവസായം തുടങ്ങിയ മേഖലകളില്‍ വിവിധ കരാറുകള്‍ ഒപ്പു വെക്കും. കടല്‍ കര മാര്‍ഗങ്ങളിലൂടെ പ്രാചീന സില്‍ക് റോഡ് കച്ചവട പാതയോട് ചേര്‍ന്ന് ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് രാജ്യങ്ങളിലേക്കുള്ള വാണിജ്യ ബന്ധം ശക്തിപ്പെടുത്തുന്നതിന് 2013ല്‍ ചൈന മുന്നോട്ട് വെച്ച ബെല്‍റ്റ് റോഡ് നിര്‍ദ്ദേശത്തെ പിന്തുണക്കുന്ന ആദ്യ രാജ്യം കൂടിയാണ് സഊദി അറേബ്യ. അടിസ്ഥാന സൗകര്യ വികസനം, ഊര്‍ജ്ജം, നിക്ഷേപം എന്നീ രംഗങ്ങളില്‍ ചൈനയുമായി അടുത്ത ബന്ധമാണ് സഊദിക്കുള്ളത്. സഊദി അറേബ്യയുമായി 2015 ലെ ഏറ്റവും വലിയ വാണിജ്യ പങ്കാളിയാണ് ചൈന.

സഊദിയില്‍ നിന്ന് വര്‍ഷങ്ങളായി പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ ഏറ്റവും വലിയ ക്രൂഡ് ഓയില്‍ ഉപഭോക്താവ് കൂടിയാണ് ചൈന. ഈ മേഖലയില്‍ കൂടുതല്‍ കരാറുകളും ധാരണകളും സന്ദര്‍ശനത്തിന്റെ ഭാഗമായുണ്ടാകും. രാജാവിനെ അനുഗമിക്കുന്ന മാധ്യമ പ്രതിനിധികള്‍ ചൈനയിലെ അറബ് ഇസ്‌ലാമിക് പഠന ഗവേഷണ കേന്ദ്രം സന്ദര്‍ശിച്ചു. ബീജിംഗ് ലാംഗ്വേജ് ആന്റ് കാല്‍ച്ചര്‍ യൂനിവേഴ്‌സിറ്റിയുടെ അഫിലിയേഷനോടെ പ്രവര്‍ത്തുക്കുന്ന ഗവേഷണ കേന്ദ്രം 1946 ല്‍ സ്ഥാപിതമായതാണ്. അറബ് ഭാഷാ വിഭാഗ തലവന്‍ ഡോ. ലി പിംങ് മാധ്യമ പ്രതിനിധികളെ സ്വാഗതം ചെയ്യുകയും പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ച് കൊടുക്കുകയും ചെയ്തു.