35 വര്‍ഷത്തെ സാമൂഹിക സേവനം; ഇബ്‌റാഹീം ഹാജി നാട്ടിലേക്ക്‌

Posted on: March 15, 2017 11:09 pm | Last updated: March 15, 2017 at 11:09 pm
ഇബ്‌റാഹീം ഹാജിക്ക് അല്‍ ഖൂസില്‍ സുന്നി സംഘടനകള്‍ നല്‍കിയ യാത്രയയപ്പ്

ദുബൈ: സാമൂഹിക-ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായ ഇബ്‌റാഹീം ഹാജി പാച്ചാണി 35 വര്‍ഷത്തെ പ്രവാസ ജീവിതത്തിന് വിടപറഞ്ഞ് നാട്ടിലേക്ക് മടങ്ങുന്നു. കാസര്‍കോട് മംഗല്‍പാടി പഞ്ചായത്തിലെ പാച്ചാണി ഗ്രാമത്തില്‍ നിന്നെത്തിയ ഇബ്‌റാഹീം ഹാജി ട്രെയിലര്‍ ഡ്രൈവറായാണ് ഏറെ കാലമായി പ്രവര്‍ത്തിക്കുന്നത്.

പ്രവാസമണ്ണില്‍ വ്യക്തിമുദ്ര പതിപ്പിച്ച ഇബ്‌റാഹീം ഹാജിയുടെ സ്വദേശത്തേക്കുള്ള മടക്കം സംഘകുടുംബത്തിന് നികത്താനാവാത്ത വിടവാണെന്ന് ഐ സി എഫ്, ആര്‍ എസ് സി അല്‍ ഖൂസ് സര്‍ക്കിള്‍ ഭാരവാഹികള്‍ പറഞ്ഞു. പ്രസ്ഥാനത്തെ നെഞ്ചോട് ചേര്‍ത്ത്‌വെച്ച് പ്രാസ്ഥാനിക മുന്നേറ്റത്തിന് നേതാക്കളോടൊപ്പം ചേര്‍ന്ന് തന്നാലാവുന്നതൊക്കെയും ചെയ്ത് കെടുക്കുന്ന ഹാജി പുതുതലമുറക്ക് ഇന്നലെകളുടെ കഥ പറഞ്ഞ് ആവേശവും പ്രചോദനവും പകര്‍ന്നു നല്‍കുമായിരുന്നു. പ്രവാസലോകത്ത് സജീവമാകുമ്പോഴും സ്വന്തം ദേശത്തെ സംഘടനാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കാനും ആവശ്യമായതൊക്കെ ചെയ്ത്‌കൊടുക്കാനും അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അല്‍ഖൂസ് ബലദിയ മസ്ജിദില്‍ നടന്ന യാത്രയയപ്പ് ചടങ്ങില്‍ ആസിഫ് മുസ്‌ലിയാര്‍ പുതിയങ്ങാടി, ഉബൈദ് സഖാഫി വയനാട്, അബ്ദുസലാം മദനി തവനൂര്‍, അയ്യൂബ് ഫറോക്ക്, കബീര്‍ സഅദി മാരായമംഗലം, സുബൈര്‍ ഇര്‍ഫാനി പെടേന, അബ്ദുര്‍റഹ്മാന്‍, സൈദ് മെന്‍മുണ്ടം, ത്വാഹിര്‍ വടകര, സുബൈര്‍ മോങ്ങം തുടങ്ങിയവര്‍ സംബന്ധിച്ചു.