ഇസിലിനെയും ഇസ്‌റാഈലിനെയും തള്ളി അറബ് ജനത

Posted on: March 15, 2017 9:01 pm | Last updated: March 15, 2017 at 9:01 pm
ഡോ. മുഹമ്മദ് അല്‍ മസ്‌റി ദോഹയില്‍
വാര്‍ത്താസമ്മേളനം നടത്തുന്നു

ദോഹ: ഇസ്‌ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്‍ഡ് ദി ലെവന്തി (ഇസില്‍)നെ തള്ളി അറബ് ജനത. അറബ് അഭിപ്രായ സൂചിക (എ ഒ ഐ) നടത്തിയ സര്‍വേയോട് പ്രതികരിച്ച 89 ശതമാനം പേരും ഇസിലിനെ തള്ളുകയായിരുന്നു. രണ്ട് ശതമാനം പേര്‍ മാത്രമാണ് ഇസിലിനെ സംബന്ധിച്ച് നല്ല അഭിപ്രായമുള്ളത്. മൂന്ന് ശതമാനം പേര്‍ മോശമല്ലെന്ന് അഭിപ്രായപ്പെട്ടു. 2014ല്‍ ഇസിലിനെ എതിര്‍ത്തവര്‍ 85 ശതമാനമായിരുന്നു. 2015ലും 2016ലും ഇത് 89 ശതമാനമായി. ഇതേ കാലയളവില്‍ അനുകൂല നിലപാടുകാരുടെ എണ്ണം 50 ശതമാനം കുറഞ്ഞു. ദോഹ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഗ്രാജ്വേറ്റ്‌സ് സ്റ്റഡീസില്‍ കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറബ് ഒപീനിയന്‍ ഇന്‍ഡക്‌സ് കോര്‍ഡിനേറ്ററും അറബ് സെന്റര്‍ ഫോര്‍ റിസര്‍ച്ച് ആന്‍ഡ് പോളിസി സ്റ്റഡീസ് എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ ഡോ. മുഹമ്മദ് അല്‍ മസ്‌റിയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
ഇസിലിനെ അറിയാമെന്ന് 99 ശതമാനം പേരും പറഞ്ഞിട്ടുണ്ട്. ഇസിലിന്റെ വാര്‍ത്തകള്‍ അന്വേഷിക്കുന്നത് 66 ശതമാനമാണ്. 33 ശതമാനം പേര്‍ ഇസില്‍ വാര്‍ത്തകള്‍ നോക്കുന്നില്ല. സഊദി അറേബ്യ, കുവൈത്ത്, ഇറാഖ്, ജോര്‍ദാന്‍, ഫലസ്തീന്‍, ലെബനോന്‍, ഈജിപ്ത്, സുഡാന്‍, ടുണീഷ്യ, അള്‍ജീരിയ, മൊറോക്കോ, മൗറിത്താനായി തുടങ്ങി 12 അറബ് രാഷ്ട്രങ്ങളിലെ 18310 പേരോട് മുഖാമുഖമാണ് സര്‍വേ നടത്തിയത്. ജനസംഖ്യയിലെ വിവിധ വിഭാഗങ്ങളെ സര്‍വേയില്‍ പങ്കെടുപ്പിച്ചിട്ടുണ്ട്. മിന മേഖലയിലെ ഏറ്റവും വലിയ പൊതുജന അഭിപ്രായ സമാഹാരമാണ് അറബ് ഒപീനിയന്‍ ഇന്‍ഡക്‌സ്.

840 പേര്‍ 45000 മണിക്കൂറുകള്‍ ചെലവഴിച്ച് 7.60 ലക്ഷം കിലോമീറ്ററുകള്‍ താണ്ടിയാണ് സര്‍വേ നടത്തിയത്. മതവിശ്വാസമല്ല, മറിച്ച് രാഷ്ട്രീയ പരിഗണനകളാണ് ഇസിലിനോടുള്ള ജനങ്ങളുടെ മനോഭാവം നിര്‍വചിക്കാന്‍ ആധാരമാക്കിയത്. ഇസിലിനെയും തീവ്രവാദ ഗ്രൂപ്പുകളെയും ഇല്ലായ്മ ചെയ്യാനുള്ള പോംവഴിയായി 17 ശതമാനം പേര്‍ നിര്‍ദേശിച്ചത് സൈനിക നടപടികള്‍ ശക്തിപ്പെടുത്തുകയെന്നതാണ്. വിദേശ ഇടപെടല്‍ അവസാനിപ്പിക്കണമെന്ന് 15ഉം ഫലസ്തീന്‍ പ്രശ്‌നം പരിഹരിക്കണമെന്ന് 14ഉം സിറിയന്‍ പോരാട്ടം അവസാനിപ്പിക്കണമെന്ന് 12ഉം ശതമാനം പേരും പ്രതികരിച്ചു. തീവ്രവാദത്തെ എതിരിടാന്‍ രാഷ്ട്രീയം, സാമ്പത്തികം, സാമൂഹികം, സൈനികം തുടങ്ങിയ ഘടകങ്ങളെ സമഗ്രമായി ഏകോപിപ്പിച്ച ഘടകങ്ങളാണ് വേണ്ടതെന്നതാണ് അറബ് ജനതയുടെ നിലപാട്.

അറബ് പൗരന്മാരുടെ പൊതു അവസ്ഥ, സര്‍ക്കാറുകളുടെയും രാഷ്ട്രങ്ങളുടെയും പ്രകടനം സംബന്ധിച്ച അഭിപ്രായം, ജനാധിപത്യം, രാഷ്ട്രീയം, പൗര സമൂഹ പങ്കാളിത്തം തുടങ്ങിയവയോടുള്ള പൊതു മനോഭാവം, പൊതു- രാഷ്ട്രീയ കാര്യങ്ങളില്‍ മതത്തിന്റെ പങ്ക്, ഇസിലിനെ സംബന്ധിച്ച പൊതു അഭിപ്രായം എന്നീ ഘടകങ്ങളെ ആസ്പദമാക്കിയാണ് സര്‍വേ നടന്നത്. അറബ് രാഷ്ട്രങ്ങളിലെ പൊതു ഘടകങ്ങളോടുള്ള ജനങ്ങളുടെ നിലപാട് അനുസരിച്ച് 77 ശതമാനം വിശ്വസിക്കുന്നത് അറബ് മേഖല ഒറ്റ രാഷ്ട്രമെന്നതുപോലെ നിലകൊള്ളുന്നുവെന്നതാണ്. അറബ് വസന്തം അതിന്റെ ലക്ഷ്യങ്ങള്‍ സാക്ഷാത്കരിച്ചുവെന്ന് 45 ശതമാനമാണ് അംഗീകരിക്കുന്നത്. 39 ശതമാനം അറബ് വസന്തം അവസാനിച്ചുവെന്ന് കരുതുന്നു. അറബ് വസന്തം ഇല്ലാതാക്കിയ അധികാര കേന്ദ്രങ്ങള്‍ വീണ്ടും അധികാരത്തിലേറിയതില്‍ 52 ശതമാനം അസ്വസ്ഥരാണ്. ഇസ്‌ലാമിസ്റ്റ് ഗ്രൂപ്പുകള്‍ അധികാരത്തില്‍ വരുന്നതില്‍ 42 ശതമാനം പേര്‍ക്ക് ആശങ്കയൊന്നുമില്ല. മതകീയ പരിവേഷമില്ലാത്ത മതേതരത്വ ഗ്രൂപ്പുകള്‍ അധികാരത്തില്‍ വരുന്നതില്‍ 59 ശതമാനം പേര്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. 33 ശതമാനം ഇതിനെ സ്വാഗതം ചെയ്തു.

അറബ് മേഖലയുടെ സുസ്ഥിരതക്ക് ഇസ്‌റാഈല്‍ ഭീഷണിയാണെന്ന് 89 ശതമാനം പേരും കരുതുന്നു. യു എസ് നയങ്ങള്‍ മേഖലയെ അസ്ഥിരീകരിച്ചുവെന്ന് 81ഉം ഇറാന്‍ നയങ്ങളാണ് കാരണമെന്ന് 73ഉം റഷ്യന്‍- ഫ്രഞ്ച് നയങ്ങളാണെന്ന് യഥാക്രമം 69ഉം 59ഉം ശതമാനം പേര്‍ അഭിപ്രായപ്പെട്ടു. ഇസ്‌റാഈലിനെ തങ്ങളുടെ രാഷ്ട്രങ്ങള്‍ ഔദ്യോഗികമായി അംഗീകരിച്ചതില്‍ 86 ശതമാനം പേരും ഈര്‍ഷ്യത രേഖപ്പെടുത്തുന്നു.
രാഷ്ട്രീയ വാര്‍ത്തകളും വിവരങ്ങളും അറിയാന്‍ 70 ശതമാനവും സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. 68 ശതമാനം പേര്‍ സാമൂഹിക മാധ്യമങ്ങളില്‍ രാഷ്ട്രീയ സംഭവങ്ങളോടുള്ള നിലപാട് പങ്കുവെക്കുന്നു. 51 ശതമാനം പേര്‍ രാഷ്ട്രീയ കാര്യങ്ങളില്‍ പങ്കെടുക്കുന്നുമുണ്ട്.