സംസ്ഥാനത്ത് ഈ വര്‍ഷം 39 ശതമാനം മഴയുടെ കുറവ്‌

Posted on: March 15, 2017 8:13 am | Last updated: March 15, 2017 at 12:15 am

കോഴിക്കോട്: സംസ്ഥാനത്ത് ഈ വര്‍ഷം 39 ശതമാനം മഴയുടെ കുറവുണ്ടായതായി പഠന റിപ്പോര്‍ട്ട്. കാല്‍നൂറ്റാണ്ടിലെ തന്നെ ഏറ്റവും കുറഞ്ഞ മഴയാണ് ഈ വര്‍ഷം ലഭിച്ചതെന്ന് സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്‌സ് ഡെവലപ്പ്‌മെന്റ് ആന്‍ഡ് മാനേജ്‌മെന്റിന്റെ പഠന റിപ്പോര്‍ട്ട് പറയുന്നു. 2924.7 മില്ലി മീറ്റര്‍ മഴയാണ് കേരളത്തിന് ലഭിക്കേണ്ടത്. എന്നാല്‍, ലഭിച്ചത് 1869.5 മില്ലി മീറ്ററാണ്. കാലവര്‍ഷവും തുലാവര്‍ഷവും ഒരു പോലെ കുറഞ്ഞിട്ടുണ്ട്. കോഴിക്കോട് ജില്ലയില്‍ മാത്രം 33 ശതമാനം മഴയുടെ കുറവാണുണ്ടായത്. അടുത്ത മൂന്ന് വര്‍ഷത്തേക്ക് കേരളത്തിന് ലഭിക്കേണ്ട മഴയില്‍ കുറവുണ്ടാകുമെന്ന് കാലാവസ്ഥാ രംഗത്ത് പ്രവര്‍ത്തിക്കുന്ന വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

1997- 98ന് ശേഷം കേരളത്തില്‍ ചൂട് കൂടിവരികയാണ്. ഈ കാലയളവില്‍ കൂടിയ ചൂട് അനുഭവപ്പെട്ട മാസം 2017 ഫെബ്രുവരിയാണ്. അടുത്ത മാസം ആകുന്നതോടെ ചൂടില്‍ വലിയ വര്‍ധനവുണ്ടാകുമെന്നും മുന്നറിയിപ്പ് നല്‍കുന്നു. ചൂടിലെ വലിയ വര്‍ധനവ് കടുത്ത വരള്‍ച്ചക്ക് ഇടയാക്കിയേക്കുമെന്നും മുന്നറിയിപ്പുണ്ട്.
ദേശീയ ശരാശരിയേക്കാള്‍ മഴ സംസ്ഥാനത്തിന് ലഭിക്കുന്നുണ്ടെങ്കിലും കേരളത്തിലെ ജൈവവൈവിധ്യം നിലനിര്‍ത്താനാവശ്യമായ മഴ ലഭിക്കുന്നില്ല. മഴയുടെ വലിയ കുറവ് കുരുമുളക്, ഏലം, ജാതി പോലുള്ള നാണ്യവിളകളുടെ ഉത്പാദനത്തിന് തിരിച്ചടിയായിരിക്കുകയാണ്. കാലാവസ്ഥാ വ്യതിയാനം കാരണം തെങ്ങ്, അടക്ക, റബ്ബര്‍ കൃഷികള്‍ വ്യാപകമായ നാശത്തിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്. സ്വാഭാവിക ജലസ്രോതസ്സുകള്‍ വരണ്ടുണങ്ങുകയും ഭൂഗര്‍ഭ ജലത്തിന്റെ അളവ് ക്രമാതീതമായി കുറയുകയും ചെയ്തിട്ടുണ്ട്. ജല സംരക്ഷണത്തിനായുള്ള ബോധവത്കരണത്തിനായി അധികൃതരുടെ ഭാഗത്തു നിന്ന് കൂടുതല്‍ ബോധവത്കരണങ്ങള്‍ ആവശ്യമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.