ക്വാളിറ്റി ഗ്രൂപ്പ് ചൈനയില്‍ ഭക്ഷ്യ സംസ്‌കരണ കേന്ദ്രവും ലോജിസ്റ്റിക് ബേസും സ്ഥാപിച്ചു

Posted on: March 14, 2017 8:45 pm | Last updated: March 14, 2017 at 8:09 pm
ക്വാളിറ്റി ഇന്റര്‍നാഷനല്‍ എക്‌സിം ലിമിറ്റഡ് ചെയര്‍മാന്‍ ശംസുദ്ദീന്‍ ഒളകര ചൈനയിലെ ഗോംങ്‌സൊയില്‍ ഉദ്ഘാടനം ചെയ്യുന്നു

ദോഹ: ഖത്വര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ക്വാളിറ്റി ഗ്രൂപ്പ് ഇന്റര്‍നാഷനല്‍ ചൈനയില്‍ ഭക്ഷ്യ സംസ്‌കരണ കേന്ദ്രവും ലോജിസ്റ്റിക് ബേസും ആരംഭിച്ചു. ക്വാളിറ്റി ഇന്റര്‍നാഷനല്‍ എക്‌സിം ലിമിറ്റഡ് എന്ന പേരില്‍ ഗോംങ്‌സു നഗരത്തില്‍ തുടങ്ങിയ കമ്പനിയുടെ ഔദ്യോഗിക ഉദ്ഘാടനം ഗ്രൂപ്പ് ചെയര്‍മാന്‍ ശംസുദ്ദീന്‍ ഒളകര നിര്‍വഹിച്ചു. ചൈനയില്‍ നിന്നും വിദേശത്തു നിന്നുമുള്ള അതിഥികള്‍ ചടങ്ങില്‍ സംബന്ധിച്ചു. ചൈനയിലെ ഉത്പാദകരില്‍ നിന്നും ഭക്ഷ്യ-ഭക്ഷ്യേതര ഉത്പന്നങ്ങള്‍ നേരിട്ട് വാങ്ങി പാക്ക് ചെയ്തും ലേബല്‍ ചെയ്തും ഗള്‍ഫ് രാജ്യങ്ങളിലേക്കും ഇന്ത്യ, പശ്ചിമേഷ്യ മേഖലകളിലേക്കും കയറ്റുമതി ചെയ്യുന്ന സ്ഥാപനമായിരിക്കും ക്വാളിറ്റി ഇന്റര്‍നാഷണല്‍ എക്‌സിം ലിമിറ്റഡ്.

ചൈനയില്‍ നിന്നും നിലവാരമുള്ള ഉത്പന്നങ്ങള്‍ ഇറക്കുമതി ചെയ്ത് വര്‍ഷങ്ങളായി ക്വാളിറ്റി ഗ്രൂപ്പ് സ്വന്തം റീട്ടെയില്‍ സ്ഥാപനങ്ങള്‍ വഴി ഗള്‍ഫ് മേഖലയിലെയും ഇന്ത്യയിലെയും ഉപഭോക്താക്കള്‍ക്ക് എത്തിച്ചു നല്‍കുന്നുണ്ടെന്നും ഈ പ്രവര്‍ത്തനം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതിനായാണ് ഗോംങ്‌സുവില്‍ കമ്പനി സ്ഥാപിച്ചിരിക്കുന്നതെന്നും ശംസുദ്ദീന്‍ ഒളകര അറിയിച്ചു. ചൈനയിലെ കര്‍ഷകരുമായും നിര്‍മാതാക്കളുമായും വര്‍ഷങ്ങള്‍ നീണ്ട ബന്ധമാണ് ക്വാളിറ്റി ഗ്രൂപ്പിനുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ക്വാളിറ്റി ഇന്റര്‍നാഷണല്‍ എക്‌സിം ലിമിറ്റഡ് ഇരുനൂറിലേറെ ഉല്പാദകരില്‍ നിന്നുമാണ് ആദ്യഘട്ടത്തില്‍ ഉത്പന്നങ്ങള്‍ നേരിട്ട് സ്വീകരിക്കുന്നത്. കമ്പനിയുടെ ഓഫിസ്, വെയര്‍ഹൗസ്, പാക്കിംഗ് യൂനിറ്റുകള്‍ ഗോംങ്‌സൊ നഗരത്തിലാണ് 60 ജോലിക്കാരുമായി പ്രവര്‍ത്തിക്കുന്നത്.
ഒരു വര്‍ഷത്തിനകം ജീവനക്കാര്‍ 150 മുതല്‍ 200 വരെയായി ഉയര്‍ത്തും. 2.2 ബില്യണ്‍ അമേരിക്കന്‍ ഡോളര്‍ വിറ്റുവരവുള്ള ക്വാളിറ്റി ഗ്രൂപ്പിന്റെ കീഴില്‍ ഗള്‍ഫ് മേഖലയിലും ഇന്ത്യയിലുമായി ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ സൂപ്പര്‍മാര്‍ക്കറ്റുകള്‍, ഷോപ്പിംഗ് മാളുകള്‍, ഹോള്‍സെയില്‍ വിതരണ കേന്ദ്രങ്ങള്‍, ഭക്ഷ്യ സംസ്‌കരണ കേന്ദ്രങ്ങള്‍, ക്ലിനിക്കുകള്‍, ഐ ടി സാങ്കേതിക സ്ഥാപനങ്ങള്‍ തുടങ്ങിയവ പ്രവര്‍ത്തിക്കുന്നുണ്ട്.