താനൂര്‍ സംഘര്‍ഷം: നിയമസഭയില്‍ പ്രതിപക്ഷ ബഹളം, ഇറങ്ങിപ്പോക്ക്

Posted on: March 14, 2017 10:59 am | Last updated: March 14, 2017 at 6:04 pm

തിരുവനന്തപുരം: താനൂരില്‍ മുസ്ലിം ലീഗ് – സിപിഎം പ്രവര്‍ത്തകര്‍ തമ്മിലുള്ള സംഘര്‍ഷവുമായി ബന്ധപ്പെട്ട ചര്‍ച്ച നിയമസഭയില്‍ പ്രതിപക്ഷ ബഹളത്തില്‍ കലാശിച്ചു. താനൂരില്‍ ലീഗുകാര്‍ സ്ത്രീകളെ ആക്രമിക്കുന്നുവെന്ന സ്ഥലം എംഎല്‍എ വി അബ്ദുര്‍റഹ്മാന്റെ പരാമര്‍ശമാണ് ബഹളത്തിന് കാരണമായത്. ഇതേതുടര്‍ന്ന് മുദ്രാവാക്യം വിളികളുമായി പ്രതിപക്ഷ അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി. സ്പീക്കറെ ഭരണപക്ഷം വാടകക്ക് എടുത്തിരിക്കുകയാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തുകയും ചെയ്തു. ഇതോടെ കുറച്ച് നേരം സഭാ നടപടികള്‍ തടസ്സപ്പെട്ടു. തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

താനൂര്‍ വിഷയം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് എംഎല്‍എ എന്‍ ഷംസുദ്ദീന്‍ അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. താനൂരില്‍ സിപിഎം – പോലീസ് തേര്‍വാഴ്ചയാണ് നടക്കുന്നതെന്ന് ഷംസുദ്ദീന്‍ അടിയന്തര പ്രമേയത്തില്‍ കുറ്റപ്പെടുത്തി. തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അടിയന്തര പ്രമേയ നോട്ടീസ് മറുപടി നല്‍കി. താനൂരില്‍ പോലീസ് അതിക്രമം നടക്കുന്നില്ലെന്നും പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് പോലീസ് ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. സംഭവത്തില്‍ പോലീസ് കണ്ടാലറിയാവുന്ന രണ്ടായിരത്തോളം പേര്‍ക്കെതിരെ കേസെടുക്കുകയും 31 പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തുടര്‍ന്ന് സംസാരിച്ച വി അബ്ദുറഹ്മാന്റെ പരാമര്‍ശങ്ങളാണ് സഭയെ ബഹളത്തില്‍ മുക്കിയത്.