വാങ്ങല്‍ നികുതി പിന്‍വലിക്കണമെന്ന് ആഭരണ വ്യാപാരികള്‍

Posted on: March 14, 2017 1:30 am | Last updated: March 14, 2017 at 12:31 am

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വര്‍ണ വ്യാപാരികളുടെമേല്‍ അടിച്ചേല്‍പ്പിച്ചിട്ടുള്ള വാങ്ങല്‍ നികുതി പിന്‍വലിക്കണമെന്ന് ആള്‍കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍. 2014ലെ ധനകാര്യബില്ല് പാസ്സായതിനുശേഷം വാണിജ്യ നികുതി കമ്മീഷണര്‍ പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവുകളിലോ സര്‍ക്കുലറുകളിലോ ഒന്നുംതന്നെ കോമ്പൗണ്ടിംഗ് സമ്പ്രദായത്തില്‍ നികുതി അടച്ചുവരുന്ന വ്യാപാരികളില്‍ നിന്നും വാങ്ങല്‍ നികുതി കൂടി പിരിച്ചെടുക്കണമെന്ന് നിര്‍ദേശമില്ല. 2014ലെ ധനകാര്യ നിയമഭേദഗതിയില്‍ സംസ്ഥാനത്തിനകത്തുള്ള വില്‍പനയില്‍ മാത്രമെന്നത് കംട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ വില്‍പനയില്‍ മാത്രമല്ല വാങ്ങലിലും ബാധകമാണെന്ന നിലയില്‍ ദുര്‍വ്യാഖ്യാനം ചെയ്തതാണ് ഈ പ്രശ്‌നമുണ്ടാകാന്‍ കാരണം. കൊമ്പൗണ്ട് ചെയ്ത വ്യാപാരികള്‍ക്ക് വാങ്ങല്‍ നികുതി പിരിച്ചെടുക്കാന്‍ അവകാശമില്ലെന്നും വാങ്ങല്‍ നികുതിവിറ്റുവരവ് നികുതിയില്‍ തട്ടികിഴിക്കുക എന്നതാണ് വാറ്റ് നിയമത്തിലുള്ളത്.

ഇത് തികച്ചും നിയമവിരുദ്ധമാണെന്നും നിയമസഭ വാങ്ങല്‍ നികുതി നിയമം പാസാക്കിയിട്ടില്ലെന്നും ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇത് സംബന്ധിച്ച് മുന്നൂറോളം വ്യാപാരികള്‍ ഹൈക്കോടതിയില്‍നിന്നും സ്റ്റേ ഉത്തരവ് വാങ്ങിയിട്ടുണ്ട്. ആയിരക്കണക്കിന് വ്യാപാരികളേയും അവരുടെ കുടുംബങ്ങളേയും ബാധിക്കുന്ന വാങ്ങല്‍ നികുതി പിന്‍വലിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. വാര്‍ത്താ സമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് ഡോ. ബി ഗോവിന്ദന്‍, ട്രഷറര്‍ അഡ്വ. എസ് അബ്ദുല്‍ നാസര്‍ പങ്കെടുത്തു.
ഇതേആവശ്യം ഉന്നയിച്ച് ആള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ഇന്നലെ സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തിയ ധര്‍ണ വി കെ സി മമ്മത് കോയ എം എല്‍ എ ഉദ്ഘാടനം ചെയ്തു. വ്യാപാരികളെയും ഉപഭോക്താക്കളെയും ഒരു പോലെ ബുദ്ധിമുട്ടിലാഴ്ത്തുന്നതാണ് പര്‍ച്ചേസ് ടാക്‌സ്. ഇതിനെ കുറിച്ച് നിയമസഭ ചര്‍ച്ച ചെയ്തിട്ടുള്ളതാണ്. ഭരണപ്രതിപക്ഷ എം എല്‍ എമാര്‍ ഇത് പിന്‍വലിക്കണമെന്ന് ആവശ്യം ഉന്നയിച്ചിട്ടുമുണ്ട്. അതിനാല്‍ ഇനിയും ഇത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തേണ്ടതില്ല. പകരം പര്‍ച്ചേഴ്‌സ് ടാക്‌സ് പിന്‍വലിച്ച് വ്യാപാരികളെയും ഉപഭോക്താക്കളെയും രക്ഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, എം എല്‍ എമാരായ വി എസ് ശിവകുമാര്‍, ബി ഉബൈദുല്ല, അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ബി ഗോവിന്ദന്‍, രക്ഷാധികാരി ബി ഗിരിരാജന്‍, സംസ്ഥാന സെക്രട്ടറി സുരേന്ദ്രന്‍ കൊടുവള്ളി, ട്രഷറര്‍ അബ്ദുല്‍ നാസര്‍ പ്രസംഗിച്ചു.