Connect with us

National

സ്‌കൂളുകള്‍ ദീന്‍ദയാല്‍ ഉപാധ്യായയുടെ പുസ്തകം വാങ്ങണമെന്ന് ഉത്തരവ്

Published

|

Last Updated

ജയ്പൂര്‍: ജയ്പൂര്‍: ആര്‍ എസ് എസ് നേതാവായിരുന്ന ദീന്‍ദയാല്‍ ഉപാധ്യായയുടെ 15 വോള്യം വരുന്ന പുസ്തകം വാങ്ങണമെന്ന് മുഴുവന്‍ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍ക്കും രാജസ്ഥാന്‍ സര്‍ക്കാറിന്റെ നിര്‍ദേശം. ഭരതീയ ജന സംഘ് നേതാവായിരുന്ന ദീന്‍ദയാല്‍ ഉപാധ്യായയെ ആര്‍ എസ് എസിന്റെ ചിന്തകനായാണ് കണക്കാക്കുന്നത്. അദ്ദേഹത്തിന്റെ കത്തുകളും ലേഖനങ്ങളും പ്രസംഗങ്ങളും സമാഹരിച്ചിരിക്കുന്ന 6,000 രൂപ വിലവരുന്ന പുസ്തകങ്ങള്‍ വാങ്ങാനാണ് സ്‌കൂളുകള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം.
സ്‌കൂളുകള്‍ക്ക് പുസ്തകം വാങ്ങാന്‍ ഒരു വര്‍ഷം അനുവദിക്കുന്ന തുകയുടെ നാലിരട്ടിയാണ് ദീന്‍ ദയാലിന്റെ പുസ്തകത്തിന്റെ വില. ഈ സര്‍ക്കാര്‍ ഉത്തരവില്‍ കോടികളുടെ അഴിമതിയുണ്ടെന്നും വിദ്യാഭ്യാസം കാവിവത്കരിക്കാനുള്ള ബി ജെ പി സര്‍ക്കാറിന്റെ ശ്രമമാണ് ഇതിന് പിന്നിലെന്നും പ്രതിപക്ഷം ആരോപണവുമായി ഇതിനകം രംഗത്തെത്തിക്കഴിഞ്ഞു.

കഴിഞ്ഞ മാസം 27ന് സംസ്ഥാന സെക്കന്‍ഡറി എജ്യുക്കേഷന്‍ ഡയരക്ടറേറ്റാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഡല്‍ഹിയിലെ പ്രഭാത് പ്രകാശന്‍ എന്ന പ്രസാധക സംഘം പുറത്തിറക്കിയ “ദീന്‍ദയാല്‍ ഉപാധ്യായ സമ്പൂര്‍ണ വാങ്മയ” എന്ന പുസ്തകം എല്ലാ സ്‌കൂളുകളും നിര്‍ബന്ധമായും വാങ്ങണമെന്ന് ഉത്തരവില്‍ നിര്‍ദേശിക്കുന്നു. കഴിഞ്ഞ വര്‍ഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഈ പുസ്തകം പ്രകാശനം ചെയ്തത്.
ഔദ്യോഗിക കണക്കുകള്‍ പ്രകാരം സംസ്ഥാനത്തൊട്ടാകെ 4,074 സെക്കന്‍ഡറി സ്‌കൂളുകളും 9,444 സീനിയര്‍ സെക്കന്‍ഡറി സ്‌കൂളുകളും 132 മോഡല്‍ സ്‌കൂളുകളുമാണ് ഉള്ളത്. അതേസമയം, 80 ശതമാനം സ്‌കൂളുകളിലും മതിയായ ലൈബ്രറി സൗകര്യം പോലുമില്ലെന്നും പുസ്തകങ്ങള്‍ വാങ്ങാന്‍ വാര്‍ഷിക ബജറ്റില്‍ ഒരു സ്‌കൂളിന് 15,00- 2000 രൂപ മാത്രമാണ് അനുവദിക്കാറുള്ളതെന്നും സീനിയര്‍ എജ്യുക്കേഷന്‍ വകുപ്പ് അസിസ്റ്റന്റ് ഡയരക്ടര്‍ സുനിതാ ചാവ്‌ല പറയുന്നു.

സ്‌കൂളുകളില്‍ ഈ പുസ്തകം വാങ്ങണമെന്ന് നിര്‍ബന്ധിക്കുന്ന ബി ജെ പിയുടെ സ്ഥാപിത താത്പര്യം അനുവദിക്കില്ലെന്ന് രാജസ്ഥാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ സച്ചിന്‍ പൈലറ്റ് വ്യക്തമാക്കി. മുന്‍ ബി ജെ പി. എം പിയും സംസ്ഥാന അധ്യക്ഷനുമായ മഹേഷ് ശര്‍മയാണ് പുസ്തകത്തിന്റെ എഡിറ്റര്‍. വിലയേറിയ ഈ പുസ്തകം വാങ്ങാന്‍ സ്‌കൂളുകളെ സര്‍ക്കാര്‍ നിര്‍ബന്ധിക്കുന്നതിന് പിന്നില്‍ വലിയ അഴിമതിക്കുള്ള നീക്കമാണുള്ളതെന്നും സച്ചിന്‍ പൈലറ്റ് ചൂണ്ടിക്കാട്ടി.