സിറിയയില്‍ കുട്ടികള്‍ക്ക് നേരെ ആക്രമണങ്ങള്‍ പെരുകുന്നു

Posted on: March 14, 2017 9:18 am | Last updated: March 14, 2017 at 12:19 am
ആക്രമണത്തില്‍ ഇടതുകാല്‍ നഷ്ടപ്പെട്ട സിറിയന്‍ പെണ്‍കുട്ടി

ദമസ്‌കസ്: സിറിയയില്‍ വ്യാപകമായി കുട്ടികള്‍ ആക്രമണത്തിനിരയാകുന്നതായി യു എന്‍ റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം 652 കുട്ടികള്‍ കൊല്ലപ്പെടുകയും ആയിരത്തോളം കുട്ടികള്‍ക്ക് ആക്രമണങ്ങളില്‍ സാരവും നിസ്സാരവുമായ പരുക്കേറ്റിട്ടുമുണ്ട്. ആറ് വര്‍ഷമായി തുടരുന്ന സിറിയയിലെ ആഭ്യന്തര യുദ്ധത്തിനിടെ ഏറ്റവും കൂടുതല്‍ കുട്ടികള്‍ കൊല്ലപ്പെടുന്നത് കഴിഞ്ഞ വര്‍ഷമാണ്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഇരട്ടിയിലധികം കുട്ടികള്‍ ആക്രമണത്തിനിരയായിട്ടുണ്ടെന്ന് യു എന്‍ ബാലാവകാശ വിഭാഗം മേധാവികള്‍ വ്യക്തമാക്കി.

സിറിയന്‍ സര്‍ക്കാറിനെതിരെ വിമതര്‍ നടത്തിയ ആക്രമണത്തിലും വിമതര്‍ക്കെതിരെ സൈന്യം നടത്തിയ തിരിച്ചടിയിലും ഇസില്‍ ഭീകരുടെ ആക്രമണങ്ങളിലുമായാണ് കുട്ടികള്‍ കൊല്ലപ്പെട്ടത്. അലെപ്പോയടക്കമുള്ള നഗരങ്ങളില്‍ വ്യോമാക്രമണങ്ങള്‍ ശക്തമായത് നൂറ് കണക്കിന് കുട്ടികളുടെ ജീവന്‍ അപഹരിച്ചു. കഴിഞ്ഞ വര്‍ഷം കൊല്ലപ്പെട്ട കുട്ടികളില്‍ 255 പേര്‍ വിദ്യാലയങ്ങളിലോ സമീപത്ത് വെച്ചോയാണ് കൊല്ലപ്പെട്ടത്. സ്‌കൂളുകള്‍, ആശുപത്രികള്‍, സന്നദ്ധ സംഘടന പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് നേരെ വ്യാപകമായ ആക്രമണങ്ങളാണ് കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട്ട് ചെയ്തത്.
സിറിയയിലെ കുട്ടികള്‍ക്ക് നേരെ നടന്ന ആക്രമണങ്ങളെ കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങളാണ് യുനിസെഫ് പുറത്തുവിട്ടത്. ആക്രമണത്തിനിരയായി ആശുപത്രികളിലും അഭയാര്‍ഥി ക്യാമ്പുകളിലും കഴിയുന്ന കുട്ടികളുമായി അഭിമുഖം നടത്തിയാണ് യുനിസെഫ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
സിറിയന്‍ ഏറ്റുമുട്ടലിന് ആറ് വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ 3.2 ലക്ഷം ജനങ്ങള്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും 50 ലക്ഷത്തോളം പേര്‍ അഭയാര്‍ഥികളായിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 2011 മാര്‍ച്ചില്‍ ആരംഭിച്ച സര്‍ക്കാര്‍വിരുദ്ധ പ്രകടനങ്ങള്‍ പിന്നീട് വിമത പ്രക്ഷോഭമായി മാറുകയും രക്തരൂഷിതമായ ഏറ്റുമുട്ടലില്‍ അവസാനിക്കുകയുമായിരുന്നു. സിറിയന്‍ സര്‍ക്കാറിനെ സഹായിക്കാന്‍ റഷ്യയും വിമതര്‍ക്ക് പിന്തുണയുമായി അമേരിക്കയും രംഗത്തെത്തിയതോടെ സിറിയന്‍ കലാപം ആഭ്യന്തരയുദ്ധത്തിന് സമാനമാകുകയായിരുന്നു. ഇതിനിടെ, വിമതര്‍ക്കിടയില്‍ ഇസില്‍ തീവ്രവാദികള്‍ ശക്തിപ്രാപിച്ചത് സിറിയയെ രക്തക്കളമാക്കി മാറ്റി.

വിമതര്‍ക്കും ഇസിലിനുമെതിരെ സിറിയന്‍ സൈന്യവും റഷ്യയും സംയുക്ത സൈനിക മുന്നേറ്റം നടത്തിയതോടെ കഴിഞ്ഞ വര്‍ഷം അലെപ്പോയടക്കമുള്ള വടക്കന്‍ സിറിയന്‍ മേഖല താറുമാറായി. കഴിഞ്ഞ വര്‍ഷം കൊല്ലപ്പെട്ട കുട്ടികളിലും സാധാരണക്കാരിലും കൂടുതല്‍ വടക്കന്‍ പ്രവിശ്യകളില്‍പ്പെട്ടവരാണ്.