Connect with us

Editorial

കൈക്കൂലി

Published

|

Last Updated

അഴിമതിമുക്ത ഇന്ത്യയെക്കുറിച്ചുള്ള വാഗ്ദാനം ഭരണകൂട, രാഷ്ട്രീയ നേതൃത്വങ്ങള്‍ അടിക്കടി ആവര്‍ത്തിച്ചു കൊണ്ടിരിക്കെ രാജ്യത്ത് അഴിമതി പടര്‍ന്നു പിടിക്കുകയാണെന്ന് പഠന റിപ്പോര്‍ട്ട്. ഏഷ്യ പസഫിക് രാജ്യങ്ങളില്‍ കൈക്കൂലിയുടെ കാര്യത്തില്‍ ഇന്ത്യ ഒന്നാംസ്ഥാനത്താണെന്നാണ് അന്താരാഷ്ട്ര അഴിമതിവിരുദ്ധ ഗ്രൂപ്പായ ട്രാന്‍സ്പരന്‍സി ഇന്റര്‍നാഷനല്‍ ഈയിടെ നടത്തിയ സര്‍വേ ഫലം കാണിക്കുന്നത്. കാര്യസാധ്യങ്ങള്‍ക്കായി തങ്ങള്‍ക്ക് കൈക്കൂലി നല്‍കേണ്ടിവന്നുവെന്നാണ് സര്‍വേയില്‍ പങ്കെടുത്ത 69 ശതമാനം ഇന്ത്യക്കാരും വെളിപ്പെടുത്തിയത്. പൊലീസ് വകുപ്പിലാണ് ഏറ്റവും കൂടുതല്‍. പോലീസിനെ സമീപിക്കുന്നവരില്‍ 84 ശതമാനം പേര്‍ക്കും കൈക്കൂലി നല്‍കേണ്ടി വന്നതായി പഠനം കാണിക്കുന്നു.

അഴിമതി തടയാന്‍ പല സംവിധാനങ്ങളുമുണ്ട് രാജ്യത്ത്. പറഞ്ഞിട്ടെന്ത്? കൈക്കൂലി നല്‍കാതെ സര്‍ക്കാര്‍ മേഖലയില്‍ നിന്ന് പൗരന് അവകാശപ്പെട്ട കാര്യങ്ങള്‍ സാധിച്ചുകിട്ടുക നന്നേ പ്രയാസമാണ്. രാഷ്ട്രീയം, ബ്യൂറോക്രസി, ജുഡീഷ്യറി, സര്‍ക്കാര്‍ ആശുപത്രികള്‍, പൊതുസ്ഥാപനങ്ങള്‍ തുടങ്ങി ഒരു മേഖലയും ഇതിന്നപവാദമല്ല. കൈക്കൂലി വാങ്ങുകയോ കൊടുക്കുകയോ ചെയ്യരുതെന്നും ആരെങ്കിലും അതാവശ്യപ്പെട്ടാല്‍ വിജിലന്‍സില്‍ വിവരമറിയിക്കണമെന്നും ഫോണ്‍നമ്പര്‍ സഹിതം ഒരോ സര്‍ക്കാര്‍ ഓഫീസിലും വലിയ അക്ഷരത്തില്‍ എഴുതി വെച്ചിട്ടുണ്ട്. അതിന് തൊട്ടുതാഴെയിരുന്നാണ് ഉദ്യോഗസ്ഥര്‍ യാതൊരു സങ്കോചവുമില്ലാതെ കോഴ വാങ്ങുന്നത്. സര്‍ക്കാര്‍ സര്‍വീസിന്റെ ഒരു ഭാഗമായി അത് മാറിക്കഴിഞ്ഞു. ഭൂമി ഷജിസ്‌ട്രേഷന്‍, കെട്ടിട നിര്‍മാണത്തിനുള്ള പ്ലാന്‍, വൈദ്യുതി കണക്ഷന്‍ തുടങ്ങിയ കാര്യങ്ങള്‍ക്ക് ചില പ്രദേശങ്ങളില്‍ കൈക്കൂലിക്ക് നിശ്ചിത നിരക്കുകള്‍ തന്നെയുണ്ട്. അത് നല്‍കിയാല്‍ കാര്യങ്ങള്‍ പെട്ടെന്ന് സാധിച്ചു കിട്ടും. ഇല്ലെങ്കില്‍ ഉദ്യോഗസ്ഥര്‍ വട്ടം കറക്കും. തന്മൂലം കൈക്കൂലി ഒരു സൗകര്യമായി കാണുകയാണ് പൊതുസമൂഹം. കാര്യങ്ങള്‍ സാധിച്ചു കിട്ടുകയാണല്ലോ ആവശ്യം. വിജിലന്‍സില്‍ പരാതിപ്പെടാനും പൊല്ലാപ്പിനുമൊക്കെ ആര്‍ക്കാണ് നേരം?
കൈക്കൂലിക്കേസില്‍ ഉദ്യോഗസ്ഥര്‍ പിടിക്കപ്പെട്ട വാര്‍ത്തകള്‍ പത്രങ്ങളില്‍ പ്രത്യക്ഷപ്പെടാറുണ്ടെങ്കിലും മിക്കവയും പരല്‍ മീനുകളായിരിക്കും. ഉന്നത ഉദ്യോഗസ്ഥരോ രാഷ്ട്രീയ നേതാക്കളോ പിടിക്കപ്പെടുന്നതും ശിക്ഷിക്കപ്പെടുന്നതും അപൂര്‍വമാണ്. സംസ്ഥാനത്ത് ഈയിടെ ചീഫ് സെക്രട്ടറി അടക്കം ഒട്ടേറെ ഐ എ എസ് ഉദ്യോഗസ്ഥര്‍ക്കെതിരെ അഴിമതിയാരോപണങ്ങള്‍ ഉയരുകയുണ്ടായി. മിക്കതും വിജിലന്‍സ് അന്വേഷണത്തിലുമാണ്.

എന്നാല്‍ അന്വേഷണങ്ങളുടെ വഴിമുട്ടിക്കാന്‍ വിജിലന്‍സ് മേധാവിയെ തന്നെ മൂക്കുകയറിടാനും മെല്ലെപ്പോക്ക് സമരത്തിലൂടെ സര്‍ക്കാറിനെ സമ്മര്‍ദത്തിലാക്കാനുമുള്ള കരുനീക്കമാണിപ്പോള്‍ ഐ എ എസ് ലോബി നടത്തിക്കൊണ്ടിരിക്കുന്നത്. അഴിമതി നടത്തിയവന്‍ തന്ത്രപൂര്‍വം നിയമ നടപടികളില്‍ നിന്ന് രക്ഷപ്പെടുകയും അഴിമതിക്കാരെ ചൂണ്ടിക്കാട്ടിയവര്‍ വേട്ടയാടപ്പെടുകയും ചെയ്യുന്ന സ്ഥിതിവിശേഷമാണല്ലോ രാജ്യത്തുള്ളത്. സൈന്യത്തിലെ അഴിമതി വെളിപ്പെടുത്തിയ തേജ്ബഹാദൂര്‍ എന്ന ബി എസ് എഫ് ജവാന്‍ കൊടിയ പീഡനങ്ങള്‍ അനുഭവിക്കുമ്പോള്‍ അഴിമതി നടത്തിയ സൈനിക പ്രമുഖര്‍ സസുഖം പദവികളില്‍ തുടരുകയാണ്.
രാഷ്ട്രീയ നേതാക്കളും ഉദ്യോഗസ്ഥരും കുറഞ്ഞ കാലം കൊണ്ട് ലക്ഷാധിപതികളും കോടീശ്വരന്മാരുമായി തീരുന്നത് സാധാരണമാണ്. സ്വിസ് ബേങ്കിന്റെ താക്കോല്‍ കൈവശമാക്കിയ നിരവധി വിരുതന്മാരുമുണ്ട് കൂട്ടത്തില്‍. ഇവരുടെയൊന്നും സമ്പാദ്യത്തിന്റെ സ്രോതസ്സ് മാസശമ്പളമല്ലെന്ന് വ്യക്തമാണ്.

വന്‍തോതില്‍ പണമിറക്കിയാണ് ഓരോ സ്ഥാനാര്‍ഥിയും പാര്‍ട്ടിയും തിരഞ്ഞെടുപ്പിനെ നേരിടുന്നത്. ഇതിനായി അവര്‍ കണ്ടെത്തുന്ന പണം അവരെ കൊടിയ അഴിമതിയിലേക്ക് എത്തിക്കുകയാണ്. അഴിമതികൊണ്ട് ആര്‍ജിച്ച പണം കൊണ്ടാണ് മിക്കവരും രാഷ്ട്രീയ അധികാരം കൈയാളുന്നത്. അഴിമതിരഹിത ഭരണം പ്രകടന പത്രികയിലെ മുഖ്യ ഇനമായി പ്രഖ്യാപിക്കുന്ന പാര്‍ട്ടികള്‍ക്ക് അഴിമതിക്കേസ് പ്രതികളെ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുന്നതിലും ഉന്നത സ്ഥാനങ്ങളില്‍ കുടിയിരുത്തുന്നതിലും ഒരു സങ്കോചവുമില്ല. ആദര്‍ശരഹിത രാഷ്ട്രീയത്തില്‍ നിന്നാണ് അഴിമതി ഉടലെടുക്കുന്നത്. അഴിമതിയില്‍ നിന്ന് ആദര്‍ശരഹിത രാഷ്ട്രീയവും ഉരുത്തിരിയുന്നു. അന്താരാഷ്ട്ര ആയുധ വ്യാപാര രംഗത്ത് വര്‍ഷം തോറും ചെലവഴിക്കപ്പെടുന്ന 1,07,500 കോടി രൂപയില്‍ ഏതാണ്ടു പത്ത് ശതമാനവും, ആയുധം വാങ്ങാന്‍ സാധ്യതയുള്ളവരെ കൈക്കൂലി കൊടുത്തു സ്വാധീനിക്കാനാണ് ഉപയോഗിക്കുന്നതെന്ന് ബിട്ടീഷ് മാസികയായ ദി ഇക്കോണമിസ്റ്റ് നടത്തിയ പഠനത്തിന്റെ കണ്ടെത്തല്‍ ഉന്നത തലങ്ങളിലെ അഴിമതിയുടെ വേരുകള്‍ എത്രത്തോളം ആഴങ്ങളിലേക്കിറങ്ങിയിട്ടുണ്ടെന്ന വസ്തുതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. അഴിമതിക്കെതിരെ രാജ്യത്ത് നിരവധി ക്യാമ്പയിനുകളും സമരങ്ങളും അരങ്ങേറിയിട്ടുണ്ട്. പക്ഷേ, ഒന്നും ഉദ്ദേശിച്ച ഫലം ചെയ്തില്ലെന്നാണ് പിന്നെയും പടര്‍ന്നു കൊണ്ടിരിക്കുന്ന ഈ പ്രതിഭാസം വിളിച്ചോതുന്നത്. ആദര്‍ശ രാഷ്ട്രീയം അന്യം നില്‍ക്കുകയും സമൂഹത്തില്‍ നിന്ന് ധാര്‍മികബോധം അകന്നു പോവുകയും ചെയ്തിരിക്കെ സമരങ്ങള്‍ കൊണ്ട് മാത്രം അഴിമതി മുക്ത ഇന്ത്യയെ സൃഷ്ടിക്കാനാകില്ല. മൂല്യങ്ങളുടെ വീണ്ടെടുപ്പിലൂടെ മാത്രമേ അത് സാധ്യമാകൂ.

---- facebook comment plugin here -----

Latest