ഫലം പടര്‍ത്തുന്ന സന്ദേശം

യോജിച്ചുനിന്നാല്‍ ഫലമുണ്ടെന്ന് ബീഹാര്‍ ബോധ്യപ്പെടുത്തിയിട്ടും വിയോജിപ്പിന്റെ വഴികള്‍ തേടി നീങ്ങുന്നു സോഷ്യലിസ്റ്റ് പാര്‍ട്ടികള്‍. രാജ്യത്തിന്റെ സാമൂഹിക ഘടനയില്‍ സംഘ്പരിവാരമുണ്ടാക്കുന്ന ആഴത്തിലുള്ള മുറിവുകളെക്കാള്‍, അവര്‍ വളര്‍ത്തുന്ന വെറുപ്പിന്റെ രാഷ്ട്രീയത്തേക്കാള്‍, ഹിന്ദു രാഷ്ട്ര സ്ഥാപനത്തിലേക്കുള്ള ശ്രമങ്ങളേക്കാള്‍, ഏകാധിപത്യ പ്രവണതയേക്കാള്‍ പ്രധാനം തങ്ങള്‍ക്കിടയിലെ മൂപ്പിളമത്തര്‍ക്കമാണെന്ന വാശി കൂടിയാകുമ്പോള്‍ അവരൊരുപക്ഷേ, കോണ്‍ഗ്രസിനേക്കാള്‍ വലിയ ദുര്‍ബലതയായി ജനങ്ങള്‍ക്ക് മുന്നില്‍ അവതരിക്കുകയും ചെയ്യുന്നു. വ്യാജദേശീയതയെ കൃത്രിമ രാജ്യസ്‌നേഹത്തെ സ്ഥാപിച്ചെടുക്കുന്നതില്‍ നരേന്ദ്ര മോദി സംഘത്തിന് ഇത് തുറന്നിട്ട അവസരം ചെറുതല്ല. ആ അവസരം അവര്‍ പ്രയോജനപ്പെടുത്തിക്കഴിയുമ്പോള്‍, എതിരിടാന്‍ ശ്രമിക്കുന്നവരൊക്കെ ദേശവിരുദ്ധരായി മാറും. അവ്വിധമുള്ള ചിത്രീകരണത്തെ പ്രതിരോധിക്കുക എളുപ്പമല്ല താനും. അതാണ് വരും നാളുകളില്‍ രാജ്യത്തെ രാഷ്ട്രീയ പ്രവര്‍ത്തനം നേരിടുന്ന വലിയ വെല്ലുവിളി.
Posted on: March 14, 2017 6:37 am | Last updated: March 13, 2017 at 11:46 pm

അഞ്ച് സംസ്ഥാന നിയമസഭകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ ഫലം പൊതുവിലെടുത്താല്‍ ഭരിക്കുന്ന സര്‍ക്കാറുകള്‍ക്കെതിരായ വിധിയെഴുത്തായി കാണാവുന്നതാണ്. ഉത്തര്‍ പ്രദേശിലും ഉത്തരാഖണ്ഡിലും പഞ്ചാബിലും ഭരണകക്ഷി തൂത്തെറിയപ്പെട്ടപ്പോള്‍ ഗോവയിലും മണിപ്പൂരിലും ഭരിക്കുന്ന പാര്‍ട്ടിക്ക് വലിയ ഇടിവുണ്ടായി. ഗോവയില്‍ സീറ്റില്‍ കുറവുണ്ടായെങ്കിലും മറ്റു കക്ഷികളെ കൂടെക്കൂട്ടി സര്‍ക്കാറുണ്ടാക്കാന്‍ ബി ജെ പിക്ക് സാധിക്കുന്നു. പക്ഷേ, ബി ജെ പിയുടെ വിശ്വാസ്യതയില്‍ വലിയ ഇടിവുണ്ടായെന്നത് കാണാതിരുന്നുകൂടാ. മണിപ്പൂരില്‍ ഒക്രോം ഇബോബി സിംഗിന്റെ നേതൃത്വത്തില്‍ ദീര്‍ഘകാലം അധികാരത്തില്‍ തുടര്‍ന്ന കോണ്‍ഗ്രസിന് ശക്തമായ വെല്ലുവിളിയായി ബി ജെ പി മാറിയിരിക്കുന്നു. ഇതാദ്യമായാണ് മണിപ്പൂര്‍ നിയമസഭയില്‍ പ്രാതിനിധ്യമുണ്ടാക്കുന്നത് എന്നത് കൂടി പരിഗണിക്കുമ്പോള്‍ ബി ജെ പിയുടേത് വലിയ നേട്ടമായി തന്നെ കാണണം.
ഡല്‍ഹിയിലും ബീഹാറിലുമുണ്ടായ വലിയ പരാജയങ്ങള്‍, 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലുണ്ടായ നരേന്ദ്ര മോദി ‘പ്രഭാവ’ത്തിന് മങ്ങലേല്‍പ്പിച്ചിരുന്നു. ഉത്തര്‍ പ്രദേശിലെയും ഉത്തരാഖണ്ഡിലെയും വലിയ വിജയം ആ ‘പ്രഭാവം’ തിരിച്ചെത്തിയിരിക്കുന്നുവെന്ന പ്രതീതി ജനിപ്പിക്കുന്നതാണ്. നരേന്ദ്ര മോദി – അമിത് ഷാ അച്ചുതണ്ട് സര്‍ക്കാറിലും സംഘ്പരിവാരത്തിലും ചോദ്യം ചെയ്യപ്പെടാത്ത ശക്തിയായി നിലനില്‍ക്കുന്നു, രാജ്യത്ത് തന്നെ അതിനെ പ്രതിരോധിക്കാന്‍ ആരുമില്ലെന്ന തോന്നല്‍ ഊട്ടിയുറപ്പിക്കുന്നു. സംഘ്പരിവാരത്തെയും നരേന്ദ്ര മോദി സര്‍ക്കാറിനെയും എതിര്‍ത്തു നില്‍ക്കുന്ന രാഷ്ട്രീയ സംവിധാനങ്ങള്‍ക്ക് ഇവ്വിധം ഉയര്‍ത്തിക്കാട്ടാന്‍ ആരുണ്ടെന്ന ചോദ്യം കൂടുതല്‍ പ്രസക്തമായി നില്‍ക്കുകയും ചെയ്യുന്നു.

ഉത്തരാഖണ്ഡ്, പഞ്ചാബ്, ഗോവ എന്നിവിടങ്ങളിലെ ജനവിധി പ്രതീക്ഷിക്കപ്പെട്ടതാണ്. ഉത്തര്‍ പ്രദേശും മണിപ്പൂരും അല്‍പം അതിശയം ജനിപ്പിക്കുകയും ചെയ്യുന്നു. നിയമസഭയില്‍ ഇതുവരെ പ്രാതിനിധ്യമില്ലാതിരുന്ന ബി ജെ പി, ചെറുപാര്‍ട്ടികളെ കൂടെക്കൂട്ടി ഭരണത്തിലേറാന്‍ ഒരുങ്ങുന്നുവെന്നതാണ് അതിശയം സൃഷ്ടിക്കുന്നതെങ്കില്‍ ഉത്തര്‍പ്രദേശിലേത് ബി ജെ പി നേടിയ വലിയ ജയമാണ്. ഉത്തര്‍ പ്രദേശില്‍ ബി ജെ പി അധികാരത്തിലേറുമെന്ന് കണക്കുകൂട്ടിയവര്‍ പോലും ഇത്രയും വലിയ ജയം പ്രതീക്ഷിച്ചിരുന്നില്ല. വോട്ടെടുപ്പിന് മുമ്പും പിമ്പും നടന്ന സര്‍വേകളൊന്നും ഇത്ര വലിയ ജയം പ്രവചിച്ചിരുന്നുമില്ല. ഉത്തര്‍പ്രദേശിലെ വലിയ ജയം 2019ലെ പൊതു തിരഞ്ഞെടുപ്പിലേക്ക് കൂടുതല്‍ ആത്മവിശ്വാസത്തോടെ നടക്കാന്‍ നരേന്ദ്ര മോദിക്കും സംഘ്പരിവാരത്തിനും കരുത്തുനല്‍കുമെന്നതില്‍ തര്‍ക്കം വേണ്ട. അതിലേക്ക് അവരെ എത്തിച്ചതില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കുള്ള പങ്കാണ് വിമര്‍ശ ബുദ്ധിയോടെ വിലയിരുത്തേണ്ടത്.

ഉത്തര്‍ പ്രദേശില്‍ ഭരണകക്ഷിയായിരുന്ന സമാജ്‌വാദി പാര്‍ട്ടിയില്‍ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പുണ്ടായ ആഭ്യന്തര കലഹം, അഖിലേഷ് യാദവിന് വലിയ പ്രതിച്ഛായ സമ്മാനിച്ചുവെന്ന വിലയിരുത്തലുണ്ടായിരുന്നുവെങ്കിലും അവരെ പിന്തുണച്ചിരുന്ന ജനങ്ങളെ അസന്തുഷ്ടരാക്കിയെന്ന് വോട്ടെണ്ണിക്കഴിഞ്ഞപ്പോള്‍ വ്യക്തമായിരിക്കുന്നു. പാര്‍ട്ടിയിലുണ്ടായ ചേരിതിരിവ് മുലായം പക്ഷത്തെയും അഖിലേഷ് പക്ഷത്തെയും സ്ഥാനാര്‍ഥികളെ പരസ്പരം കാലുവാരുന്നതിലേക്ക് എത്തിച്ചിട്ടുണ്ടാകണം. 100 മുസ്‌ലിം സ്ഥാനാര്‍ഥികളെ മത്സരിപ്പിച്ച് മുസ്‌ലിം – ദളിത് സമവാക്യം തീര്‍ത്ത് അധികാരം പിടിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട ബി എസ് പി ന്യൂനപക്ഷ വോട്ടുകളെ ഭിന്നിക്കുന്നതില്‍ വലിയ പങ്കുവഹിച്ചു. എസ് പി – കോണ്‍ഗ്രസ് സഖ്യത്തിനും ബി എസ് പിക്കുമായി മുസ്‌ലിം വോട്ടുകള്‍ വിഭജിക്കപ്പെട്ടപ്പോള്‍ ന്യൂനപക്ഷ വോട്ടുകള്‍ നിര്‍ണായകമായ നൂറ്റിനാല്‍പ്പതോളം സീറ്റുകളില്‍ 100 എണ്ണത്തിലും ബി ജെ പിക്ക് ജയം എളുപ്പമായി.
മുസ്‌ലിം – യാദവ വോട്ടുകളുടെ ഏകീകരണം സമാജ്‌വാദിയും മുസ്‌ലിം – ദളിത് വോട്ടുകളുടെ ഏകീകകണം ബി എസ് പിയും ലക്ഷ്യമിട്ടപ്പോള്‍ ഹിന്ദു വോട്ടുകളുടെ ഏകീകരണം സംഘ്പരിവാരത്തിന് എളുപ്പത്തില്‍ നേടിയെടുക്കാനായി. മുസഫര്‍പൂരില്‍ സൃഷ്ടിച്ച വര്‍ഗീയ സംഘര്‍ഷം, ദാദ്രിയില്‍ മാട്ടിറച്ചിയുടെ പേരില്‍ നടത്തിയ കൊലപാതകം തുടങ്ങി നേരത്തെ മുതല്‍ ആരംഭിച്ചിരുന്ന വര്‍ഗീയ ധ്രുവീകരണത്തിന്റെ വിളവെടുപ്പ്, മുസ്‌ലിമായ ഒരാളെപ്പോലും സ്ഥാനാര്‍ഥിയാക്കേണ്ടതില്ലെന്ന് തീരുമാനിച്ച്, വിഘാതമൊന്നും കൂടാതെ നടത്തുകയായിരുന്നു സംഘ്പരിവാരം. അതിന് പാകത്തിലുള്ള വര്‍ഗീയ വിഷം ബി ജെ പിയുടെ പ്രചാരണ വേദികളിലെല്ലാം മുഴങ്ങി. പ്രധാനമന്ത്രി നരേന്ദ്ര മോദി അതിന് നേരിട്ട് കാര്‍മികത്വം വഹിക്കുകയും ചെയ്തു. ഈ പ്രചാരണത്തെ ഫലപ്രദമായി പ്രതിരോധിക്കാന്‍ എസ് പി – കോണ്‍ഗ്രസ് സഖ്യത്തിനോ ബി എസ് പിക്കോ സാധിച്ചില്ല.
മറ്റ് പിന്നാക്ക വിഭാഗങ്ങളില്‍ യാദവരൊഴികെയുള്ള ജാതികള്‍ക്കും ദളിതുകളില്‍ മായവതിക്കൊപ്പം നില്‍ക്കുന്ന വിഭാഗത്തിന് പുറത്തുള്ളവര്‍ക്കും സ്ഥാനാര്‍ഥിപ്പട്ടികയില്‍ വലിയ പ്രാതിനിധ്യം നല്‍കിക്കൊണ്ട്, എസ് പിയുടെയും ബി എസ് പിയുടെയും വോട്ടുകളിലേക്ക് കടന്നുകയറാന്‍ ബി ജെ പിക്ക് സാധിക്കുകയും ചെയ്തു. മറ്റു പിന്നാക്ക – ദളിത് വിഭാഗങ്ങള്‍ക്കിടയില്‍ സ്വാധീനമുറപ്പിക്കുകയാണ് ബി ജെ പി എന്ന് 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഫലം പറഞ്ഞുകൊടുത്തിട്ടും അതിനെ മറികടക്കാന്‍ പാകത്തിലുള്ള തന്ത്രങ്ങള്‍ ആവിഷ്‌കരിക്കാന്‍ എസ് പിയോ ബി എസ് പിയോ ശ്രമിച്ചുമില്ല. കാല്‍ക്കീഴിലെ മണ്ണ് ഇളകുന്നത് മനസ്സിലാക്കാന്‍ സാധിക്കാത്ത വിധത്തിലുള്ള അമിത ആത്മവിശ്വാസത്തിലേക്ക് ഈ പാര്‍ട്ടികള്‍ എത്തിപ്പെട്ടുവെന്ന് ചുരുക്കം. ഭരണവിരുദ്ധ വികാരം തങ്ങളെ തുണക്കുമെന്ന പൂര്‍ണ വിശ്വാസത്തില്‍ ബി എസ് പിയും കോണ്‍ഗ്രസുമായുണ്ടാക്കിയ സഖ്യം ശതമാനക്കണക്കിലുണ്ടാക്കുന്ന നേട്ടം ഭരണത്തുടര്‍ച്ച സൃഷ്ടിക്കുമെന്ന ഉറപ്പില്‍ എസ് പിയും ഇരുന്നത്, ബി ജെ പിക്കും നരേന്ദ്ര മോദി – അമിത് ഷാ സഖ്യത്തിനും കാര്യങ്ങള്‍ എളുപ്പമാക്കിക്കൊടുത്തു.

സംഘ്പരിവാരം സൃഷ്ടിക്കാന്‍ ശ്രമിച്ചിരുന്ന വ്യാജ ദേശീയതക്ക് നരേന്ദ്ര മോദി ശക്തമായ അടിത്തറ സൃഷ്ടിച്ചെടുത്തിരിക്കുന്നുവെന്നതാണ് ഉത്തര്‍ പ്രദേശിലെ തിരഞ്ഞെടുപ്പുഫലം നല്‍കുന്ന വലുതും അപകടകരവുമായ സന്ദേശം. അതിനെ മറികടക്കുക ശിഥിലവും ദുര്‍ബലവുമായ പ്രതിപക്ഷത്തിന് അത്ര എളുപ്പമല്ലെന്നും. നിയന്ത്രണരേഖ കടന്ന് നടത്തിയ സൈനിക നടപടിയും ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ട് പിന്‍വലിക്കാനുള്ള തീരുമാനവുമാണ് വ്യാജ ദേശീയതയുടെ സ്ഥാപനത്തിനായി മോദി – അമിത് ഷാ സഖ്യം ഫലപ്രദമായി ഉപയോഗിച്ചത്. ഈ രണ്ട് കാര്യങ്ങളുടെയും ഫലശൂന്യതയോ കൊട്ടിഘോഷിക്കപ്പെടുന്ന ലക്ഷ്യങ്ങളൊന്നും നേടിയിട്ടില്ലെന്ന വസ്തുതയോ ജനത്തെ ബോധ്യപ്പെടുത്താന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് സാധിച്ചതുമില്ല.
നോട്ട് പിന്‍വലിക്കല്‍ കള്ളപ്പണത്തിനും അഴിമതിക്കുമെതിരായ വലിയ ആയുധമായിരുന്നുവെന്നും അതിലൂടെ ലക്ഷ്യമാക്കപ്പെട്ടത് വന്‍കിടക്കാരായിരുന്നുവെന്നുമാണ് ഉത്തര്‍ പ്രദേശിലുടനീളം നരേന്ദ്ര മോദി പ്രസംഗിച്ചത്. ഈ നടപടി സാധാരണക്കാര്‍ക്കുണ്ടാക്കിയ പ്രയാസങ്ങള്‍, അവര്‍ രാജ്യത്തിനായി അനുഷ്ഠിച്ച ത്യാഗമായി കണക്കാക്കുമെന്നും വരും നാളുകള്‍ സാധാരണക്കാര്‍ക്ക് സമ്പല്‍ സമൃദ്ധിയുടേതാകുമെന്നും പ്രചരിപ്പിക്കപ്പെട്ടു. വലിയ തോതില്‍ നടത്തിയ ഈ പ്രചാരണത്തെ വസ്തുതകള്‍ നിരത്തി നിഷേധിക്കാന്‍ ആര്‍ക്കും സാധിച്ചില്ല. കള്ളപ്പണസൃഷ്ടിയുടെ വഴികളൊക്കെ നിലനില്‍ക്കുകയാണെന്നും ഒരു കുത്തക കമ്പനിയെയും ഈ നടപടി അലോസരപ്പെടുത്തിയിട്ടില്ലെന്നും സ്ഥാപിക്കാന്‍ പാകത്തില്‍, അത് ജനമനസ്സിലേക്ക് എത്തിക്കാന്‍ പാകത്തില്‍ ആരുമുണ്ടായിരുന്നില്ല, തത്കാലം ആരുമില്ല, മോദി – സംഘ്പരിവാര്‍ വിരുദ്ധ സംഘത്തില്‍. ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെക്കൊണ്ട് അതു സാധിക്കില്ലെന്ന് ബോധ്യപ്പെട്ടിട്ടും ആ ദുര്‍ബല ശബ്ദത്തെ ആശ്രയിക്കാനല്ലാതെ മറ്റൊന്നിനും കഴിയാതെ നില്‍ക്കുന്നു കോണ്‍ഗ്രസ് പാര്‍ട്ടി.

യോജിച്ചുനിന്നാല്‍ ഫലമുണ്ടെന്ന് ബീഹാര്‍ ബോധ്യപ്പെടുത്തിയിട്ടും വിയോജിപ്പിന്റെ വഴികള്‍ തേടി നീങ്ങുന്നു സോഷ്യലിസ്റ്റ് പാര്‍ട്ടികള്‍. രാജ്യത്തിന്റെ സാമൂഹിക ഘടനയില്‍ സംഘ്പരിവാരമുണ്ടാക്കുന്ന ആഴത്തിലുള്ള മുറിവുകളെക്കാള്‍, അവര്‍ വളര്‍ത്തുന്ന വെറുപ്പിന്റെ രാഷ്ട്രീയത്തേക്കാള്‍, ഹിന്ദു രാഷ്ട്ര സ്ഥാപനത്തിലേക്കുള്ള ശ്രമങ്ങളേക്കാള്‍, ഏകാധിപത്യ പ്രവണതയേക്കാള്‍ പ്രധാനം തങ്ങള്‍ക്കിടയിലെ മൂപ്പിളമത്തര്‍ക്കമാണെന്ന വാശി കൂടിയാകുമ്പോള്‍ അവരൊരുപക്ഷേ, കോണ്‍ഗ്രസിനേക്കാള്‍ വലിയ ദുര്‍ബലതയായി ജനങ്ങള്‍ക്ക് മുന്നില്‍ അവതരിക്കുകയും ചെയ്യുന്നു. വ്യാജദേശീയതയെ കൃത്രിമ രാജ്യസ്‌നേഹത്തെ സ്ഥാപിച്ചെടുക്കുന്നതില്‍ നരേന്ദ്ര മോദി സംഘത്തിന് ഇത് തുറന്നിട്ട അവസരം ചെറുതല്ല. ആ അവസരം അവര്‍ പ്രയോജനപ്പെടുത്തിക്കഴിയുമ്പോള്‍, എതിരിടാന്‍ ശ്രമിക്കുന്നവരൊക്കെ ദേശവിരുദ്ധരായി മാറും. അവ്വിധമുള്ള ചിത്രീകരണത്തെ പ്രതിരോധിക്കുക എളുപ്പമല്ല താനും. അതാണ് വരും നാളുകളില്‍ രാജ്യത്തെ രാഷ്ട്രീയ പ്രവര്‍ത്തനം നേരിടുന്ന വലിയ വെല്ലുവിളി.
ഈ തീവ്ര വലതുപക്ഷ – വര്‍ഗീയ രാഷ്ട്രീയത്തെ വികസനോന്മുഖമെന്ന് ചിത്രീകരിക്കുന്നതിലും കൈയടക്കം കാട്ടുന്നു നരേന്ദ്ര മോദി. തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം നടത്തിയ പ്രതികരണത്തില്‍ ജനങ്ങളുടെ ഭാഗത്തുനിന്നുണ്ടായത് വൈകാരിക പ്രതികരണമല്ലെന്നും വികസനനയങ്ങള്‍ക്കുള്ള പിന്തുണയാണെന്നും മോദി പറഞ്ഞു. വികസനമെന്നാല്‍, ഭൂരിപക്ഷ മതത്തിന്റെയാകെ പ്രാതിനിധ്യം അവകാശപ്പെടുന്ന തങ്ങള്‍ മുന്നോട്ടുവെക്കുന്ന നയങ്ങളുടെ ഫലമാണെന്നും ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് അധികാരത്തിലുള്ള പങ്കാളിത്തം ഇല്ലാതാക്കലാണെന്നുമുള്ള ധാരണ ജനമനസ്സില്‍ സൃഷ്ടിക്കപ്പെടുകയാണ്. അതാണ് പുതിയ ഇന്ത്യയെന്നും.
സ്‌കൂള്‍ കുട്ടികളുടെ ഉച്ചഭക്ഷണം മുതലിങ്ങോട്ട് സകലതും ആധാര്‍ ബന്ധിതമാക്കി സബ്‌സിഡികള്‍ പരിമിതപ്പെടുത്താന്‍ നടക്കുന്ന ശ്രമങ്ങള്‍, പൊതുവിപണിയിലുള്ള സര്‍ക്കാര്‍ ഇടപെടല്‍ കുറയുന്നത് ഉണ്ടാക്കാന്‍ ഇടയുള്ള വിലക്കയറ്റം, ഏതാണ്ടെല്ലാ മേഖലകളിലും നടക്കുന്ന കുത്തകവത്കരണശ്രമങ്ങള്‍, അത് കോടിക്കണക്കായ ദരിദ്രരെ കൂടുതല്‍ ദാരിദ്ര്യത്തിലേക്ക് തള്ളിവിടാനുള്ള സാധ്യത, ധനശേഷിയുള്ളവര്‍ വിഭവങ്ങള്‍ക്ക് മേല്‍ കൈവരിക്കുന്ന സ്വാധീനം പൗരന്‍മാരുടെ അവകാശങ്ങളെ ഇല്ലാതാക്കുമെന്ന ആശങ്ക ഇവ്വിധമുള്ളതൊന്നും ദേശീയതയുടെ ഭാഗമല്ലാതിരിക്കെ, ദേശീയത കഴിഞ്ഞേ ജനത്തിന് സ്ഥാനമുള്ളൂ എന്നിരിക്കെ, രാജ്യസ്‌നേഹത്തിന്റെ ശബ്ദഘോഷം മാത്രമേ ഉയര്‍ന്നുകേള്‍ക്കൂ എന്നിരിക്കെ ഉത്തര്‍ പ്രദേശും മണിപ്പൂരും മുന്‍ചൊന്ന അതിശയം സമ്മാനിക്കുന്നില്ല. അത് തിരിച്ചറിയാതെ പ്രവര്‍ത്തിക്കുന്ന കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ മാത്രമാണ് അതിശയമായി തുടരുക. പഞ്ചാബ് ഒരപവാദം മാത്രം. ആ അപവാദത്തില്‍ ബി ജെ പിയേക്കാള്‍ പങ്കുള്ളത് ശിരോമണി അകാലി ദളിനാണല്ലോ!