Connect with us

Gulf

അല്‍ ഹൊസന്‍ കോട്ട നവീകരിക്കുന്നു; അടുത്ത വര്‍ഷം പൂര്‍ത്തിയാകും

Published

|

Last Updated

അബുദാബി: പൗരാണികത വിളിച്ചോതുന്ന അബുദാബി അല്‍ ഹൊസന്‍ കോട്ട നവീകരിക്കുന്നു. അബുദാബിയുടെ പ്രൗഢിയും ചരിത്ര പാരമ്പര്യവും തങ്ങിനില്‍ക്കുന്ന പുരാതന കോട്ടയുടെ നവീകരണ ജോലികള്‍ അടുത്ത വര്‍ഷം പൂര്‍ത്തീകരിക്കും. ടൂറിസം ആന്‍ഡ് കള്‍ചര്‍ അതോറിറ്റിയുടെ നേതൃത്വത്തിലാണ് നവീകരണം. അബുദാബിയുടെ ഭരണ സിരാകേന്ദ്രമായിരുന്നു അല്‍ ഹൊസന്‍ കോട്ട. നിരീക്ഷണ സൗകര്യങ്ങളുള്ള കാവല്‍ക്കോട്ടയായി 1760ലാണ് നിര്‍മിച്ചത്. അബുദാബി ദ്വീപിലെ ശുദ്ധജല കിണറിന്റെ സംരക്ഷണത്തിനായി ചുറ്റുപാടും നിരീക്ഷണ ഭടന്മാരെ നിയോഗിച്ചിരുന്നതും ഈ കാവല്‍ഗോപുരത്തിലായിരുന്നു. 18-ാം നൂറ്റാണ്ട് മുതല്‍ അല്‍ നഹ്‌യാന്‍ കുടുംബത്തിനു കീഴിലുള്ള അബുദാബിയുടെ ഭരണ ചരിത്രവുമായും ഈ കെട്ടിടത്തിനുള്ള ബന്ധം വളരെ പ്രധാനമാണ്. കോട്ട കാലക്രമേണ അബുദാബി ഭരണാധികാരിയുടെ കൊട്ടാരമായി വികസിപ്പിച്ചു. ഇന്നത്തെ മട്ടില്‍ നവീകരിച്ചത് 1970-1980 കാലത്താണ്.അബുദാബി കിരീടാവകാശിയും യു എ ഇ സായുധസേനാ ഉപ മേധാവിയുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ നവീകരണ പദ്ധതി ഉദ്ഘാടനം ചെയ്തു. ശൈഖ് മുഹമ്മദ് ബിന്‍ സായിദിനൊപ്പം രാജകുടുംബാംഗങ്ങളും മുതിര്‍ന്ന ഉദ്യോഗസ്ഥരും നയതന്ത്ര പ്രതിനിധികളും അല്‍ ഹൊസന്‍ പാലസിലെത്തി.

ശൈഖ് സുറൂര്‍ ബിന്‍ മുഹമ്മദ് അല്‍ നഹ്‌യാന്‍, അബുദാബി എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ഡെപ്യൂട്ടി ചെയര്‍മാന്‍ ശൈഖ് ഹസ്സ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍, സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാന്റെ ചാരിറ്റബിള്‍ ആന്‍ഡ് ഹ്യൂമാനിറ്റേറിയന്‍ ഫൗണ്ടേഷന്‍ ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ശൈഖ് നഹ്‌യാന്‍ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍, അബുദാബി ക്രൗണ്‍പ്രിന്‍സ് കോര്‍ട് ചീഫ് ശൈഖ് ഹമദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍, വിദേശകാര്യ-രാജ്യാന്തര സഹകരണ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്‌യാന്‍, സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാന്‍ ചാരിറ്റബിള്‍ ആന്‍ഡ് ഹ്യൂമാനിറ്റേറിയന്‍ ഫൗണ്ടേഷന്‍ ട്രസ്റ്റി ബോര്‍ഡ് ഡെപ്യൂട്ടി ചെയര്‍മാന്‍ ശൈഖ് ഉമര്‍ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍, സാംസ്‌കാരിക-വൈജ്ഞാനിക വികസന മന്ത്രി ശൈഖ് നഹ്‌യാന്‍ ബിന്‍ മുബാറക് അല്‍ നഹ്‌യാന്‍, മുതിര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു.

Latest