ഫ്രീക്കനായതിന്റെ പേരില്‍ പരീക്ഷ എഴുതാന്‍ അനുവദിക്കാതെ ബുദ്ധിമുട്ടിച്ചുവെന്ന് പരാതി

Posted on: March 11, 2017 1:16 pm | Last updated: March 11, 2017 at 1:16 pm
SHARE

ഒറ്റപ്പാലം: എസ് എസ് എല്‍ സി പരീക്ഷ എഴുതാന്‍ എത്തിയ വിദ്യാര്‍ഥിയുടെ ഫ്രീക്ക് സ്‌റ്റൈല്‍ കണ്ട് പരീക്ഷയെഴുതാന്‍ സമ്മതിക്കില്ലെന്ന് പറഞ്ഞ് സ്‌കൂള്‍ അധികൃതര്‍ വിദ്യാര്‍ഥിയെ ബുദ്ധിമുട്ടിച്ചതായി പരാതി.

ഒറ്റപ്പാലം കണ്ണിയം പുറത്തുള്ള സെവന്‍ത്ത് ഡേ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം. ഇന്നലെ രാവിലെ എസ് എസ എല്‍ സി പരീക്ഷ എഴുതുവാന്‍ സ്‌കൂളില്‍ എത്തിയ മണികണ്ഠന്‍ എന്ന വിദ്യാര്‍ത്ഥയോടാണ് ഫ്രീക്കനായതിന്റെ പേരില്‍ പരീക്ഷ എഴുതുവാന്‍ സമ്മതിക്കില്ലെന്ന നിലപാട് സ്‌കൂള്‍ അധികൃതര്‍ സ്വീകരിച്ചത്. മുടി വെട്ടിവരണമെന്ന അധികൃതരുടെ ആവശ്യം മണികണ്ഠന്‍ അനുസരിച്ചിരുന്നതായും എന്നാല്‍ മുടി വെട്ടിയത് ശരിയായില്ലെന്നും പറഞ്ഞ് പരീക്ഷ എഴുതാന്‍ അനുവദിക്കില്ലെന്ന നിലപാട് അധികൃതര്‍ സ്വീകരിക്കുകയായിരുന്നെന്നും മണികണ്ഠന്‍ പറഞ്ഞു.

ഇതോടെ പരീക്ഷ എഴുതാന്‍ കഴിയില്ലെന്ന ആശങ്കയുമായി മണികണ്ഠന്‍ രക്ഷിതാക്കളയും ട്യൂഷന്‍ സെന്റര്‍ അധികൃതരുടെയും സഹായം തേടി. തുടര്‍ന്ന് ചില വിദ്യാര്‍ഥി യുവജന സംഘടനകള്‍ പ്രശ്‌നത്തില്‍ ഇടപെട്ട് സ്‌കൂള്‍ അധികൃതരുമായി സംസാരിച്ചു. പ്രശ്‌നം വഷളാകുമെന്ന അവസ്ഥ എത്തിയതോടെ വിഷയത്തില്‍ സ്‌കൂള്‍ അധികാരികള്‍ പ്രശ്‌നത്തില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു.

ഇതോടെയാണു മണികണ്ഠന് പരീക്ഷ എഴുതുവാന്‍ സാധിച്ചത്. എന്നാല്‍ വിദ്യാര്‍ത്ഥിയോട് മുടി വെട്ടി അച്ചടക്ക സംബന്ധമായ നിര്‍ദേശം പാലിക്കണമെന്ന ആവശ്യം ഉന്നയിച്ചിരുന്നുള്ളൂ എന്നും പരീക്ഷ എഴുതുന്നത് തടയാന്‍ ശ്രമിച്ചിട്ടില്ലെന്നും സ്‌കൂള്‍ മാനേജ്‌മെന്റ് വിശദീകരിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here