അഫിലിയേഷന്‍ വാഗ്ദാനം ചെയ്ത് 68 ലക്ഷം രൂപയുടെ തട്ടിപ്പ്: ജാമ്യം തള്ളി

Posted on: March 11, 2017 12:52 pm | Last updated: March 11, 2017 at 12:52 pm

മഞ്ചേരി: സ്ഥാപനത്തിന് റെയില്‍വെ അഫിലിയേഷന്‍ വാങ്ങി നല്‍കാമെന്ന് വാഗ്ദാനം നല്‍കി 68 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന കേസില്‍ റിമാന്റില്‍ കഴിയുന്ന പ്രതിയുടെ ജാമ്യാപേക്ഷ മഞ്ചേരി ജില്ലാ സെഷന്‍സ് കോടതി തള്ളി. തമിഴ്‌നാട് തഞ്ചാവൂര്‍ കുംഭകോണം പട്ടീശ്വരം രാജരാജ നഗര്‍ പത്മനാഭന്‍ (46)ന്റെ ജാമ്യാപേക്ഷയാണ് തള്ളിയത്.

പെരിന്തല്‍മണ്ണ സോമനാഥന്‍ എജ്യൂക്കേഷന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് സെക്രട്ടറിയാണ് പരാതിക്കാരന്‍. ട്രസ്റ്റിനു കീഴിലുള്ള സ്ഥാപനങ്ങള്‍ക്ക് ആള്‍ ഇന്ത്യ റെയില്‍ സേഫ്റ്റി കൗണ്‍സിലിന്റെ റെയില്‍വെ ഉദ്യോഗാര്‍ത്ഥികളെ പഠിപ്പിക്കുന്നതിനുള്ള അഫിലിയേഷന്‍ വാങ്ങി നല്‍കാമെന്ന് വിശ്വസിപ്പിച്ച് 68 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് കേസ്. മാട്ടുമ്മല്‍ ശ്രീധര്‍മാ ചാരിറ്റബിള്‍ ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി വലമ്പൂര്‍ വെള്ളോട്ടില്‍ വഴകുന്നത്ത് വിനയകുമാര്‍ കേസിലെ ഒന്നാം പ്രതിയും സെക്രട്ടറി ലക്ഷ്മണരാജ് രണ്ടാം പ്രതിയുമാണ്. 2016 ജൂലൈ 12ന് പ്രതികള്‍ 20 ലക്ഷം രൂപയും ജൂലൈ 25ന് 12 ലക്ഷം രൂപ വീതമുള്ള നാല് ഡി ഡി കളും നല്‍കിയതായി പരാതിയില്‍ പറയുന്നു. 2017 ഫെബ്രുവരി രണ്ടിന് ചെന്നൈയില്‍ വെച്ച് അറസ്റ്റിലായ മൂന്നാം പ്രതിയെ പെരിന്തല്‍മണ്ണ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്യുകയായിരുന്നു.