യു പിയില്‍ ബി ജെ പി; പഞ്ചാബില്‍ കോണ്‍ഗ്രസ്; ഗോവയിലും മണിപ്പൂരിലും തൂക്കുസഭ

  • ഉത്തരാഖണ്ഡില്‍ ബി ജെ പി
  • അഞ്ചിടങ്ങളിലും ഭരണവിരുദ്ധ വികാരം
  • ഗോവയിലും മണിപ്പൂരിലും കോണ്‍ഗ്രസ് വലിയ കക്ഷി
  • പഞ്ചാബില്‍ എ എ പിക്ക് രണ്ടാം സ്ഥാനം
  • പര്‍സേക്കറിനും റാവത്തിനും തോല്‍വി
Posted on: March 11, 2017 8:23 am | Last updated: March 12, 2017 at 10:35 am

ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ നിര്‍ണായക മത്സരം നടന്ന ഉത്തര്‍പ്രദേശില്‍ ബി ജെ പിക്ക് നാലില്‍ മൂന്ന് ഭൂരിപക്ഷം. ഇവിടെ എസ് പി- കോണ്‍ഗ്രസ് സഖ്യം തകര്‍ന്നടിഞ്ഞു. ഉത്തര്‍പ്രദേശിന് പുറമെ ഉത്തരാഖണ്ഡിലും ബി ജെ പി കേവല ഭൂരിപക്ഷം നേടിയപ്പോള്‍ പഞ്ചാബില്‍ കോണ്‍ഗ്രസ് പത്ത് വര്‍ഷത്തെ ഇടവേളക്ക് ശേഷം അധികാരം പിടിച്ചു. ഇവിടെ അകാലിദള്‍- ബി ജെ പി സഖ്യം തകര്‍ന്നു തരിപ്പണമായി.

ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന മണിപ്പൂരിലും ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന് ബി ജെ പി പ്രതീക്ഷിച്ച ഗോവയിലും ആര്‍ക്കും കേവല ഭൂരിപക്ഷമില്ല. രണ്ടിടത്തും കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. പഞ്ചാബില്‍ അധികാരം പിടിക്കുമെന്ന് എക്‌സിറ്റ് പോളുകള്‍ പ്രവചിച്ചിരുന്ന ആം ആദ്മി പാര്‍ട്ടി രണ്ടാമത്തെ വലിയ കക്ഷിയായി.

ശക്തമായ ഭരണവിരുദ്ധ വികാരമാണ് അഞ്ച് സംസ്ഥാനങ്ങളിലും അലയടിച്ചത്. മണിപ്പൂരില്‍ മാത്രമാണ് ഭരണകക്ഷി അധികാരത്തില്‍ തുടരാന്‍ സാധ്യതയുള്ളത്. ഗോവയിലും ഉത്തരാഖണ്ഡിലും മുഖ്യമന്ത്രിമാര്‍ പരാജയപ്പെട്ടു.

യു പിയില്‍ മോദി ഇഫക്ട്

മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ നേതൃത്വത്തിലുള്ള സമാജ്‌വാദി പാര്‍ട്ടിയും കോണ്‍ഗ്രസും സഖ്യമായി മത്സരിച്ച ഉത്തര്‍പ്രദേശില്‍ ആകെയുള്ള 403 സീറ്റില്‍ 312ഉം നേടി ബി ജെ പി അധികാരത്തിലെത്തി. എസ് പി- കോണ്‍ഗ്രസ് സഖ്യത്തിന് 54 സീറ്റ് മാത്രമേ നേടാനായുള്ളൂ. മായാവതിയുടെ നേതൃത്വത്തിലുള്ള ബി എസ് പി 19 സീറ്റില്‍ ഒതുങ്ങി. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യു പിയില്‍ ബി ജെ പി നേടിയ വിജയത്തിന്റെ സമാനമാണ് ഇത്തവണത്തെ വിജയം.

പതിനഞ്ച് വര്‍ഷത്തിനു ശേഷമാണ് ഉത്തര്‍ പ്രദേശില്‍ ബി ജെ പി അധികാരത്തിലെത്തുന്നത്. രാമക്ഷേത്ര വിവാദം ശക്തമായി ഉയര്‍ന്നുനിന്ന 91ല്‍ അന്നുണ്ടായിരുന്ന 425 സീറ്റില്‍ 221 നേടിയതാണ് ഇതിന് മുമ്പ് ബി ജെ പി നേടിയ ഏറ്റവും വലിയ വിജയം. ഗാന്ധി കുടുംബത്തിന് സ്വാധീനമുള്ള അമേഠിയിലെ നാല് മണ്ഡലങ്ങളും കോണ്‍ഗ്രസിന് നഷ്ടമായി. മൂന്നിടത്ത് ബി ജെ പിയാണ് ജയിച്ചത്. അഖിലേഷ് യാദവ് ഗവര്‍ണര്‍ രാം നായികിന് രാജിക്കത്ത് നല്‍കി.

കോണ്‍ഗ്രസ് മുന്നേറ്റം

പഞ്ചാബില്‍ പ്രവചനങ്ങളെ അപ്രസക്തമാക്കി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് കേവല ഭൂരിപക്ഷം നേടി. അധികാരത്തിലെത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന എ എ പി ഇരുപത് സീറ്റ് നേടി രണ്ടാമത്തെ വലിയ കക്ഷിയായി. തുടര്‍ച്ചയായി രണ്ട് തവണ അധികാരത്തിലിരുന്ന ശിരോമണി അകാലിദള്‍- ബി ജെ പി സഖ്യത്തിന് 18 സീറ്റ് മാത്രമാണ് നേടാനായത്. കഴിഞ്ഞ തവണ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ അകാലിദള്‍ 15 സീറ്റിലേക്കും ബി ജെ പി മൂന്നിടങ്ങളിലേക്കും ചുരുങ്ങി.

പ്രതിസന്ധി ഒഴിഞ്ഞു

രാഷ്ട്രീയ അനിശ്ചിതത്വം നിറഞ്ഞുനിന്ന ഉത്തരാഖണ്ഡില്‍ ബി ജെ പി കേവല ഭൂരിപക്ഷം നേടി അധികാരത്തിലെത്തി. മുഖ്യമന്ത്രി ഹരീഷ് റാവത്തും മന്ത്രിസഭയിലെ പ്രമുഖ മന്ത്രിമാരും പരാജയപ്പെട്ടു. ആകെയുള്ള എഴുപത് സീറ്റില്‍ 57ഉം ബി ജെ പി നേടി. 11 സീറ്റ് മാത്രമാണ് കോണ്‍ഗ്രസിന് ലഭിച്ചത്.

ഗോവയില്‍ തിരിച്ചടി

ഗോവയില്‍ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടുവെങ്കിലും സര്‍ക്കാറുണ്ടാക്കാന്‍ അവകാശവാദമുന്നയിക്കുമെന്ന് മുന്‍ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍. നാല്‍പ്പതംഗ സഭയില്‍ 19 സീറ്റുമായി കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. പതിമൂന്ന് സീറ്റാണ് ഇവിടെ ബി ജെ പിക്ക് ലഭിച്ചത്. ചെറുകക്ഷികളുടെ പിന്തുണ തേടുമെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗും അറിയിച്ചു. മുഖ്യമന്ത്രി ലക്ഷ്മികാന്ത് പര്‍സേക്കര്‍ പരാജയപ്പെട്ടു. പര്‍സേക്കര്‍ രാജിക്കത്ത് ഗവര്‍ണര്‍ക്ക് നല്‍കി.

ഇഞ്ചോടിഞ്ച്

മണിപ്പൂരില്‍ 28 സീറ്റുകള്‍ നേടി കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും കേവല ഭൂരിപക്ഷം ലഭിച്ചിട്ടില്ല. കഴിഞ്ഞ തവണ അക്കൗണ്ട് തുറക്കാന്‍ സാധിക്കാത്ത ബി ജെ പി 21 സീറ്റ് നേടി മുന്നേറ്റം കാഴ്ചവെച്ചു. സംസ്ഥാനത്ത് കോണ്‍ഗ്രസിതര സര്‍ക്കാറിനെ പിന്തുണക്കുമെന്ന് നാഗാ പീപ്പിള്‍സ് ഫ്രണ്ട് അറിയിച്ചു. നാല് സീറ്റാണ് എന്‍ പി എഫിനുള്ളത്. സായുധ സേനക്കുള്ള പ്രത്യേക അധികാരം ഇല്ലാതാക്കുന്നതിന് നടത്തിയ നിരാഹാര സമരം ഉപേക്ഷിച്ച് തിരഞ്ഞെടുപ്പ് രംഗത്തിറങ്ങിയ ഇറോം ശര്‍മിള തൊണ്ണൂറ് വോട്ട് മാത്രം നേടി നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

തത്സമയ വിവരങ്ങള്‍: