Connect with us

Gulf

യു എ ഇ-ഇന്ത്യ വ്യാപാര, നിക്ഷേപം വര്‍ധിപ്പിക്കുന്നതിനായി ബിസിനസ് ലീഡേഴ്‌സ് ഫോറം; തദ്ദേശീയരും അംഗങ്ങള്‍

Published

|

Last Updated

ഷാര്‍ജയില്‍ ബിസിനസ് ലീഡേഴ്‌സ് ഫോറത്തിന് രൂപം നല്‍കിയപ്പോള്‍

ദുബൈ: ദുബൈ കോണ്‍സുലേറ്റ് ജനറല്‍ ഓഫ് ഇന്ത്യ, അബുദാബിയിലെ ഇന്ത്യന്‍ എംബസി, യു എ ഇ സാമ്പത്തിക മന്ത്രാലയം എന്നിവയുടെ നേതൃത്വത്തില്‍ ബിസിനസ് ലീഡേഴ്‌സ് ഫോറത്തിന് (ബി എല്‍ എഫ്) രൂപം നല്‍കി. ഷാര്‍ജയിലെ ഇന്ത്യ ട്രേഡ് ആന്‍ഡ് എക്‌സിബിഷന്‍ സെന്ററായി (ഐടെക്)രിക്കും ഔദ്യോഗിക സെക്രട്ടേറിയറ്റ്. യു എ ഇയിലെ ഇന്ത്യന്‍ സ്ഥാനപതി, കോണ്‍സുല്‍ ജനറല്‍ ഓഫ് ഇന്ത്യ, യു എ ഇ സാമ്പത്തിക മന്ത്രാലയത്തിലെ ഫോറിന്‍ ട്രേഡ് ആന്‍ഡ് ഇന്‍ഡസ്ട്രി അണ്ടര്‍ സെക്രട്ടറി എന്നിവരാണ് ബി എല്‍ എഫിന്റെ രക്ഷാധികാരികള്‍.

ആസ്റ്റര്‍ ഡി എം ഹെല്‍ത് കെയര്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പനാണ് ബി എല്‍ എഫിന്റെ പ്രസിഡന്റ്. യു എ ഇയിലെ ഇന്ത്യന്‍ ബിസിനസ് മേഖലയിലെ പ്രമുഖ വ്യക്തിത്വങ്ങളായ ഡോ. റാം ബക്‌സാനി- സീനിയര്‍ വൈസ് പ്രസിഡന്റും പരസ് ശഹദാപുരി, സുധീര്‍ ഷെട്ടി – വൈസ് പ്രസിഡന്റുമാരുമായിരിക്കും. ഐടെക്കിന്റെ ഡയറക്ടര്‍ ജനറല്‍ ശ്രീപ്രിയ കുമാരിയ ആയിരിക്കും സെക്രട്ടറി ജനറല്‍. ഐടെക് ചെയര്‍മാന്‍ സുധേഷ് അഗര്‍വാള്‍ ബോര്‍ഡ് അംഗമായിരിക്കും. ബി എല്‍ എഫ് ഭാരവാഹികള്‍ക്ക് പുറമെ യു എ ഇയിലെ ഇന്ത്യന്‍ സ്ഥാനപതി നവ്ദീപ് സിംഗ് സൂരി, ഇന്ത്യയുടെ കോണ്‍സുല്‍ ജനറല്‍ അനുരാഗ് ഭൂഷണ്‍, യു എ ഇയിലെ സാമ്പത്തിക മന്ത്രാലയത്തില്‍ ഫോറിന്‍ ട്രേഡ് ആന്‍ഡ് ഇന്‍ഡസ്ട്രി അണ്ടര്‍ സെക്രട്ടറി അബ്ദുല്ല അല്‍ സാലിഹ്, യു എ ഇ ഇന്റര്‍നാഷണല്‍ ഇന്‍വെസ്‌റ്റേഴ്‌സ് കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ ജമാല്‍ സൈഫ് അല്‍ ജര്‍വാന്‍ എന്നിവര്‍ പങ്കെടുത്തു.
ബിസിനസ് ലീഡേഴ്‌സ് ഫോറം തുടങ്ങുക എന്നതിനൊപ്പം യു എ ഇയിലെ ഇന്ത്യന്‍ സ്ഥാനപതിക്ക് സ്വാഗതമേകാനും ബി എല്‍എഫിന്റെ രൂപീകരണത്തിന് പ്രധാന പങ്കുവഹിച്ച, സ്ഥലം മാറിപ്പോകുന്ന കോണ്‍സുല്‍ ജനറല്‍ അനുരാഗ് ഭൂഷണ് നന്ദി പറയാനുമാണ് സമ്മേളനം ചേര്‍ന്നതെന്ന് സെക്രട്ടറി ജനറല്‍ ശ്രീപ്രിയ കുമാരിയ ചൂണ്ടിക്കാട്ടി.
യു എ ഇയിലെ വ്യാപാര, വ്യവസായ രംഗത്തിന് നേതൃത്വം നല്‍കുന്ന യു എ ഇയിലെയും ഇന്ത്യയിലെയും ബിസിനസ് നേതാക്കള്‍ക്ക് ഇടപഴകുന്നതിനും ആശയങ്ങള്‍ കൈമാറുന്നതിനുമുള്ള വേദിയായിരിക്കും ബി എല്‍ എഫെന്ന് പ്രസിഡന്റ് ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. ഇന്ത്യയും യു എ ഇയും തമ്മിലുള്ള വ്യാപാരവും നിക്ഷേപങ്ങളും വര്‍ധിപ്പിക്കുന്നതിനും ഇരു രാജ്യങ്ങളിലെയും നിക്ഷേപകര്‍ക്ക് അവരുടെ പ്രശ്‌നങ്ങള്‍ ഉന്നയിക്കുന്നതിനുമുള്ള ഏകജാലക സംവിധാനമായിരിക്കും ബി എല്‍ എഫ്. നൂറു കോടി ദിര്‍ഹത്തിന്റെ നിക്ഷേപ കണ്‍സോര്‍ഷ്യം രൂപീകരിക്കുന്നതിന് ബി എല്‍ എഫ് നേതൃത്വം നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.

കുറഞ്ഞ സമയത്തിനുള്ളില്‍ വ്യക്തമായ കാഴ്ചപ്പാടോടെ രൂപം നല്‍കിയ ബി എല്‍ എഫിന് ഇന്ത്യന്‍ സ്ഥാനപതി നവ്ദീപ് സിംഗ് സൂരിയും ഇന്ത്യയുടെ കോണ്‍സുല്‍ ജനറല്‍ അനുരാഗ് ഭൂഷണും അംഗീകാരം നല്‍കി. ഇന്ത്യന്‍ മിഷന്‍ ബി എല്‍ എഫിന് രൂപംനല്‍കിയത് വ്യക്തമായ കാഴ്ചപ്പാടോടെയാണെന്നും ഫോറത്തിന് പിന്തുണ നല്‍കി വ്യാപാരം വര്‍ധിപ്പിക്കുന്നതിനും നിക്ഷേപങ്ങള്‍ കൂട്ടുന്നതിനും യു എ ഇ-ഇന്ത്യ ബന്ധം കൂടുതല്‍ ഊഷ്മളമാക്കുന്നതിനുമായി പ്രവര്‍ത്തിക്കുമെന്നും സ്ഥാനപതി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

കൂടുതല്‍ സാഹോദര്യ, സാമ്പത്തിക ബന്ധവും യു എ ഇയും ഇന്ത്യയും തമ്മിലുള്ള നിക്ഷേപം വര്‍ധിപ്പിക്കുന്നതിനും ഇന്ത്യന്‍ മിഷനുമായി സഹകരിക്കുമെന്ന് യു എ ഇ സാമ്പത്തിക മന്ത്രാലയത്തിന്റെ ഫോറിന്‍ ട്രേഡ് ആന്‍ഡ് ഇന്‍ഡസ്ട്രി അണ്ടര്‍ സെക്രട്ടറി അബ്ദുല്ല സാലിഹ് പറഞ്ഞു.
കൂടുതല്‍ നിക്ഷേപത്തിനും ഇന്ത്യയില്‍ നിക്ഷേപം നടത്തുന്ന യു എ ഇയിലെ അന്താരാഷ്ട്ര നിക്ഷേപകരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുമായി ബി എല്‍ എഫുമായി ധാരണാപത്രം ഒപ്പിട്ടുവെന്ന് യു എ ഇ ഇന്റര്‍നാഷണല്‍ ഇന്‍വെസ്റ്റേഴ്‌സ് കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ ജമാല്‍ ജര്‍വാന്‍ പറഞ്ഞു. യു ഐ ഐസിയുടെ ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നതിന് ബി എല്‍ എഫ് നല്ലൊരു വേദിയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബി എല്‍ എഫ് അംഗത്വം ഇന്ത്യയിലെയും എമിറേറ്റ്‌സിലേയും ബിസിനസ് നേതാക്കള്‍ക്കും ഇന്ത്യയും യു എ ഇയുമായി സൗഹൃദത്തിലുള്ള മാറ്റ് രാജ്യങ്ങളിലുള്ളവര്‍ക്കും ഇന്ത്യയുമായും യു എ ഇയുമായും ബിസിനസ് ബന്ധങ്ങള്‍ ആഗ്രഹിക്കുന്നവര്‍ക്കും ക്ഷണം അനുസരിച്ച് മാത്രമായിരിക്കും. ഉടന്‍തന്നെ എമിറേറ്റ്‌സിലെ അറബ് ബിസിനസ് നേതാക്കളെ ഉള്‍പെടുത്തി ബോര്‍ഡിന് രൂപം നല്‍കും.

യു എ ഇ-ഇന്ത്യ വ്യാപാര, നിക്ഷേപം വര്‍ധിപ്പിക്കുന്നതിനായി
ബിസിനസ് ലീഡേഴ്‌സ് ഫോറം; തദ്ദേശീയരും അംഗങ്ങള്‍

Latest