ദുബൈ പോലീസ് ആസ്ഥാനം ശൈഖ് ഹംദാന്‍ സന്ദര്‍ശിച്ചു

Posted on: March 10, 2017 1:36 pm | Last updated: March 10, 2017 at 5:43 pm

ദുബൈ: ദുബൈ കിരീടാവകാശിയും സുപ്രീം കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ റാശിദ് അല്‍ മക്തൂം ദുബൈ പോലീസ് ആസ്ഥാനം സന്ദര്‍ശിച്ചു. ദുബൈ ഉപ ഭരണാധികാരി ശൈഖ് മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം, ദുബൈ പോലീസ് ആന്‍ഡ് ജനറല്‍ സെക്യൂരിറ്റി ഡെപ്യൂട്ടി ചീഫ് ലെഫ്. ജനറല്‍ ദാഹി ഖല്‍ഫാന്‍ തമീം, ദുബൈ പോലീസ് മേധാവി മേജര്‍ ജനറല്‍ അബ്ദുല്ല ഖലീഫ അല്‍ മര്‍റി, മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ ശൈഖ് ഹംദാനെ അനുഗമിച്ചിരുന്നു. പോലീസ് ആസ്ഥാനത്തെ കോള്‍ സെന്റര്‍ ശൈഖ് ഹംദാന്‍ സന്ദര്‍ശിച്ചു. പൊതു ജനങ്ങളുമായി സംവദിക്കുന്നതിന് പോലീസ് ആസ്ഥാനത്തു ഏര്‍പെടുത്തിയ ആധുനിക ഉപകരണങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നേതാക്കള്‍ നോക്കി ക്കണ്ടു. കഴിഞ്ഞ വര്‍ഷം 45,000 ജനങ്ങള്‍ ഉപയോഗപ്പെടുത്തിയ ‘ദര്‍ദശ-ചാറ്റിംഗ്’ സേവനങ്ങളെ കുറിച്ചും ശൈഖ് ഹംദാന്‍ വിലയിരുത്തി. അന്താരാഷ്ട്രതലത്തില്‍ മികച്ച പോലീസ് ഡയറക്ടറേറ്റായി ദുബൈ പോലീസ് ആസ്ഥാനത്തെ ഉയര്‍ത്തുന്നതില്‍ മികച്ച സേവനങ്ങള്‍ ഒരുക്കിയതിന് പോലീസ് ഉദ്യോഗസ്ഥരെ ശൈഖ് ഹംദാന്‍ പ്രശംസിച്ചു.വിവിധ വകുപ്പുകളിലും ഉന്നത ഉദ്യോഗസ്ഥരെയും ശൈഖ് ഹംദാന്‍ സന്ദര്‍ശിച്ചു.

വിവിധ വകുപ്പുകളുടെ സേവനങ്ങള്‍ നവീകരിക്കുന്നതിന്റെ ആവശ്യകത ശൈഖ് ഹംദാന്‍ ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തി. അന്താരാഷ്ര്ട്ര തലത്തില്‍ മികവ് നിലനിര്‍ത്തുന്നതിന് ക്രിയാത്മക പരിശീലന പദ്ധതികളിലൂടെ പോലീസ് സേനയുടെ നിലവാരം കൂടുതല്‍ മെച്ചപ്പെടുത്തി ഉന്നതമാക്കുന്നതിനുള്ള ആശയങ്ങളും ഉദ്യോഗസ്ഥരുമായി ശൈഖ് ഹംദാന്‍ പങ്കുവെച്ചു. പുതിയതായി നിയമിതനായ ദുബൈ പോലീസ് മേധാവി മേജര്‍ ജനറല്‍ അല്‍ മര്‍റിയെ ശൈഖ് ഹംദാന്‍ അഭിനന്ദിച്ചു. ദുബൈ പോലീസ് സേവന രംഗത്ത് നേടിയെടുത്ത മികച്ച അറിവും ഉന്നത നേതൃപാടവവും സേനയെ മികവുറ്റതാക്കുന്നതിന് പുതിയ മേധാവിക്ക് കഴിയട്ടെ എന്നും ശൈഖ് ഹംദാന്‍ ആശംസിച്ചു.