Connect with us

International

സന്നദ്ധ സംഘടനകള്‍ക്ക് ദ.സുഡാനില്‍ കര്‍ശന നിയന്ത്രണം

Published

|

Last Updated

ജുബ: കടുത്ത ക്ഷാമത്തെ തുടര്‍ന്ന് പട്ടിണി മരണത്തിലേക്ക് നീങ്ങുമ്പോഴും ദക്ഷിണ സുഡാന്‍ സന്നദ്ധ സംഘടനകള്‍ക്ക് മേല്‍ നിയന്ത്രണം കര്‍ക്കശമാക്കുന്നു. വിദേശ സന്നദ്ധ പ്രവര്‍ത്തകര്‍ക്കുള്ള അനുമതി ഫീസ് നൂറ് മടങ്ങാണ് കൂട്ടിയത്. ഇതോടെ ഈ ഫീസ് 10,000 ഡോളര്‍ ആയി. പ്രസിഡന്റ് സല്‍വാ കിറിന്റെയും മുന്‍ വൈസ് പ്രസിഡന്റ് റീക് മച്ചറുടെയും നേതൃത്വത്തിലുള്ള ഗോത്ര സംഘങ്ങള്‍ ഏറ്റുമുട്ടുന്ന ദക്ഷിണ സുഡാന്‍ 2013 മുതല്‍ ആഭ്യന്തര യുദ്ധത്തിലമര്‍ന്നിരിക്കുകയാണ്. ഇതിന്റെ അനന്തര ഫലമാണ് പട്ടിണി. ലോകത്തെ ഏറ്റവും പുതിയ രാജ്യമായ ദ. സുഡാനിലെ ജനസംഖ്യയുടെ പകുതിയും പട്ടിണിയിലാണെന്നാണ് യു എന്‍ ഏജന്‍സികള്‍ വ്യക്തമാക്കുന്നത്.

ഇതിനിടെയാണ് ഡോക്ടര്‍മാര്‍ അടക്കമുള്ള ദുരിതാശ്വാസ പ്രവര്‍ത്തകരില്‍ നിന്ന് 10,000 ഡോളര്‍ ഫീസ് ഈടാക്കുന്നത്. സന്നദ്ധ സംഘത്തിലെ ബ്ലൂ കോളര്‍ തൊഴിലാളികള്‍ 2000 ഡോളര്‍ അടക്കണം. മറ്റുള്ളവര്‍ 1000 ഡോളറും. മാര്‍ച്ച് ഒന്നിലെ മുന്‍കാല പ്രാബല്യത്തോടെയാണ് തൊഴില്‍ മന്ത്രാലയത്തിന്റെ ഉത്തരവ്. സന്നദ്ധ പ്രവര്‍ത്തകരുടെ എണ്ണം കുറക്കുന്നതിനായി ദക്ഷിണ സുഡാന്‍ അധികൃതര്‍ ഇത്തരം നടപടി സ്വീകരിക്കുന്നത് വിചിത്രമായിരിക്കുന്നുവെന്ന് ഒരു പ്രമുഖ സന്നദ്ധ സംഘടനയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എഡ്മണ്ട് യാകനി പറഞ്ഞു. ഇത് ഭാരിച്ച തുകയാണ്. വിദേശ തൊഴിലാളികളെയാണ് ലക്ഷ്യമിടുന്നതെന്ന് സര്‍ക്കാര്‍ പറയുന്നുണ്ട്. എന്നാല്‍ ദക്ഷിണ സുഡാനിലെ ഭൂരിപക്ഷം വിദേശ തൊഴിലാളികളും സന്നദ്ധ സേവനത്തിന് വന്നവരാണ്- എഡ്മണ്ട് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
ദക്ഷിണ സുഡാനില്‍ പ്രവര്‍ത്തിക്കുകയെന്നത് സഹായ ഗ്രൂപ്പുകള്‍ക്ക് ദുഷ്‌കരമായിരിക്കുകയാണ്. കഴിഞ്ഞ ഡിസംബറില്‍ നോര്‍വീജിയന്‍ റഫ്യൂജി കൗണ്‍സില്‍ (എന്‍ ആര്‍ സി) ഡയറക്ടറെ സര്‍ക്കാര്‍ പുറത്താക്കിയിരുന്നു. ഇദ്ദേഹത്തെ കാരണം കാണിക്കാതെ 24 മണിക്കൂര്‍ തടവിലിട്ട ശേഷമാണ് രാജ്യത്ത് നിന്ന് പുറത്താക്കിയത്.

 

Latest