ട്രംപിന്റെ യാത്രാവിലക്ക് ; ഫെഡറല്‍ കോടതിയില്‍ ഹരജിയുമായി ഹവായി

Posted on: March 10, 2017 8:50 am | Last updated: March 9, 2017 at 11:51 pm

08വാഷിംഗ്ടണ്‍: ട്രംപിന്റെ വിവാദമായ പുതിയ യാത്രാ വിലക്കിനെതിരെ ഹവായി സംസ്ഥാനം ഫെഡറല്‍ കോടതിയില്‍ ഹരജി സമര്‍പ്പിച്ചു. ആറ് മുസ്‌ലിം രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്ക് രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയ യു എസ് പ്രസിഡന്റിന്റെ ഉത്തരവിനെതിരെ വ്യാപകമായ പ്രക്ഷോഭം നടക്കുന്നതിനിടെയാണ് നിയമപരമായി നേരിടാന്‍ ഉറച്ച് ഹവായി രംഗത്തെത്തിയത്. ഏറെ കോളിളക്കങ്ങള്‍ക്ക് കാരണമായതും ഫെഡറല്‍ കോടതി റദ്ദാക്കിയതുമായ കഴിഞ്ഞ മാസത്തെ യാത്രാവിലക്കിന്റെ ആവര്‍ത്തനമാണ് പുതിയ ഉത്തരവെന്നും മുസ്‌ലിം രാജ്യങ്ങളോടുള്ള വിദ്വേഷമാണ് വിലക്കിലുള്ളതെന്നും ഹവായി അറ്റോര്‍ണി ജനറല്‍ ഡോംഗ് ചിന്‍ ഹരജിയില്‍ വ്യക്തമാക്കി. പ്രാദേശിക സമയം ചൊവ്വാഴ്ച രാത്രിയായിരുന്നു ഫെഡറല്‍ കോടതിയില്‍ ചിന്‍ ഹരജി സമര്‍പ്പിച്ചത്. പിന്നീട് ബുധനാഴ്ച ട്രംപിന്റെ ഉത്തരവിനെതിരെ രൂക്ഷമായ വിമര്‍ശവുമായി അദ്ദേഹം രംഗത്തെത്തി.
ഇറാഖിനെ ഒഴിവാക്കിയതൊഴിച്ചാല്‍ ഫെഡറല്‍ കോടതി റദ്ദാക്കിയ ആദ്യത്തെ യാത്രാവിലക്കിന് സമാനമാണ് പുതിയ ഉത്തരവെന്നും സംസ്ഥാനത്തെ വിദേശികളായ താമസക്കാര്‍, ബിസിനസുകാര്‍, വിദ്യാര്‍ഥികള്‍ എന്നിവരെ സംരക്ഷിക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു. പ്രസിഡന്റിന്റെ നിയമവിരുദ്ധ നടപടിക്കെതിരെയുള്ള തങ്ങളുടെ അധികാരമാണിതെന്നും സംസ്ഥാനത്തെ ടൂറിസം, വിദ്യാഭ്യാസം എന്നിവക്ക് കനത്ത തിരിച്ചടിയാകുന്ന നടപടി ഹവായിലെ മുസ്‌ലിം ജനങ്ങളെ വേദനിപ്പിക്കുമെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു.
മുസ്‌ലിം രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് 90 ദിവസത്തേക്ക് വിലക്കേര്‍പ്പെടുത്താനുള്ള തീരുമാനം 16ന് പ്രാബല്യത്തില്‍വരുമെന്നാണ് ട്രംപ് ഭരണകൂടം അറിയിച്ചത്. ഇതിന്റെ കേവലം ഒരു ദിവസം മുമ്പ് 15നാണ് ഉത്തരവിനെതിരായ ഹരജിയില്‍ വാദം കേള്‍ക്കുന്നത്.
ആദ്യ ഉത്തരവിനെതിരെ കോടതിയെ സമീപിച്ച വാഷിംഗ്ടണും മിന്നെസോട്ടയും പുതിയ ഉത്തരവിനെതിരെയും രംഗത്തെത്താനുള്ള സാധ്യത വളരെ കൂടുതലാണ്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക വിശദീകരണം പുറത്തുവന്നിട്ടില്ല.