Connect with us

Kerala

ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പ്: നൈജീരിയന്‍ സ്വദേശി അറസ്റ്റില്‍

Published

|

Last Updated

മലപ്പുറം: ഓണ്‍ലൈന്‍ മുഖേന വന്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയ സംഘത്തിലെ പ്രധാനിയെ മലപ്പുറം പോലീസ് അറസ്റ്റ് ചെയ്തു. നൈജീരിയന്‍ സ്വദേശി ഡാനിയലി(40)നെയാണ് ഡല്‍ഹിയിലെ ബുരാരിയില്‍ നിന്ന് പിടികൂടിയത്. മലപ്പുറം സ്വദേശിയായ യുവാവിന്റെ പരാതിയിലാണ് നടപടി. പരാതിക്കാരന്‍ നാല് മാസം മുമ്പ് ഫേസ്ബുക്ക് വഴി ലഭിച്ച ബ്രിട്ടന്‍ പൗരന്റെ ഫ്രണ്ട് റിക്വസ്റ്റ് സീകരിച്ചു. വാട്‌സാപ്പിലൂടെ ചാറ്റ് നടത്തി വിശ്വാസ്യത നേടിയ ഇയാള്‍ താന്‍ ഇന്ത്യയില്‍ വരുന്നുണ്ടെന്നും സഹായിക്കണമെന്നും അറിയിച്ചു.

രണ്ട് ദിവസം കഴിഞ്ഞ് ഡല്‍ഹി കസ്റ്റംസില്‍ നിന്നാണെന്നും നിങ്ങളെ കാണാന്‍ വന്ന ബ്രിട്ടീഷ് പൗരന്‍ കസ്റ്റഡിയില്‍ ഉണ്ടെന്നും ഒരാള്‍ ഫോണിലൂടെ അറിയിച്ചു. കസ്റ്റഡിയിലായ ആളുടെ കൈയില്‍ കണക്കില്‍പ്പെടാത്ത പണവും മറ്റും ഉണ്ടെന്നും അത് വിട്ടുകിട്ടാന്‍ ഭീമമായ തുക സെക്യൂരിറ്റി ആയി കെട്ടേണ്ടതുണ്ടെന്നും അയാള്‍ മോചിതനാകുന്ന മുറക്ക് ഈ പണം തിരിച്ചുതരുമെന്നും അറിയിച്ചു. ഈ കേസിന്റെ അന്വേഷണത്തിലാണ് പ്രതി പിടിയിലാകുന്നത്. വന്‍കിട കമ്പനികളുടെ ലോട്ടറിയടിച്ചു, അനധികൃത സ്വത്ത് സമ്മാനമായി കിട്ടി തുടങ്ങിയ വ്യാജ വിവരങ്ങള്‍ മെയിലായും എസ് എം എസ് ആയും അയച്ച് തട്ടിപ്പ് നടത്തുന്ന വന്‍ സംഘത്തിലെ കണ്ണിയാണ് ഇയാളെന്ന് പോലീസ് പറഞ്ഞു.

 

Latest