ഭാരം കുറക്കുന്നതിന് ഡയറ്ററി മരുന്നുപയോഗം അപകടം ക്ഷണിച്ചുവരുത്തല്‍

Posted on: March 9, 2017 7:55 pm | Last updated: March 9, 2017 at 7:51 pm

ദോഹ: ഭാരം കുറക്കുന്നതിന് ഡയറ്ററി (പഥ്യാഹാരം) മരുന്നുകള്‍ കൂടുതലായി ഉപയോഗിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ (എച്ച് എം സി) വിദഗ്ധര്‍. ഡോക്ടര്‍മാരുടെ നിര്‍ദേശ പ്രകാരമേ അത്തരം മരുന്നുകള്‍ കഴിക്കാവൂ. ഇത്തരം മരുന്നുകളെ മാത്രം അവലംബിക്കുന്നത് വലിയ പിഴവാണെന്ന് ഡയബറ്റിസ്- എന്‍ഡോക്രൈനോളജി വകുപ്പ് സീനിയര്‍ കണ്‍സള്‍ട്ടന്റും ഖത്വര്‍ മെറ്റബോളിക് ഇന്‍സ്റ്റിറ്റിയൂട്ട് അംഗവുമായ ഡോ. ബുതൈന ഇബ്‌റാഹിം പറഞ്ഞു.

അത്തരം മരുന്നുകളെ സംബന്ധിച്ച് ആളുകള്‍ക്ക് ബോധമുണ്ടാകണം. ശരീരത്തില്‍ നിര്‍ജലീകരണം വരുത്തുന്നതിനാല്‍ ഇത്തരം മരുന്നുകള്‍ വൃക്കയെ തകരാറിലാക്കും. വൃക്കയുടെ പ്രവര്‍ത്തനം ഇല്ലാതാകുന്നതിലേക്ക് വരെയെത്തും. ഭാരം കുറക്കണമെന്നുണ്ടെങ്കില്‍ ഡോക്ടറെയോ ഡയറ്റീഷ്യനെയോ സമീപിക്കണം. ഭാരം കുറക്കുന്നതിനുള്ള ഗുളികകള്‍ ഡയറ്ററി മരുന്നുകളുടെ പേരിലാണ് രാജ്യത്ത് വിറ്റഴിക്കപ്പെടുന്നത്. ലോകതലത്തില്‍ ബില്യന്‍ കണക്കിന് ഡോളറിന്റെ വ്യവസായമാണ് ഇത്തരം മരുന്നുകളുടെത്. ഡയറ്ററി മരുന്നുകള്‍ എന്ന പേരില്‍ വരുന്നതിനാല്‍ അംഗീകാരം ലഭിക്കുന്നു. ഇത് വലിയ പ്രശ്‌നമാണ്. ഡയറ്ററി മരുന്നുകള്‍ മാത്രമാണെന്നും ഭാരം കുറക്കാനുള്ളതല്ലെന്നും മനസ്സിലാക്കുകയാണ് ആദ്യം വേണ്ടതെന്ന് എച്ച് എം സിയിലെ ബരിയാട്രിക് മെഡിസിന്‍, സര്‍ജറി കണ്‍സള്‍ട്ടന്റ് ഡോ. വഹീബ അല്‍ ഹാജ് പറഞ്ഞു.

ഇത്തരം ചില മരുന്നുകള്‍ സേവിക്കുമ്പോള്‍ തുടക്കഘട്ടത്തില്‍ തന്നെ ശരീരത്തിലെ ജലാംശം നഷ്ടപ്പെടുന്നു. ചിലപ്പോള്‍ ബാക്ടീരിയ വഴി വയറിളക്കമുണ്ടാകുകയും ഭാരം കുറയുകയും ചെയ്യും. അതിനാല്‍ ഇത് ഭാരം കുറക്കുന്നതിന് പറ്റിയതാണെന്ന് ചിലര്‍ക്ക് തോന്നും. പച്ചമരുന്ന് ഉത്പന്നമായാണ് പലപ്പോഴും ഇത് വരുന്നത്. പച്ചമരുന്ന് സുരക്ഷിതമാണെന്ന ധാരണയാണ്. പച്ചമരുന്നില്‍ ധാരാളം വിഷാംശമുണ്ടാകുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ആരോഗ്യമുള്ള വൃക്കക്ക് അമിതഭാരം നിയന്ത്രിക്കേണ്ടത് അനിവാര്യമാണ്. പൊണ്ണത്തടിയും വൃക്ക രോഗങ്ങളും തമ്മില്‍ ബന്ധമുണ്ട്. മിതമായ തോതില്‍ ഭാരം കുറക്കലില്‍ ഏര്‍പ്പെട്ടയാള്‍ക്ക് വൃക്കസംബന്ധിയായി ചെറിയ പ്രശ്‌നമുണ്ടെങ്കില്‍ താമസിയാതെ അത് ശരിയാകും. ഡയാലിസിസ് ഘട്ടത്തിലാണെങ്കില്‍ മരുന്നും ശസ്ത്രക്രിയയും ആവശ്യമാണ്. ഭാരം കുറക്കുന്നതിന് ചിലപ്പോള്‍ വൃക്ക മാറ്റിവെക്കലും ആവശ്യമാകും. ഹമദ് ജനറല്‍ ആശുപത്രിക്ക് പുറമെ അല്‍ വക്‌റ, ക്യൂബന്‍ ആശുപത്രികളിലും ഭാരം കുറക്കല്‍ ശസ്ത്രക്രിയയുണ്ട്. ഇതുവരെ 4000 ശസ്ത്രക്രിയകള്‍ ചെയ്തിട്ടുണ്ട്.

ഭാരം കുറക്കുന്നതിന് ശസ്ത്രക്രിയയല്ല പ്രതിവിധിയെന്നതും മനസ്സിലാക്കേണ്ടതുണ്ട്. ജീവിതശൈലിയില്‍ മാറ്റം വരുത്തുകയാണ് ഭാരം കുറക്കുന്നതില്‍ പരമപ്രധാനമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.