പ്രശാന്ത് മങ്ങാടിന് എന്‍ എം സി ഹെല്‍തിന്റെ സി ഇ ഒയായി സ്ഥാനക്കയറ്റം

Posted on: March 9, 2017 4:08 pm | Last updated: March 9, 2017 at 3:50 pm
SHARE

അബുദാബി: ഗള്‍ഫ് മേഖലയുള്‍പെടെ വിവിധ രാജ്യങ്ങളില്‍ വ്യാപിച്ചു കിടക്കുന്ന എന്‍ എം സി ഹെല്‍ത് പി എല്‍ സിയുടെ പുതിയ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി പ്രശാന്ത് മങ്ങാടിനെ നിയമിച്ചു. നിലവില്‍ ഡെപ്യൂട്ടി സി ഇ ഒയുടെയും എക്‌സിക്യൂട്ടീവ് ഡയറക്ടറുടെയും ചുമതലയാണ് പ്രശാന്ത് വഹിച്ചിരുന്നത്. കഴിഞ്ഞ ഒരു വ്യാഴവട്ടക്കാലമായി എന്‍ എം സിയില്‍ വിവിധ തസ്തികകളില്‍ പ്രവര്‍ത്തിക്കുന്ന പ്രശാന്ത് മങ്ങാട്, എന്‍ എം സി ഹെല്‍ത് കെയര്‍ ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ പ്രീമിയം കാറ്റഗറിയില്‍ പ്രവേശിക്കുന്നതിനും നവീനമായ ബിസിനസ് നയങ്ങളിലൂടെ ചെറിയ കാലയളവു കൊണ്ട് കമ്പനിയെ അജയ്യ സ്ഥാനത്ത് എത്തിക്കുന്നതിലും വഹിച്ച നിസ്തുലമായ പങ്കാണ് വഹിച്ചതെന്ന് ഡോ. ബി ആര്‍ ഷെട്ടി അറിയിച്ചു. സ്ഥാനമൊഴിയുന്ന സി ഇ ഒ ഡോ.ബി ആര്‍ ഷെട്ടി, ചെയര്‍മാന്‍ എച്ച് ജെ മാര്‍ക്ക് ടോംപ്കിന്‍സിനൊപ്പം ജോയിന്റ് നോണ്‍ എക്‌സിക്യൂട്ടീവ് ചെയര്‍മാനായി തുടരും. 1975ല്‍ അബുദാബിയില്‍ ചെറിയൊരു ക്ലിനിക്കും ഫാര്‍മസിയുമായി ഡോ. ബി ആര്‍ ഷെട്ടിയുടെ നേതൃത്വത്തില്‍ ആരംഭിച്ച എന്‍ എം സിക്ക് ഇപ്പോള്‍ ഗള്‍ഫിലും യൂറോപ്പിലും ഉള്‍പെടെ ആറ് രാജ്യങ്ങളിലായി, നിത്യേന 11,000 ല്‍ പരം രോഗികളെ പരിചരിക്കുന്ന 30 ആശുപത്രികളും 1,200 ഓളം ഡോക്ടര്‍മാരും ഉള്‍പെടുന്ന വലിയൊരു ശൃംഖലയുണ്ട്.

ആരോഗ്യരക്ഷാ രംഗത്ത് ദശകങ്ങളിലൂടെ അതിപ്രശസ്തമായ എന്‍ എം സിയെന്ന വലിയ പ്രസ്ഥാനത്തിന്റെ സി ഇ ഒയെന്ന പദവി വലിയ സന്തോഷവും അതിലേറെ ചുമതലാബോധവും ഉളവാക്കുന്നുവെന്ന് പ്രശാന്ത് മങ്ങാട് പ്രതികരിച്ചു.
എന്‍ എം സി ഹെല്‍ത് എന്ന നാമത്തോടെ 2015ല്‍ പുതിയ ആഗോളമുഖവും വിലാസവും നേടിയ എന്‍ എം സിക്ക് ലഭിക്കാവുന്ന ഏറ്റവും അനുയോജ്യനായ, ഡോ. ഷെട്ടിയുടെ പിന്‍ഗാമിയാണ് പ്രശാന്ത് മങ്ങാടെന്ന് ഇപ്പോഴത്തെ ഇന്‍ഡിപെന്‍ഡന്റ് നോണ്‍. എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ എച്ച് ജെ മാര്‍ക് ടോംപ്കിന്‍സ് പറഞ്ഞു.

 

LEAVE A REPLY

Please enter your comment!
Please enter your name here