ട്രംപിന്റെ യാത്രാ വിലക്കിന് തിരിച്ചടി; ഹാവായി സംസ്ഥാനം കോടതിയില്‍

Posted on: March 9, 2017 7:15 am | Last updated: March 9, 2017 at 1:03 am

വാഷിംഗ്ടണ്‍: യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പുതിയ യാത്രാ വിലക്കിന് തിരിച്ചടി. ആറ് മുസ്‌ലിം രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്ക് രാജ്യത്തേക്ക് പ്രവേശനം നല്‍കില്ലെന്ന പ്രസിഡന്റിന്റെ ഉത്തരവ് താത്കാലികമായി റദ്ദാക്കണമെന്ന് ഹവായി സംസ്ഥാനം ആവശ്യപ്പെട്ടു. ഉത്തരവ് അംഗീകരിക്കാനാകില്ലെന്നും താത്കാലികമായി ഉത്തരവ് റദ്ദാക്കണമെന്നും ഹവായി കോടതിയില്‍ ആവശ്യപ്പെട്ടു. ഇതോടെ ആദ്യ യാത്രാവിലക്കിനുണ്ടായതിന് സമാനമായ കോടതി നടപടി രണ്ടാമത്തെ ഉത്തരവിനുമുണ്ടാകും. സിറിയ, ഇറാന്‍, ലിബിയ, സൊമാലിയ, സുഡാന്‍, യമന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് 90 ദിവസത്തേക്കും അഭയാര്‍ഥികള്‍ക്ക് 120 ദിവസത്തേക്കുമുള്ള വിലക്കേര്‍പ്പെടുത്തിയായിരുന്നു ട്രംപിന്റെ രണ്ടാമത്തെ യാത്രാവിലക്ക്.

ഹവായിക്ക് സമാനമായി ട്രംപിനെതിരെ നിയമ നടപടിക്ക് ഒരുങ്ങുകയാണ് വാഷിംഗ്ടണും. യാത്രാവിലക്കുമായി ബന്ധപ്പെട്ട പ്രസിഡന്റിന്റെ പുതിയ ഉത്തരവ് സൂക്ഷ്മമായി പരിശോധിക്കുകയാണെന്നും കോടതി നടപടിയുമായി മുന്നോട്ടുപോകുമെന്നും വാഷിംഗ്ടണ്‍ നിയമോപദേശകന്‍ ബോബ് ഫെര്‍ഗുസണ്‍ വ്യക്തമാക്കി. ട്രംപിന്റെ ആദ്യത്തെ യാത്രാവിലക്കിനെതിരെ രണ്ട് സംസ്ഥാനങ്ങള്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് ഫെഡറല്‍ കോടതി ഉത്തരവ് റദ്ദാക്കിയിരുന്നു.
അതേസമയം, വിലക്ക് ഏര്‍പ്പെടുത്തിയ രാജ്യങ്ങളുടെ പട്ടികയില്‍ നിന്ന് ഇറാഖിനെ ഒഴിവാക്കിക്കൊണ്ടുള്ള പുതിയ ഉത്തരവ് ട്രംപ് ഭരണകൂടത്തിന്റെ പുതിയ തന്ത്രമാണെന്ന് വിലയിരുത്തുന്നുണ്ട്. തന്റെ യാത്രാവിലക്ക് രാജ്യത്തിന്റെ സുരക്ഷക്ക് വേണ്ടിയാണെന്നും ഇറാഖിലെ ഇസില്‍വിരുദ്ധ സൈനിക മുന്നേറ്റം വിജയിച്ചതിനാല്‍ ഇറാഖിനെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയെന്നുമുള്ള വാദം ട്രംപ് കോടതിയില്‍ ഉന്നയിക്കാനുള്ള സാധ്യതയുണ്ട്. എന്നാല്‍, പൂര്‍ണമായും മുസ്‌ലിം നിരോധനവും വിദ്വേഷവുമാണ് വിലക്കിന് പിന്നിലെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാണിച്ചു.