Connect with us

Editorial

സൈനികരും മനുഷ്യരാണ്

Published

|

Last Updated

ഒരു സൈനികന്‍ കൂടി മേലുദ്യോഗസ്ഥരില്‍ നിന്ന് അനുഭവിക്കേണ്ടി വന്ന ക്രൂരമായ അവഹേളനവും വഴിവിട്ട ശിക്ഷാ മുറകളും പരസ്യമാക്കി രംഗത്ത് വന്നിരിക്കുകയാണ്. കൊളോണിയല്‍ കാലത്തെ സമ്പ്രദായങ്ങളും ശ്രേണീ ഘടനയുമാണ് സൈന്യത്തില്‍ ഇപ്പോഴുമുള്ളതെന്നും തീവ്ര ദേശീയത പടര്‍ത്താനായി സൈനികരെ അപദാനം കൊണ്ട് മൂടുന്നവരാരും അവരുടെ യഥാര്‍ഥ പ്രശ്‌നങ്ങളിലേക്ക് തിരിഞ്ഞു നോക്കുന്നില്ലെന്നും വ്യക്തമാക്കുന്ന വെളിപ്പെടുത്തലുകളാണ് നിരന്തരം വന്നു കൊണ്ടിരിക്കുന്നത്. സൈന്ധവ് ജോഗിദാസ് ലഖൂബഹിയാണ് ഇത്തവണ ഗുരുതര ആരോപണങ്ങളടങ്ങുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്. സഹായക് സമ്പ്രദായം ഉദ്യോഗസ്ഥര്‍ ദുരുപയോഗം ചെയ്യുകയാണെന്ന് ജോഗിദാസ് പറയുന്നു. സഹായക്മാരെ അടിമകളായാണ് കാണുന്നത്. എന്ത് ജോലിയും ഞങ്ങളെ കൊണ്ട് ചെയ്യിക്കുന്നു. ഇക്കാര്യം പൊതുജന മധ്യത്തില്‍ എത്തിക്കണമെന്ന് ആഗ്രഹിച്ചതല്ല. പ്രധാനമന്ത്രിയുടെ ഓഫീസിലും പ്രതിരോധ മന്ത്രിയുടെ ഓഫീസിലും പരാതി നല്‍കി. അച്ചടക്ക നടപടിയായിരുന്നു ഫലം. ഇനി നിവൃത്തിയില്ലെന്ന് വന്നപ്പോഴാണ് പുറത്ത് പറയുന്നത്. സൈന്യത്തെ അപകീര്‍ത്തിപ്പെടുത്തുകയെന്നത് എന്റെ ലക്ഷ്യമല്ല- ജോഗിദാസ് പറയുന്നു.

ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ വീട്ടുജോലിക്കും മറ്റും സൈനികരെ ഉപയോഗിക്കുന്ന സഹായക് സമ്പ്രദായം ബ്രിട്ടീഷ് ഭരണത്തിന്റെ ബാക്കി പത്രമാണ്. സൈനിക നേതൃത്വം ഈ ഏര്‍പ്പാടിനെ ഇപ്പോഴും ന്യായീകരിക്കുകയാണ്. ജോഗിദാസ് പറയുന്നതില്‍ വസ്തുതയില്ലെന്നാണ് സൈനിക വക്താവ് കേണല്‍ അമന്‍ ആനന്ദ് പറയുന്നത്. കരസേനയുടെ മെഡിക്കല്‍ കോറില്‍ ഹൗസ് കീപ്പറാണ് ജോഗിദാസെന്നും ഇയാള്‍ നിരവധി തവണ കൃത്യനിര്‍വഹണത്തില്‍ വീഴ്ചവരുത്തുകയും ശിക്ഷ ഏറ്റുവാങ്ങുകയും ചെയ്തിട്ടുണ്ടെന്നും കേണല്‍ പറഞ്ഞു. ഡെറാഡൂണ്‍ ആസ്ഥാനമായ 42-ാം ബ്രിഗേഡിലെ ലാന്‍സ് നായിക്ക് യജ്ഞ പ്രതാപ് സിംഗ് ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ തന്നെ വേട്ടയാടുന്നെന്ന് കാണിച്ച് വീഡിയോ പുറത്തുവിട്ടിരുന്നു. സഹായക് ആയി നിയോഗിക്കപ്പെടുന്ന സൈനികര്‍ക്ക് മോലുദ്യാഗസ്ഥരുടെ ഷൂ പോളിഷ് ഉള്‍പ്പെടെയുള്ള ജോലികള്‍ ചെയ്യേണ്ടിവരുന്നുവെന്ന് കാണിച്ച് സിംഗ് ഒരു വര്‍ഷം മുമ്പ് രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും പ്രതിരോധ മന്ത്രിക്കും സുപ്രീം കോടതി ചീഫ് ജസ്റ്റിസിനും കത്തയച്ചിരുന്നു.

ഒരു വാര്‍ത്താ വെബ്‌സൈറ്റിന്റെ സ്റ്റിംഗ് ഓപ്പറേഷനില്‍ സൈന്യത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ ആരോപണം ഉന്നയിച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് മഹാരാഷ്ട്രയിലെ നാസിക്കില്‍, മലയാളി ജവാന്‍ റോയ് മാത്യുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ വീട്ടുകാരും നാട്ടുകാരും ഗുരുതരമായ സംശയങ്ങള്‍ ഉന്നയിക്കുമ്പോഴാണ് റോയ് മാത്യുവിന്റെ ഡയറി കണ്ടെടുത്തുവെന്ന് വാര്‍ത്ത വന്നത്. കോര്‍ട്ട് മാര്‍ഷ്യലിനേക്കാള്‍ ഭേദം മരണമാണ് എന്ന് ഡയറിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. റോയ്മാത്യുവിന്റെ ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വെച്ച് മൃതദേഹം വീണ്ടും പോസ്റ്റ്‌മോര്‍ട്ടം നടത്തി. അതിന് എത്ര വലിയ ഉടക്കുകളാണ് സൈനിക നേതൃത്വം വെച്ചതെന്ന് മനസ്സിലാക്കുമ്പോഴാണ് എന്തൊക്കെയോ ഒളിക്കുന്നുവെന്ന് വ്യക്തമാകുന്നത്.

അതിര്‍ത്തി രക്ഷാസേനയിലെ കോണ്‍സ്റ്റബിളായ തേജ് ബഹാദൂര്‍ യാദവ്, നിയന്ത്രണരേഖയ്ക്കു സമീപമുള്ള കാവല്‍പ്പുരകളില്‍ ലഭിക്കുന്ന ഭക്ഷണം നിലവാരം കുറഞ്ഞതാണെന്ന പരാതി സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ടതോടെയാണ് സൈന്യത്തിനകത്ത് നടക്കുന്നതിന്റെ നേര്‍ ചിത്രങ്ങള്‍ നിരന്തരം പുറത്തുവന്നു തുടങ്ങിയത്. ഇതിനെതിരെ കരസേനാ മേധാവി ആഞ്ഞടിക്കുകയും കടുത്ത നടപടിയുണ്ടാകുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തിട്ടും പരാതികള്‍ പുറത്ത് വന്നു കൊണ്ടേയിരിക്കുന്നതിന്റെ അര്‍ഥം വ്യക്തമാണ്. അടക്കി നിര്‍ത്താനാകാത്ത അതൃപ്തിയിലാണ് സൈനികര്‍. സൈനികര്‍ക്ക് പാക്കിസ്ഥാനില്‍ സുഹൃത്തുക്കളുണ്ടെന്ന് ഭൂതക്കണ്ണാടി വെച്ച് കണ്ടെത്തിയത് കൊണ്ടോ അവര്‍ക്ക് ദുരൂഹ സാഹചര്യത്തില്‍ മരണമൊരുക്കിയത് കൊണ്ടോ സൈനിക നേതൃത്വത്തിനും സര്‍ക്കാറിനും ഉത്തരവാദിത്വത്തില്‍ നിന്ന് രക്ഷപ്പെടാനാകില്ല. 1985ല്‍ ഭക്ഷണത്തെക്കുറിച്ച് പരാതിപ്പെട്ട സൈനികനെ കോര്‍ട്ട് മാര്‍ഷലിലൂടെ പുറത്താക്കുകയാണ് സൈനിക നേതൃത്വം ചെയ്തത്. അന്ന് സുപ്രീം കോടതി ഇടപെട്ടതോടെയാണ് ആ ജവാന് ജോലി തിരികെ ലഭിച്ചത്. ഈ സൈനികരെല്ലാവരും വ്യവസ്ഥാപിതമായി പരാതി ഉന്നയിച്ചവരാണ്. ഒരു നടപടിയും ഉണ്ടാകാത്തത് കൊണ്ടാണ് പുറത്ത് പറയുന്നത്. തങ്ങളൊഴിച്ച് മറ്റെല്ലാവരും സൈന്യത്തെ അപമാനിക്കുന്നുവെന്ന് ആക്രോശിക്കുകയും നോട്ട് നിരോധനത്തിന്റെ കെടുതി പറയുമ്പോള്‍ പോലും അതിര്‍ത്തിയിലെ സൈനികരെ ഓര്‍ക്കൂ എന്ന് ആവര്‍ത്തിക്കുകയും ചെയ്യുന്നവര്‍ ഇതു വല്ലതും കാണുന്നുണ്ടോ? സൈനികര്‍ എന്തുകൊണ്ടാണ് ഇങ്ങനെ വേദനയിലും നിരാശയിലും അകപ്പെടുന്നത്? പാളയത്തിനകത്ത് എന്ത് നടക്കുന്നുവെന്ന് രാജ്യം അറിയേണ്ടതില്ലേ? സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ ഊറ്റം കൊള്ളുന്നവരാണ് കേന്ദ്രം ഭരിക്കുന്നത്. തന്റെ പിതാവിനെ കൊന്നത് പാക്കിസ്ഥാനല്ല യുദ്ധമാണെന്ന് വിളിച്ചു പറഞ്ഞ വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണി മുഴക്കിയവരാണ് ഈ ഭരണകര്‍ത്താക്കളുടെ യുവതലമുറ. അതിര്‍ത്തി പോസ്റ്റിലെ അപായങ്ങളെ കുറിച്ച് വൈകാരികമായി പ്രതികരിക്കുന്നവരാരും ഈ സൈനികരുടെ വേദന കാണാത്തതെന്താണ്?

---- facebook comment plugin here -----

Latest