ശിവസേനയുടെ സദാചാര ഗുണ്ടായിസം; എസ്‌ഐക്ക് സസ്‌പെന്‍ഷന്‍, എട്ട് പൊലീസുകാരെ സ്ഥലം മാറ്റി

Posted on: March 8, 2017 9:59 pm | Last updated: March 9, 2017 at 3:47 pm

കൊച്ചി: ശിവസേനയുടെ സദാചാര ഗുണ്ടായിസം തടയുന്നതില്‍ വീഴ്ച വരുത്തിയ കൊച്ചി സെന്‍ട്രല്‍ എസ്‌ഐക്കു സസ്‌പെന്‍ഷന്‍. ശിവസേനക്കാരുടെ അക്രമം കണ്ടുനിന്ന എട്ടു പോലീസുകാരെ എആര്‍ ക്യാമ്പിലേക്കു സ്ഥലം മാറ്റുകയും ചെയ്തിട്ടുണ്ട്.

ഇന്ന് വൈകിട്ട് മൂന്നോടെയാണ് മറൈന്‍ഡ്രൈവില്‍ ഒന്നിച്ചിരുന്ന യുവതീ യുവാക്കള്‍ക്കും കുടുംബങ്ങള്‍ക്കും നേര്‍ക്ക് ശിവസേനാ പ്രവര്‍ത്തകര്‍ സദാചാര ഗുണ്ടായിസം നടത്തിയത്. ഒന്നിച്ചിരുന്നവരെ ശിവസേന പ്രവര്‍ത്തകര്‍ ചൂരല്‍കൊണ്ട് അടിച്ചു. മറൈന്‍ ഡ്രൈവ് ശുദ്ധീകരിക്കുക, ലൈംഗിക അതിക്രമങ്ങള്‍ തടയുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ശിവസേനയുടെ കൊച്ചി യൂണിറ്റ് നടത്തിയ പ്രകടനത്തിനിടെയായിരുന്നു ആക്രമണം. പ്രകടനത്തിന് പോലീസിന്റെ അനുമതിയുണ്ടായിരുന്നു. എന്നാല്‍ ഇതിനിടെ പ്രവര്‍ത്തകര്‍ യുവതീ യുവാക്കളെയും കുടുംബങ്ങളെയും ആക്രമിക്കുകയായിരുന്നു. പോലീസ് നോക്കി നില്‍ക്കെയാണ് ശിവസേനയുടെ അഴിഞ്ഞാട്ടം. ചൂരലിന് അടി കിട്ടിയവരില്‍ ദമ്പതികളും ഉണ്ടായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.