Connect with us

Sports

ആറെണ്ണം തിരിച്ചടിക്കുമെന്ന് ബാഴ്‌സ കോച്ച്‌

Published

|

Last Updated

ബാഴ്‌സലോണ: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ബാഴ്‌സലോണയുടെ വിധി ഇന്നറിയാം. ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിക്കണമെങ്കില്‍ ഫ്രാന്‍സ് ക്ലബ്ബ് പി എസ് ജിക്കെതിരെ നാല് ഗോളുകളുടെ കടം വീട്ടേണ്ടതുണ്ട് ബാഴ്‌സക്ക്. പ്രീക്വാര്‍ട്ടറിന്റെ ആദ്യ പാദത്തില്‍ പി എസ് ജിയുടെ ഗ്രൗണ്ടില്‍ 4-0ന് തകര്‍ന്നിരുന്നു ബാഴ്‌സ. ഹോംഗ്രൗണ്ടില്‍ മെസിയും സംഘവും ശക്തമായി തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ബാഴ്‌സ ആരാധകര്‍.

കോച്ച് ലൂയിസ് എന്റിക്വെ ആത്മവിശ്വാസത്തിന്റെ ആള്‍രൂപമായി ബാഴ്‌സ താരങ്ങള്‍ക്ക് പ്രകാശമേകുന്നു. നാലല്ല, ആറെണ്ണം വേണമെങ്കില്‍ തന്റെ ടീം അടിക്കുമെന്നാണ് എന്റിക്വെയുടെ വാദം. 95 മിനുട്ട് മത്സരം ശേഷിക്കുകയാണ്, തിരിച്ചുവരാന്‍ ഈ സമയം ധാരാളം.

ആദ്യ പാദത്തില്‍ സംഭവിച്ച പിഴവുകള്‍ തിരിച്ചറിയുന്നു. പോസിറ്റീവായാണ് ടീം ചിന്തിക്കുന്നത്. വിജയിക്കണം, അതിനുള്ള മാര്‍ഗങ്ങള്‍ മാത്രമാണ് ചര്‍ച്ച ചെയ്യുന്നത്. ഒരു ടീം ഞങ്ങള്‍ക്കെതിരെ നാല് ഗോളുകള്‍ അടിച്ചെങ്കില്‍ ആ ടീമിനെതിരെ ആറെണ്ണം തിരിച്ചടിക്കാനുള്ള കെല്‍പ്പ് ഞങ്ങള്‍ക്കുണ്ട്. ഈ ടീം നേരത്തെ ഇത്തരം പ്രകടനങ്ങളിലൂടെ ഇതെല്ലാം തെളിയിച്ചതാണ്. ഒന്നും നഷ്ടപ്പെടാനില്ലാത്ത അവസ്ഥയില്‍ ഏറ്റവും മികച്ച പ്രകടനം പ്രതീക്ഷിക്കാം – ബാഴ്‌സ കോച്ച് പറയുന്നു.

സൂപ്പര്‍ താരം ലയണല്‍ മെസിയുടെ തകര്‍പ്പന്‍ ഫോമിനെ അനുസരിച്ചിരിക്കും നൗകാംപില്‍ ബാഴ്‌സയുടെ തിരിച്ചുവരവ്. ലാ ലിഗയില്‍ കഴിഞ്ഞ മത്സരത്തില്‍ മെസി തകര്‍ത്താടിയത് കുറച്ചൊന്നുമല്ല കോച്ച്ിനെയും സഹതാരങ്ങളെയും ആവേശത്തിലാഴ്ത്തുന്നത്.

സ്‌ട്രൈക്കര്‍ ലൂയിസ് സുവാരസ് പറയുന്നത് മെസിയെ തടയുക ഒരു പ്രതിരോധത്തിനും സാധിക്കുന്നതല്ലെന്നാണ്. പി എസ് ജിയെ നേരിടാന്‍ ടീം തയ്യാറായിക്കഴിഞ്ഞു. ക്ഷമയോടെ ഞങ്ങള്‍ കളിക്കും വിജയം മാത്രം ലക്ഷ്യമിട്ട് – സുവാരസ് മുന്നറിയിപ്പ് നല്‍കുന്നു.
മറ്റൊരു മത്സരത്തില്‍ ബൊറുസിയ ഡോട്മുണ്ട്-ബെന്‍ഫിക്കയെ നേരിടും. ആദ്യ പാദം ബെന്‍ഫിക്ക 1-0ന് ജയിച്ചിരുന്നു.