മാവോയിസ്റ്റ് ബന്ധം; ഡല്‍ഹി സര്‍വകലാശാലാ പ്രൊഫസര്‍ക്ക് ജീവപര്യന്തം

Posted on: March 8, 2017 5:03 am | Last updated: March 8, 2017 at 1:03 am

ന്യൂഡല്‍ഹി: മാവോയിസ്റ്റ് ബന്ധത്തെ തുടര്‍ന്ന് ഡല്‍ഹി സര്‍വകലാശാലാ പ്രൊഫസര്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് ജീവപര്യന്തം തടവ്. ഡല്‍ഹി സര്‍വകലാശാലക്ക് കീഴിലുള്ള രാംലാല്‍ ആനന്ദ് കോളജിലെ ഇംഗ്ലീഷ് വിഭാഗം പ്രൊഫസറായ ജി എന്‍ സായിബാബ ഉള്‍പ്പെടെയുള്ള അഞ്ച് പേര്‍ക്കാണ് മഹാരാഷ്ട്രയിലെ ഗാഡ്ചിറോലി കോടതി ശിക്ഷ വിധിച്ചത്. യു എ പി എ നിയമപ്രകാരമാണ് ശിക്ഷ വിധിച്ചത്.

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് 2014ലാണ് സായിബാബ അറസ്റ്റിലാകുന്നത്. നാഗ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍ 14 മാസം കിടന്ന ഇദ്ദേഹത്തിന് ആരോഗ്യപരമായ കാരണങ്ങള്‍ കൊണ്ട് 2015 ജൂലൈയില്‍ ജാമ്യം ലഭിച്ചു. എന്നാല്‍, അതേവര്‍ഷം ഡിസംബറില്‍ ജാമ്യം റദ്ദാക്കി വീണ്ടും ജയിലിലടച്ചെങ്കിലും ഈ മാസം ആദ്യം സുപ്രീം കോടതി ജാമ്യം അനുവദിച്ചിരുന്നു. തൊണ്ണൂറ് ശതമാനത്തോളം ശാരീക വൈകല്യം നേരിടുന്നയാളാണ് സായിബാബ.
കേസില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്ന് ഡല്‍ഹി സര്‍വകലാശാല ഇദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. തിരിച്ചെടുക്കണമെന്ന ആവശ്യം സര്‍വകലാശാല തള്ളുകയായിരുന്നു.