Connect with us

Kerala

ജയില്‍ വകുപ്പില്‍ സീനിയോറിറ്റി മറികടന്ന് ഇഷ്ടക്കാര്‍ക്ക് സ്ഥാനക്കയറ്റം നല്‍കാന്‍ നീക്കം

Published

|

Last Updated

കോട്ടയം: ജയില്‍ വകുപ്പില്‍ സീനിയോറിറ്റി ലിസ്റ്റ് മറികടന്ന് ഇഷ്ടക്കാര്‍ക്ക് സ്ഥാനക്കയറ്റം നല്‍കുന്നു. ഏറ്റവും ഒടുവില്‍ കോടതി നിര്‍ദേശവും സര്‍ക്കാര്‍ ഉത്തരവും മറികടന്ന് വാര്‍ഡര്‍ എസ്റ്റാബ്ലിഷ്‌മെന്റ് സീനിയോറിറ്റി ലിസ്റ്റും അട്ടിമറിച്ച് അസി.സൂപ്രണ്ട് തസ്തികയില്‍ സ്ഥാനക്കയറ്റം നല്‍കാനാണ് ഉദ്യോഗസ്ഥ തലത്തില്‍ നീക്കം. നാല്‍പ്പതോളം വരുന്ന ജൂനിയര്‍ ഉദ്യോഗസ്ഥര്‍ക്ക് സര്‍വീസ് ചട്ടങ്ങള്‍ കാറ്റില്‍ പറത്തി സ്ഥാനക്കയറ്റം നല്‍കാനാണ് നീക്കം സജീവമായിരിക്കുന്നത്. ഈ നീക്കം അര്‍ഹരായ നിരവധി പേരുടെ പ്രമോഷനെ ബാധിക്കുകയും ചെയ്യും. പുതിയ തീരുമാനം ഉന്നതതലത്തില്‍ ശക്തമായതോടെ മൂന്ന് മേഖലയിലെ ആയിരത്തോളം ഉദ്യോഗസ്ഥര്‍ ഇപ്പോള്‍ ആശങ്കയിലാണ്. സ്ഥാനക്കയറ്റം തരപ്പെടുത്താന്‍ ജയില്‍ വകുപ്പില്‍ പ്രത്യേക ലോബി തന്നെ പ്രവര്‍ത്തിക്കുന്നുവെന്ന ആരോപണവും ശക്തമാണ്. ജയില്‍ വകുപ്പില്‍ അസി.പ്രിസണ്‍ ഓഫീസര്‍ (പഴയ വാര്‍ഡര്‍ തസ്തിക) തസ്തികയില്‍ നിയമനം നടത്തുന്നത് മേഖലാടിസ്ഥാനത്തിലാണ്.

രണ്ട് വര്‍ഷത്തിന് ശേഷം പ്രൊബേഷന്‍ ഡിക്ലയര്‍ ചെയ്യുമ്പോള്‍ തന്നെ തൊട്ടടുത്ത തസ്തികയായ ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസറായി ചില മേഖലകളിലുള്ളവര്‍ക്ക് മാത്രമായി നടപടികള്‍ പൂര്‍ത്തീകരിക്കുകയാണെന്നും ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു. കണ്ണൂര്‍ മേഖലയില്‍ സ്ഥാനക്കയറ്റം ലഭിക്കുമ്പോള്‍ തിരുവനന്തപുരം, വിയ്യൂര്‍ മേഖലയിലെ ഉദ്യോഗസ്ഥര്‍ പതിനഞ്ച് വര്‍ഷത്തോളം ഇതിനായി കാത്തിരിക്കേണ്ട സ്ഥിതിയാണ്. വിയ്യൂര്‍ മേഖലയില്‍ അഞ്ച് വര്‍ഷം സേവനം പൂര്‍ത്തിയാക്കി കണ്ണൂര്‍ മേഖലയിലേക്ക് സ്ഥലംമാറ്റം വാങ്ങി പോയ ചില അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍മാര്‍ക്ക് സ്ഥാനക്കയറ്റം ലഭിച്ചിട്ട് പോലും വിയ്യൂര്‍ യൂനിറ്റിലെ സീനിയര്‍ ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റം ലഭിക്കുന്നില്ല. ഇതേത്തുടര്‍ന്ന് അള്‍ഹതപ്പെട്ട സീനിയോറിറ്റി അനുവദിക്കണമെന്നാവശ്യപ്പെട്ട് ഏതാനും അസി.പ്രിസണ്‍ ഓഫീസര്‍മാര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇക്കാര്യത്തില്‍ ഉചിത തീരുമാനം എടുക്കാന്‍ കോടതി ജയില്‍ വകുപ്പ് മേധാവിക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു. ഇതേതുടര്‍ന്ന് 2012 ഡിസംബര്‍ 28 ലെ ജി.ഒ (പി) 337/2012/ ആഭ്യന്തരം എന്ന സര്‍ക്കാര്‍ ഉത്തരവിലുടെ പി എസ് സി, അഡൈ്വസ് തീയതി അടിസ്ഥാനത്തില്‍ വാര്‍ഡര്‍ എസ്റ്റാബ്ലിഷ്‌മെന്റ് (അസി.പ്രിസണ്‍ ഓഫീസര്‍, ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍, ഗേറ്റ് കീപ്പര്‍,പ്രിസണ്‍ ഓഫീസര്‍ )സംസ്ഥാനതല സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിക്കുകയും ചെയ്തു. ഈ ലിസ്റ്റ് പ്രകാരം ജൂനിയര്‍ ഉദ്ദ്യോഗസ്ഥര്‍ക്ക് നിലവില്‍ ഡപ്യൂട്ടി പ്രിസണ്‍ ഓഫീസറായി സ്ഥാനക്കയറ്റം ലഭിക്കുകയും ചെയ്തു. എന്നാല്‍ ഇവരെ അതേ തസ്തികയില്‍ നിലനര്‍ത്തുമെന്നും, എന്നാല്‍ തൊട്ടടുത്ത പ്രൊമോഷന്‍ സംസ്ഥാനതല സീയോറിറ്റി പട്ടികയുടെ അടിസ്ഥാനത്തില്‍ മാത്രമായിരിക്കുമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഈ ലിസ്റ്റില്‍ നിന്നും 2015 ല്‍ 23 ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍മാരെ അസി.സൂപ്രണ്ടുമാരായി സ്ഥാനക്കയറ്റം നല്‍കി ജയില്‍ വകുപ്പ് ഉത്തരവിറക്കി.
എന്നാല്‍ ഇപ്പോള്‍ സര്‍ക്കാറിനെ തെറ്റിദ്ധരിപ്പിച്ച് ചിലര്‍ ഈ ലിസ്റ്റ് അട്ടിമറിച്ചാണ് സ്വന്തക്കാര്‍ക്ക് സ്ഥാനക്കയറ്റം നല്‍കാന്‍ ചരടുവലികള്‍ നടത്തുന്നത്. സര്‍ക്കാര്‍ തലത്തില്‍ അടിയന്തര ഇടപെടല്‍ ഉണ്ടാകുന്നില്ലെങ്കില്‍ വീണ്ടും കോടതിയെ സമീപിക്കാനും ഒരുവിഭാഗം ഉദ്യോഗസ്ഥര്‍ തീരുമാനിച്ചിട്ടുണ്ട്.

Latest