Eranakulam
നടിയെ ആക്രമിച്ച കേസില്‍ അഭിഭാഷക ദമ്പതികളെ സാക്ഷികളാക്കും

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ പ്രതികള്‍ സംഭവത്തിന് ശേഷം ആദ്യമായി കണ്ട അഭിഭാഷക ദമ്പതികളെ കേസിലെ സാക്ഷികളായി പരിഗണിക്കാന്‍ പോലീസ് നടപടികള്‍ തുടങ്ങി. പ്രതികള്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കുന്നതുമായി ബന്ധപ്പെട്ടാണ് നഗരത്തിലെ അഭിഭാഷകനെ സമീപിച്ചത്. നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങളങ്ങിയ മെമ്മറി കാര്‍ഡ് അഭിഭാഷകനെ സുനില്‍കുമാര്‍ ഏല്‍പ്പിച്ചിരുന്നു. അഭിഭാഷകനെ കണ്ട് തെളിവുകള്‍ കൈമാറിയ സമയത്ത് അഭിഭാഷകയായ ഭാര്യയും വീട്ടിലുണ്ടായിരുന്നതിനാലാണ് ഇരുവരെയും കേസിലെ സാക്ഷികളാക്കാന്‍ നടപടി സ്വീകരിച്ചത്.
പിന്നീട് ഈ മെമ്മറി കാര്‍ഡ് കോടതി മുഖേന പോലീസ് തിരുവനന്തപുരത്തെ ഫോറന്‍സിക് ലാബില്‍ പരിശോധനക്ക് അയക്കുകയായിരുന്നു. നടിയെ ഉപദ്രവിച്ച ശേഷം പകര്‍ത്തിയ ദൃശ്യങ്ങള്‍ ഇതിലുണ്ടെന്ന സൂചന ലാബ് അധികൃതര്‍ പോലീസിന് നല്‍കിയിട്ടുണ്ട്. ഇതിന് ശേഷം പോലീസ് നടപടികള്‍ വേഗത്തിലാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് അഭിഭാഷക ദമ്പതികളെ സാക്ഷികളാക്കുന്നത് സംബന്ധിച്ച് നടപടിയിലേക്ക് കടക്കുന്നത്. ലാബില്‍ നിന്ന് പരിശോധനാ റിപ്പോര്‍ട്ട് ഔദ്യോഗികമായി ലഭിച്ച ശേഷം അന്വേഷണ സംഘം അഭിഭാഷക ദമ്പതികളുടെ മൊഴിയെടുക്കും. പള്‍സര്‍ സുനി അഭിഭാഷകന് കൈമാറിയ മെമ്മറി കാര്‍ഡില്‍ ദൃശ്യങ്ങള്‍ കണ്ടെത്തിയതായാണ് തിരുവനന്തപുരത്തെ ഫോറന്‍സിക് ലാബില്‍ നിന്ന് പോലീസിന് അനൗദ്യോഗികമായി ലഭിച്ച വിവരം.
അതേസമയം, പോലീസിന്റെ സാക്ഷിപ്പട്ടികയില്‍ ഉള്‍പ്പെടുന്നതോടെ ഇവര്‍ക്ക് ഈ കേസിലെ പ്രതികള്‍ക്ക് വേണ്ടി കോടതിയില്‍ ഹാജരാകാന്‍ കഴിയില്ല. ഈ സാഹചര്യത്തില്‍ ഈ കേസിലെ പ്രതികളില്‍ ആരുടെയും വക്കാലത്ത് ഏറ്റെടുക്കുന്നില്ലെന്ന് അഭിഭാഷകന്‍ അറിയിച്ചിട്ടുണ്ട്.
അതേസമയം നടി സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ഡ്രൈവറും കേസില്‍ ആദ്യം അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്ത ഡ്രൈവര്‍ മാര്‍ട്ടിന് വേണ്ടി ഹാജരാകാന്‍ ബന്ധുക്കള്‍ അഭിഭാഷകനെ സമീപിച്ചിരുന്നു. മാര്‍ട്ടിന്റെ കുടുംബവുമായുള്ള മുന്‍പരിചയത്തിന്റെ പേരിലായിരുന്നു ഈ നീക്കം. ഇതേതുടര്‍ന്ന് മാര്‍ട്ടിന് വേണ്ടി അപ്പിയറന്‍സ് മെമ്മോ കോടതിയില്‍ നല്‍കുകയും ചെയ്തിരുന്നു.
എന്നാല്‍, പുതിയ സാഹചര്യത്തില്‍ മാര്‍ട്ടിന്റെ വക്കാലത്ത് ഏറ്റെടുക്കാനാകില്ലെന്ന് അഭിഭാഷക ദമ്പതികള്‍ വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തിന് ശേഷം ആലുവയിലെ അഭിഭാഷകനെ സമീപിച്ച് സുനില്‍കുമാര്‍, മണികണ്ഠന്‍, വിജീഷ് എന്നിവര്‍ വക്കാലത്ത് ഒപ്പിട്ടു നല്‍കിയതോടൊപ്പം ഫോണ്‍, മെമ്മറി കാര്‍ഡ്, വിജീഷിന്റെ പാസ്‌പോര്‍ട്ട് എന്നിവയും ഏല്‍പ്പിച്ചിരുന്നു.
എന്നാല്‍, മെമ്മറി കാര്‍ഡില്‍ നടിയെ ഉപദ്രവിക്കുന്നതിന്റെ ദൃശ്യങ്ങളുണ്ടെന്ന വാര്‍ത്തകള്‍ വന്നതോടെ, അഭിഭാഷകന്‍ ഇതു കോടതിയില്‍ സമര്‍പ്പിക്കുകയായിരുന്നു. അതേസമയം, പള്‍സര്‍ സുനി കൊച്ചിയില്‍ താമസിച്ചിരുന്ന വീട്ടില്‍ നിന്നും സുഹൃത്തിന്റെ വീട്ടില്‍ നിന്നും പിടിച്ചെടുത്തവയുള്‍പ്പെടെയുള്ള മെമ്മറി കാര്‍ഡുകളും പെന്‍ഡ്രൈവുകളും പരിശോധനക്കായി പോലീസ് നല്‍കിയിരുന്നു.
എന്നാല്‍ ഇപ്പോള്‍ ദൃശ്യങ്ങള്‍ കണ്ടെത്തിയെന്ന് പറയുന്നത് ആക്രമണ സമയത്ത് ദൃശ്യം പകര്‍ത്താനുപയോഗിച്ച യഥാര്‍ഥ മെമ്മറി കാര്‍ഡ് ഇത് തന്നെയാണോ എന്ന കാര്യത്തില്‍ സ്ഥിരീകരണം വന്നിട്ടില്ല. വിശദമായ ഫോറന്‍സിക് റിപ്പോര്‍ട്ട് രണ്ട് ദിവസത്തിനകം അന്വേഷണ സംഘത്തിന് ലഭിക്കുമെന്നാണറിയുന്നത്.