Connect with us

International

യു എസ് പൗരന്മാരെ വിലക്കുമെന്ന് ഇറാന്‍

Published

|

Last Updated

ടെഹ്‌റാന്‍: ഇറാന്‍ പൗരന്‍മാര്‍ക്ക് അമേരിക്കയിലേക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നടപടിക്ക് പകരമായി തുടരുന്ന പ്രതികാര നടപടികളുടെ ഭാഗമായി അമേരിക്കന്‍ സന്ദര്‍ശകരെ രാജ്യത്തേക്ക് പ്രവേശിക്കുന്നത് വിലക്കുമെന്ന് ഇറാന്‍. ട്രംപിന്റെ മുന്‍ ഉത്തരവിനെ തുടര്‍ന്ന് സ്വീകരിച്ച പ്രതിരോധ നടപടികള്‍ ഇപ്പോഴും നിലനില്‍ക്കുന്നതായും ഇറാന്‍ വിദേശകാര്യ സഹ മന്ത്രി മജീദ് തകാത് ഒരു പൊതു ചടങ്ങില്‍ പറഞ്ഞു. പുതിയ തീരുമാനം എടുക്കേണ്ട ആവശ്യം ഇപ്പോഴില്ലെന്ന് തകാത് പറഞ്ഞതായും വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ഇറാനടക്കം ഏഴ് മുസ്‌ലിം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് അമേരിക്കയില്‍ പ്രവേശനം നിഷേധിച്ചുകൊണ്ടുള്ള ട്രംപിന്റെ ഉത്തരവ് പുറത്തുവന്ന ജനുവരിയില്‍ത്തന്നെ അമേരിക്കക്കാരെ രാജ്യത്തേക്ക് പ്രവേശിപ്പിക്കില്ലെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു. ട്രംപിന്റെ തീരുമാനം നിയമവിരുദ്ധവും യുക്തിസഹമല്ലാത്തതുമാണെന്നും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും ഇറാന്‍ കുറ്റപ്പെടുത്തിയിരുന്നു. യാത്രാ നിരോധം സംബന്ധിച്ച് ട്രംപ് തിങ്കളാഴ്ച ഇറക്കിയ പുതിയ ഉത്തരവില്‍ ഇറാഖിനെ യാത്രാവിലക്കില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ട്രംപിന്റെ യാത്രാനിരോധ ഉത്തരവ് ഫെബ്രുവരിയില്‍ അമേരിക്കന്‍ ഫെഡറല്‍ കോടതി മരവിപ്പിച്ചിരുന്നു.

Latest