Connect with us

Editorial

അക്ബര്‍ എന്ന ഭീകരന്‍ !

Published

|

Last Updated

മതസാഹോദര്യത്തിന്റെയും സഹിഷ്ണുതയുടെയും വക്താവായാണ് അക്ബര്‍ ചക്രവര്‍ത്തി അറിയപ്പെടുന്നത്. സര്‍വ മതസമ്മേളനങ്ങള്‍ വിളിച്ചുകൂട്ടിയും ഒടുവില്‍ എല്ലാ മതങ്ങളിലെയും ചില വശങ്ങള്‍ കൂട്ടിച്ചേര്‍ത്ത് പുതിയ മതം രൂപവത്കരിക്കുകയും ചെയ്ത അക്ബര്‍ ഇസ്‌ലാമിക വിരുദ്ധര്‍ക്ക് പോലും അംഗീകൃതനായിരുന്നു ഇക്കാലമത്രയും. “മഹാനായ ചക്രവര്‍ത്തി” എന്നാണ് അദ്ദേഹത്തെ ചരിത്ര ഗ്രന്ഥങ്ങളെല്ലാം വിശേഷിപ്പിക്കുന്നത്. എന്നാല്‍, രാജസ്ഥാന്‍ വിദ്യാഭ്യാസ മന്ത്രി വാസുദേവ് ദേവ് നാനിക്ക് അദ്ദേഹം ഭീകര പ്രവര്‍ത്തകനാണ്.
അജ്മീറിലെ അക്ബര്‍ കോട്ടയുടെ പേരു മാറ്റവുമായി ബന്ധപ്പെട്ടു ഉയര്‍ന്ന വിവാദങ്ങളോട് പ്രതികരിക്കവെയാണ് വാസുദേവ് ദേവ് നാനിയുടെ പുതിയ വെളിപാട്. 1570-ല്‍ അക്ബര്‍ ചക്രവര്‍ത്തി പണിയിച്ച കോട്ട അദ്ദേഹത്തിന്റെ പേരിലാണ് അറിയപ്പെട്ടിരുന്നത്. നാടുകളുടെയും സ്ഥാപനങ്ങളുടെയും മുസ്‌ലിം പേരുകള്‍ എടുത്തുമാറ്റുക എന്ന സംഘ്പരിവാര്‍ അജന്‍ഡയുടെ ഭാഗമായി രണ്ടു വര്‍ഷം മുമ്പ് ബി ജെ പി സര്‍ക്കാര്‍ കോട്ടക്ക് “അജ്മീര്‍ കോട്ട” എന്നു പുനര്‍നാമകരണം നടത്തുകയുണ്ടായി. ഇതിനെതിരെ മന്ത്രിക്ക് ഭീഷണിക്കത്തു ലഭിച്ചിരുന്നുവത്രേ. ഇക്കാര്യം പരാമര്‍ശിക്കവെയാണ് മന്ത്രി അക്ബറിനെ ഭീകരപ്രവര്‍ത്തകനെന്ന് ആക്ഷേപിച്ചത്. ഇതിന് മുമ്പേ ചരിത്ര പുസ്തകങ്ങളില്‍നിന്നെല്ലാം രാജസ്ഥാനിലെ ബി ജെ പി സര്‍ക്കാര്‍ അക്ബറിന്റെ ചരിത്രം നീക്കം ചെയ്യുകയും അക്ബറല്ല റാണാ പ്രതാപാണ് മഹാനായ ചക്രവര്‍ത്തിയെന്നു പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

ഇന്ത്യയുടെ ആത്മാവാണ് മതേതരത്വവും ബഹുസ്വരതയും. അവയെ തകിടം മറിക്കുന്ന നീക്കമാണ് കേന്ദ്ര സര്‍ക്കാറും സംഘ്പരിവാറും ഇതപര്യന്തം നടത്തിക്കൊണ്ടിരിക്കുന്നത്. മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ഉടനെ വിദ്യാഭ്യാസ മേഖലയിലെ കാവിവത്കരണം ത്വരിതപ്പെടുത്താന്‍ ആര്‍ എസ് എസ് നിര്‍ദേശം നല്‍കിയിരുന്നു. ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ,സാംസ്‌കാരിക മന്ത്രിമാരെ വിളിച്ചുചേര്‍ത്താണ് ഇതു സംബന്ധിച്ചു മാര്‍ഗനിര്‍ദേശം നല്‍കിയത്. വിദ്യാഭ്യാസ മേഖലയില്‍ പൗരാണിക ഹൈന്ദവ ഭരണ കാലത്തെ പരിചയപ്പെടുത്തുന്ന പാഠഭാഗങ്ങള്‍ കൂടിയേ തീരൂ എന്ന് 2015ല്‍ ലക്‌നോ യൂനിവേഴ്‌സിറ്റിയില്‍ ശിവജിയുടെ സ്ഥാനാരോഹണ ചടങ്ങിന്റെ 342-ാം വാര്‍ഷികാഘോഷത്തില്‍ പങ്കെടുത്ത് സംസാരിക്കവെ മാനവ വിഭവശേഷി സഹമന്ത്രി റാം ശങ്കര്‍ കതാരിയ തുറന്നുപറയുകയുണ്ടായി. ശാസ്ത്രം, ഗണിതം, ഭാഷ, വ്യാകരണം, തത്ത്വശാസ്ത്രം എന്നീ മേഖലകളില്‍ പുരാതന ഇന്ത്യ നല്‍കിയ സംഭാവനകള്‍ പാഠപുസ്തകങ്ങളിലും പഠനസഹായികളിലും ഉള്‍പ്പെടുത്താന്‍ മന്ത്രി സ്മൃതി ഇറാനി വിളിച്ചു ചേര്‍ത്ത പ്രത്യേക യോഗത്തില്‍ നിര്‍ദേശം നല്‍കുകയും പൗരാണിക ഹിന്ദു കൃതികളും വേദങ്ങളും ഉപനിഷത്തുകളും പരിശോധിച്ച് അവയില്‍ നിന്ന് പാഠപുസ്തകങ്ങളില്‍ ഉള്‍ക്കൊള്ളിക്കാവുന്ന ഭാഗങ്ങള്‍ തിരഞ്ഞെടുക്കാന്‍ ഒരു കമ്മിറ്റിയെ നിയോഗിക്കാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു.

മുഗള്‍ ചക്രവര്‍ത്തിമാരുള്‍പ്പെടെ ഇന്ത്യ ഭരിച്ച മുസ്‌ലിം രാജാക്കന്മാരെയും മുസ്‌ലിംകളുടെ സംഭാവനകളെയും മാറ്റി നിര്‍ത്തി ഇന്ത്യയെ പഠിക്കാനോ മനസ്സിലാക്കാനോ ഒരു ചരിത്രാന്വേഷിക്ക് സാധിക്കില്ല. ഇന്ത്യയുടെ മഹത്തായ സംസ്‌കാരത്തിലും നാഗരികതയിലും മറ്റാരേക്കാളും മികച്ചു നില്‍ക്കുന്നതാണ് മുസ്‌ലിംകളുടെ സംഭാവനകള്‍. കലാ സാംസ്‌കാരിക രംഗത്ത് മുസ്‌ലികളുടെ പങ്ക് വിളിച്ചോതുന്നതാണ് രാജ്യത്തിന്റെ അഭിമാന സ്തംഭങ്ങളായി തലയുയര്‍ത്തി നില്‍ക്കുന്ന താജ്മഹലും ഡല്‍ഹി ജുമാ മസ്ജിദും ചെങ്കോട്ടയുമെല്ലാം. ജാതീയതയുടെ ചങ്ങലകളില്‍ ബന്ധിതരായിരുന്ന ഇന്ത്യന്‍ ജനതയെ ആ ദുഃസ്ഥിയില്‍ നിന്ന് മോചിപ്പിച്ചത് സൂഫികളും മുസ്‌ലിം രാജാക്കന്മാരുമാണ്. മുസ്‌ലിംകളുടെ സംഭാവനകളുമായി തട്ടിച്ചുനോക്കുമ്പോള്‍ മറ്റു സമുദായങ്ങളുടെയും രാജാക്കന്മാരുടെയും സംഭാവനകള്‍ തുലോം വിരളമാണ്. സത്യസന്ധമായ ചരിത്ര ഗ്രന്ഥങ്ങളെല്ലാം ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. ഇന്ത്യ തങ്ങളുടെതാണെന്ന് അവകാശപ്പെടുകയും രാജ്യത്തിന് ഹിന്ദുത്വത്തിന്റെ മേല്‍പുടവ അണിയിക്കാന്‍ ഇറങ്ങിത്തിരിക്കുകയും ചെയ്ത സംഘ്പരിവാര്‍ പ്രഭൃതികളെ ഈ ചരിത്ര സത്യങ്ങള്‍ വല്ലാതെ അലോസരപ്പെടുത്തുന്നുണ്ട്. ഇതാണ് പാഠപുസ്തകങ്ങളെയും ചരിത്ര ഗ്രന്ഥങ്ങളെയും മാറ്റിയെഴുതാനുള്ള ആര്‍ എസ് എസിന്റെ തീരുമാനത്തിന്റെ പിന്നിലെ വികാരം. പുതിയ തലമുറയും ഇനി ജനിക്കാനിരിക്കുന്നവരും ഇന്ത്യയെ പഠിക്കുകയും വായിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്നതും ഒരു ഹിന്ദുത്വ രാഷ്ട്രമെന്ന നിലയിലായിരിക്കണമെന്നതാണ് അവരുടെ ലക്ഷ്യം. മതന്യൂനപക്ഷങ്ങളെയും അവര്‍ രാജ്യത്തിന് നല്‍കിയ മഹത്തായ സംഭവനകളെയും ചരിത്രത്തില്‍ നിന്നുപോലും തുടച്ചുനീക്കുകയും വേണം. ലോകത്തിനാകെ മാതൃകയാണ് ഇന്ത്യയുടെ മതേതര ചരിത്രം. ഇന്ത്യയും ലോകവും എക്കാലത്തും വായിക്കുന്നതും പഠിക്കുന്നതും ഇന്ത്യയുടെ സത്യസന്ധമായ ചരിത്രമാകണം. ഹിന്ദുവും മുസ്‌ലിമും ക്രിസ്ത്യാനിയും സിഖുകാരനുമെല്ലാം ചേര്‍ന്നതാണ് ഇന്ത്യ. അവരുടെയെല്ലാം സംഭാവനകളാണ് ഇന്ത്യയെ ഇന്ത്യയാക്കിയത്. ഇതില്‍ വെള്ളം ചേര്‍ക്കുന്നത് വരും തലമുറയോടും ചരിത്രത്തോട് തന്നെയും ചെയ്യുന്ന കടുത്ത അപരാധമാണ്. ചരിത്രത്തെ ഇവ്വിധം വ്യഭിചരിക്കുന്നവരാണ് യഥാര്‍ഥത്തില്‍ ഭീകരര്‍.

Latest