ലിബിയയിലെ ഇടപെടല്‍: ആരോപണം തള്ളി ഖത്വര്‍

Posted on: March 7, 2017 11:01 pm | Last updated: March 7, 2017 at 11:01 pm

ദോഹ: ലിബിയയിലെ ആഭ്യന്തര സംഘര്‍ഷങ്ങളില്‍ ഖത്വറിന് പങ്കുണ്ടെന്ന ആരോപണത്തെ വിദേശകാര്യ മന്ത്രാലയം നിശിതമായി അപലപിക്കുകയും തള്ളിക്കളയുകയും ചെയ്തു. ലിബിയന്‍ എണ്ണ തുറമുഖങ്ങളില്‍ സൈനിക കടന്നുകയറ്റത്തെ സംബന്ധിച്ച ലിബിയന്‍ പാര്‍ലിമെന്റ് അംഗങ്ങളുടെ പ്രസ്താവന തീര്‍ത്തും അടിസ്ഥാനരഹിതമാണ്. സഹോദര രാജ്യമായ ലിബിയയോടും ലോകത്തെ മറ്റ് രാഷ്ട്രങ്ങളോടുമുള്ള ഖത്വറിന്റെ നയത്തിനും അടിസ്ഥാന തത്വങ്ങള്‍ക്കും കടകവിരുദ്ധവുമാണ്. തെറ്റിദ്ധരിപ്പിക്കുന്ന ആരോപണങ്ങളാണ് ഉന്നയിച്ചതെന്നും പ്രസ്താവനയില്‍ പറയുന്നു.

എം പിമാരുടെ അവകാശവാദങ്ങള്‍ അമ്പരിപ്പിക്കുന്നതാണ്. ഇരുരാഷ്ട്രങ്ങള്‍ക്കിടയിലെ സാഹോദര്യവും ബന്ധവും ബലപ്പെടുത്താന്‍ സഹായിക്കുന്നതല്ല ഇത്.

2011ല്‍ വിപ്ലവമുണ്ടായത് മുതല്‍ ലിബിയന്‍ ജനതയെ പിന്തുണക്കുന്നതില്‍ മുന്നിലുണ്ടായിരുന്ന രാഷ്ട്രങ്ങളിലൊന്നാണ് ഖത്വര്‍. ലിബിയയില്‍ സംഘര്‍ഷത്തിലായിരുന്ന കക്ഷികള്‍ക്കിടയിലെ രാഷ്ട്രീയ കരാറിന്റെ ഫലങ്ങളെ ഖത്വര്‍ പിന്തുണക്കുകയും ചെയ്തിരുന്നു. ലിബിയന്‍ ജനതയെ പിന്തുണക്കുന്നത് തുടരുമെന്നും മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു.