ഇന്ത്യക്കാരന്‍ വേടിയേറ്റ സംഭവം: എഫ് ബി ഐ അന്വേഷിക്കും

Posted on: March 7, 2017 7:48 am | Last updated: March 7, 2017 at 12:49 am

വാഷിംഗ്ടണ്‍: അമേരിക്കയില്‍ സിഖ് വംശജന് വെടിയേറ്റ സംഭവം എഫ് ബി ഐ അന്വേഷിക്കും. ‘നിന്റെ രാജ്യത്തേക്ക് മടങ്ങിപ്പോകൂ’ എന്ന് ആക്രോശിച്ച് നടത്തിയ ഏകപക്ഷീയമായ ആക്രമണം വ്യാപക പ്രക്ഷോഭത്തിന് കാരണമായതും അക്രമിയെ ഇനിയും കണ്ടെത്താന്‍ പോലീസിന് സാധിക്കാത്തതും എഫ് ബി ഐയെ കേസ് അന്വേഷണത്തിലേക്കെത്തിച്ചു. ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകാനൊരുങ്ങവെ സീറ്റ്‌ലെ കെന്റില്‍വെച്ചാണ് ആക്രമണം ഉണ്ടായത്.

വംശീയവിദ്വേഷത്തിന്റെ ഭാഗമായാണ് ആക്രമണം നടന്നതെന്ന് എഫ് ബി ഐ വക്താവ് അറിയിച്ചു. അക്രമിയെ ഉടന്‍ കണ്ടെത്തണമെന്നും അടുത്തിടെ ഇത്തരത്തിലുള്ള വംശീയ ആക്രമണങ്ങള്‍ വര്‍ധിച്ചുവരികയാണെന്നും ഔദ്യോഗിക വൃത്തങ്ങള്‍ ചൂണ്ടിക്കാണിച്ചു. അന്വേഷണത്തിനാണ് കൂടുതല്‍ പ്രാമുഖ്യം നല്‍കുന്നതെന്നും അക്രമിക്കായി തിരച്ചില്‍ നടത്തുന്നുണ്ടെന്നും പോലീസ് വക്താക്കള്‍ അറിയിച്ചു.
ട്രംപ് അധികാരത്തിലേറിയ ശേഷം മുസ്‌ലിംകള്‍, കറുത്തവര്‍ഗക്കാര്‍, ഇന്ത്യക്കാരടക്കമുള്ള വിദേശികള്‍, അഭയാര്‍ഥികള്‍ എന്നിവര്‍ക്കെതിരെ വ്യാപകമായ ആക്രമണങ്ങളാണ് നടന്നത്. അടുത്തിടെ കാന്‍സാസിലുണ്ടായ വെടിവെപ്പില്‍ ഇന്ത്യക്കാരനായ എന്‍ജിനീയര്‍ കൊല്ലപ്പെട്ടിരുന്നു.

ഇന്ത്യക്കാരെ ലക്ഷ്യംവെച്ച് ആക്രമണം വ്യാപിച്ചതോടെ ഉത്കണ്ഠയുമായി ഇന്ത്യ രംഗത്തെത്തിയിട്ടുണ്ട്. വിഷയത്തില്‍ ഇന്ത്യന്‍ എംബസിയും വിദേശകാര്യ മന്ത്രി സുഷമ സ്വരാജും രംഗത്തെത്തിയിരുന്നു.
ഇന്ത്യക്കാര്‍ക്ക് നേരെ പ്രകോപനപരമല്ലാതെ നടക്കുന്ന ആക്രമണങ്ങള്‍ വ്യാപിക്കുന്നതോടെ അമേരിക്കയിലെ പ്രവാസി ഇന്ത്യക്കാര്‍ ഭീതിയിലായിട്ടുണ്ട്. ഏത് സമയത്തും ആക്രമണം നടക്കാമെന്ന സാഹചര്യമാണ് അമേരിക്കയിലുള്ളതെന്ന് ഇവിടുത്തെ ഇന്ത്യക്കാര്‍ പറയുന്നു. വിവിധ തൊഴില്‍ മേഖലയിലായി ലക്ഷക്കണക്കിന് ഇന്ത്യക്കാരാണ് അമേരിക്കയില്‍ ജീവിക്കുന്നത്.