Connect with us

Kerala

സാധ്യമായിടങ്ങളില്‍ നിന്നെല്ലാം അരി ലഭ്യമാക്കും: മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്ത് അരി ലഭ്യത ആശങ്കയില്ലാത്ത വിധം ഉറപ്പാക്കുമെന്നും സാധ്യമായിടങ്ങളില്‍ നിന്നെല്ലാം സംസ്ഥാനത്ത് അരി ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം ഏണിക്കരയില്‍ കരകുളം സര്‍വീസ് സഹകരണ ബേങ്കിന്റെ ആഭിമുഖ്യത്തില്‍ ആരംഭിച്ച സഹകരണ അരിക്കടയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
വിലക്കയറ്റം തടയാന്‍ പൊതുവിപണിയില്‍ ഇടപെടുന്ന നിലപാടാണ് എല്‍ ഡി എഫ് സര്‍ക്കാറിന്റേത്. ഇടതു സര്‍ക്കാറുകള്‍ കാലാകാലങ്ങളില്‍ സ്വീകരിച്ചിട്ടുള്ള പ്രഖ്യാപിത നയവും ഇതാണ്. വില നിയന്ത്രിക്കാനും ആവശ്യത്തിന് അരി എത്തിക്കാനും സര്‍ക്കാര്‍ നടപടിയെടുത്തു കഴിഞ്ഞു. കണ്‍സ്യൂമര്‍ഫെഡും സപ്ലൈകോയും നിലവില്‍ മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് അരി എത്തിച്ച് കുറഞ്ഞ നിരക്കില്‍ വിതരണം ചെയ്യുന്നുണ്ട്. ഇതിനുപുറമെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് അരി ലഭിക്കാനുള്ള സാഹചര്യവുമുണ്ട്. ആവശ്യമെങ്കില്‍ അരി ഭക്ഷണം ഉപയോഗിക്കുന്ന വിദേശ രാജ്യങ്ങളില്‍ നിന്നും ഫലപ്രദമായി അരി കേരളത്തിലെത്തിക്കാനുള്ള ശ്രമങ്ങളും സര്‍ക്കാര്‍ നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

എഫ് സി ഐയില്‍നിന്ന് വാങ്ങുന്ന അരി സംസ്ഥാനത്ത് കുറഞ്ഞ വിലയില്‍ ലഭ്യമാക്കുന്നുണ്ട്. ഇതോടൊപ്പം സപ്ലൈകോ ആരംഭിച്ചിട്ടുള്ള അരിക്കടകള്‍ കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. സഹകരണ സംഘങ്ങള്‍ വഴി 25 രൂപ നിരക്കില്‍ അരി വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചുകഴിഞ്ഞു.ഓരോ ജില്ലയിലും നിശ്ചിത എണ്ണം സഹകരണ സംഘങ്ങളെ ഇതിനായി തിരഞ്ഞെടുത്ത് നിയോഗിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മാവേലി സ്‌റ്റോറുകള്‍ മുഖേന വിതരണം ചെയ്യുന്ന 13 നിത്യോപയോഗ സാധനങ്ങളുടെ വില വരുന്ന അഞ്ച് വര്‍ഷത്തില്‍ വര്‍ധിപ്പിക്കില്ലെന്ന പ്രഖ്യാപിത നയത്തോടെയാണ് സര്‍ക്കാര്‍ അധികാരത്തിലെത്തിയത്. ഇതു വരെ ഒരു രൂപ പോലും നിത്യോപയോഗ സാധനങ്ങള്‍ക്ക് വര്‍ധന വരുത്തിയിട്ടില്ല. വില പിടിച്ചു നിര്‍ത്തുമെന്ന നിലപാട് പൂര്‍ണായും നടപ്പാക്കാന്‍ ഗവണ്‍മെന്റിന് കഴിഞ്ഞിട്ടുമുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തില്‍ നിത്യോപയോഗ സാധനങ്ങളുടെ ലഭ്യത കൂടുതല്‍ ഉറപ്പാക്കുന്നതിനായി മാവേലി സ്‌റ്റോറുകള്‍ ഇല്ലാത്ത എല്ലാ പഞ്ചായത്തുകളിലും മാവേലി സ്‌റ്റോറുകള്‍ ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.