കെ എസ് ഇ ബിക്ക് കിട്ടാനുള്ളത് 416 കോടി

Posted on: March 7, 2017 8:10 am | Last updated: March 7, 2017 at 12:11 am

പാലക്കാട്: സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുമ്പോഴും കെ എസ് ഇ ബി ബില്‍കുടിശ്ശിക ഇനത്തില്‍ പിരിഞ്ഞു കിട്ടാനുള്ളത് കോടികള്‍. വ്യാവസായികാടിസ്ഥാനത്തില്‍ വൈദ്യുതി കണക്ഷനുള്ള സംസ്ഥാനത്തെ വിവിധ സ്വകാര്യ കമ്പനികള്‍ 416 കോടിയിലധികം രൂപയാണ് വൈദ്യുതിബില്‍ ഇനത്തില്‍ സര്‍ക്കാറിന് നല്‍കാനുള്ളതെന്ന് രേഖകള്‍ വ്യക്തമാക്കുന്നു.

പ്രമുഖ സ്റ്റീല്‍നിര്‍മാണ കമ്പനികള്‍, റബര്‍ ഫാക്ടറികള്‍, ടെക്‌സ്‌റ്റൈല്‍സ് സ്ഥാപനങ്ങള്‍, ആശുപത്രികള്‍, ഹോട്ടലുകള്‍, ഇരുമ്പുരുക്ക് കമ്പനികള്‍ എന്നിവ കുടിശ്ശികയുടെ പട്ടികയിലുണ്ട്. ഇതില്‍ 50 കോടി രൂപയിലധികം തുകയുടെ വൈദ്യുതി ബില്ലുകള്‍ ഒടുക്കാത്ത സ്വകാര്യ സ്ഥാപനംവരെയുണ്ട്. പത്ത് കോടി രൂപയിലധികം വൈദ്യുതി ബില്‍ കുടിശ്ശികയുള്ള പത്തിലേറെ സ്വകാര്യ സ്ഥാപനങ്ങളാണ് കെ എസ് ഇ ബിയുടെ തന്നെ കണക്കിലുള്ളത്. ഇങ്ങനെ ലക്ഷങ്ങളുടെ വൈദ്യുതി ബില്‍ കുടിശ്ശികയിലുള്ള 797 സ്വകാര്യസ്ഥാപനങ്ങള്‍ സര്‍ക്കാറിന് നല്‍കാനുള്ളത് 416,1568,479 രൂപയാണ്.

2016 അവസാനപാദ കണക്കിലാണ് ഇത് സൂചിപ്പിക്കുന്നത്. ഒരു കോടി രൂപയിലേറെ 43 സ്ഥാപനങ്ങള്‍ക്ക് വൈദ്യുതി ബില്‍ കുടിശികയുള്ളതായി പട്ടിക സൂചിപ്പിക്കുന്നു. 2010ല്‍ സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ ബില്‍കുടിശ്ശികയുള്ളവ പിരിച്ചെടുക്കണമെന്നും ഇതുസംബന്ധിച്ച് എടുത്ത നടപടികളും കമ്മീഷന്‍ അറിയിക്കണമെന്നും ഉത്തരവില്‍ പറയുന്നുണ്ട്. കുടിശ്ശിക ലഭിക്കാത്തത് മൂ ലം കെ എസ് ഇ ബി സാമ്പത്തിക പ്രതിസന്ധി നേരിട്ടപ്പോഴാണ് കമ്മീഷന്‍ ഉത്തരവിറക്കിയത്. ഇത്തരം ഉത്തരവുകള്‍ നിലനില്‍ക്കുമ്പോഴും പല സ്ഥാപനങ്ങളുടെയും വൈദ്യുതി ബില്‍ കുടിശ്ശിക തുക കൂടി വരുന്നത് കെ എസ് ഇ ബി യുടെ കാര്യക്ഷമമില്ലാത്ത പ്രവര്‍ത്തനമാണ് സൂചിപ്പിക്കുന്നതെന്നും പറയപ്പെടുന്നു. സ്വകാര്യ വന്‍കിട വ്യവസായ സ്ഥാപനങ്ങള്‍ക്ക് വൈദ്യുതി വ്യവസായികാടിസ്ഥാനത്തില്‍ വന്‍ ഇളവുകളോടെയാണ് നല്‍കുന്നത്. ഇതിന് പുറമെ വൈദ്യുതി മോഷണവും നടക്കുന്നുണ്ട്. കഞ്ചിക്കോട്ടെ ഇരുമ്പുരുക്ക് കമ്പനികള്‍ വന്‍തോതിലാണ് വൈദ്യുതി മോഷണവും ഉപഭോഗവും നടക്കുന്നതെന്ന് കെ എസ് ഇ ബി അധികൃതര്‍ തന്നെ പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ടായിരുന്നു. വൈദ്യുതി പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലും ഇരുമ്പുരുക്ക് കമ്പനികളുടെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ തുടരുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതിന് പുറമെയാണ് കെ എസ് ഇ ബിക്ക് നല്‍കാനുള്ള കുടിശ്ശിക കളുടെ കണക്കുകളും പുറത്ത് വന്നിരിക്കുന്നത്.